above post ad local

വയനാട് മെഡിക്കൽ കോളേജിന് ബൈപാപ് വെന്റിലേറ്ററുകൾ കൈമാറി

0

മാനന്തവാടി: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനായി സംസ്ഥാനമൊട്ടാകെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജിന് ലഭിച്ച ബൈപാപ് വെന്റിലേറ്ററുകൾ മാനന്തവാടി എം എൽ എ ശ്രീ ഓ. കെ കേളു ഏറ്റുവാങ്ങി, ജില്ലാ ആശുപത്രി സൂപ്രണ്ടിന് കൈമാറി.

തൃശൂർ മെഡിക്കൽ കോളേജ് രണ്ടാം ബാച്ച് പ്രവാസി കൂട്ടായ്മയും യു.എസ്. മലയാളി വനിതാ കൂട്ടായ്മയായ ‘പുണ്യ’വും ചേർന്ന് സംഭാവന ചെയ്ത വെന്റിലേറ്ററുകൾ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ചന്ദ്രശേഖരനിൽ നിന്നാണ് എം എൽ എ ഏറ്റുവാങ്ങിയത്.

കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയൊരു കൈത്താങ്ങാണ് ഇത്തരം സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനമെന്ന് ശ്രീ കേളു എംഎൽഎ സൂചിപ്പിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നെടും തൂണായി നിൽക്കുന്ന വയനാട് മെഡിക്കൽ കോളേജിന് ഇനിയും അത് സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജനങ്ങളുടേയും സർക്കാരിന്റേയും സന്നദ്ധ പ്രവർത്തകരുടേയും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ നമുക്ക് കോവിഡിനെ അതിജീവിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സൂപ്രണ്ട് ഡോ. ദിനേഷ് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത്തരം സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രസ്താവിച്ചു. തുടർന്നു സംസാരിച്ച സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ. എ ജില്ലാ സെക്രട്ടറി ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്( സൈക്യാട്രിസ്റ്റ് ജനറൽ ആശുപത്രി കൽപ്പറ്റ ) സംഘടനയുടെ മുതിർന്ന നേതാവും മുൻ ജില്ലാ കൊവിഡ് നോഡൽ ഓഫീസറുമായ ഡോക്ടർ ചന്ദ്രശേഖരന്റെ ശ്രമഫലമായാണ് വെന്റിലേറ്ററുകൾക്ക് ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിക്ക് വെന്റിലേറ്ററുകൾ ലഭ്യമായത് എന്നു പ്രസ്താവിച്ചു. ആശുപത്രിയുടേയും സർക്കാരിന്റേയും പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ മുഴുവൻ പിന്തുണയും എൻ ജി ഓ യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ അജയൻ തന്റെ ആശംസാ പ്രസംഗത്തിൽ വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തന്റെ എളിയ പങ്ക് നിർവഹിക്കാൻ സാധ്യമായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് തുടർന്ന് സംസാരിച്ച ഡോ. ചന്ദ്രശേഖരൻ പറഞ്ഞു. ആർ എം ഒ ഡോ. സക്കീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീ. സി കെ മനോജ് നന്ദി പറഞ്ഞു. കെ ജി എം ഒ എ സംസ്ഥാന സമിതി അംഗം ഡോ. സമീഹ സെയ്തലവി , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമർജ, ഡോ. ബിനിജ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.