above post ad local

സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം : രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ പകുതിയിലധികം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ പകുതിയിലധികം കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ 37 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണം കൂടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ച കേസുകളുടെ 51.51 ശതമാനവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ കേരളത്തിലെ 11 ജില്ലകളും തമിഴ്നാട്ടിലെ ഏഴ് ജില്ലകളും ഉൾപ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളിൽ കോവിഡ് കേസുകളുടെ വർധന റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

11 സംസ്ഥാനങ്ങളിലെ 44 ജില്ലകളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 10 ശതമാനത്തിന് മുകളിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് പോസിറ്റീവ് ആയ വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിൻറെ തോത് (റീപ്രൊഡക്ഷൻ റേറ്റ്) അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിന് മുകളിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. രോഗവ്യാപനതോത് ചില സംസ്ഥാനങ്ങളിൽ വർധിക്കുന്നത് ആശങ്കാജനകമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്താറായില്ലെന്നും കേന്ദ്ര സർക്കാർ വിലയിരുത്തി. ഡെൽറ്റ വകഭേദം രാജ്യത്ത് 86 പേരിൽ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതിന് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 34 കേസുകൾ ഉൾപ്പെടെയാണിത്.

അതേസമയം, രാജ്യത്ത് 28,204 കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,19,98,158 ആയി. സജീവ കേസുകളടെ എണ്ണം 3,88,508 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 373 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,28,682 ആയി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.