above post ad local

ചെലവ് നിരീക്ഷകന് വമ്പന്‍ ചെലവ്: കൂട്ടപ്പരാതിയുമായി ഉദ്യോഗസ്ഥർ

0

മൂന്നാർ:ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവ് നീരീക്ഷകന്റെ പെരുമാറ്റത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരുടെ കൂട്ടപ്പരാതി. നരേഷ് കുമാർ ബൻസാലിനെതിരേയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച 42 സർക്കാർ ഉദ്യോഗസ്ഥർ ഒപ്പിട്ട് പരാതി അയച്ചത്. സംഭവം വിവാദമായതോടെ ജില്ലാ വരണാധികാരികൂടിയായ കളക്ടർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. ജീവനക്കാരനോട് ഷൂ പോളിഷ് ചെയ്തുനൽകാൻ നിർദേശിച്ചെന്നും പരസ്യമായി ഉദ്യോഗസ്ഥരെ നിസ്സാരകാര്യങ്ങൾക്ക്‌ അസഭ്യം പറഞ്ഞെന്നുമാണ് പ്രധാനപരാതി.

മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും സുഗന്ധവ്യഞ്ജനങ്ങളും കരിക്ക് ഉൾപ്പെടെയുള്ള ഭക്ഷണവസ്തുക്കളും പലതവണ വാങ്ങിയശേഷം ജീവനക്കാരെക്കൊണ്ട് പണംകൊടുപ്പിച്ചു, ദേവികുളം താലൂക്കിലെ ഉയർന്ന ഉദ്യോഗസ്ഥനെ, രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കെ പേന വാങ്ങാൻ നിർബന്ധിച്ച് പറഞ്ഞുവിട്ടു, വീഡീയോ സർവൈലൻസ് ടീമിന് അനുവദിച്ച വാഹനം ഉപയോഗിച്ച് അനുമതിയില്ലാതെ കുടുംബസമേതം മധുരയ്ക്ക് യാത്രപോയി, പാർട്ടികളെപ്പറ്റി മോശമായി സംസാരിച്ചു, സസ്പെൻഡുചെയ്യുമെന്ന് പതിവായി ഭീഷണിപ്പെടുത്തുന്നു, നാടിനെയും ഭാഷയേയും പതിവായി അധിക്ഷേപിക്കുന്നു തുടങ്ങിയവയാണ് ഉദ്യോഗസ്ഥരുടെ പരാതി.

ഇതിന്റെ പകർപ്പ് കളക്ടർ, വരണാധികാരികൾ എന്നിവർക്കും നൽകി. ഇതോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാകളക്ടർ എച്ച്. ദിനേശനോട് പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതിൻറെയടിസ്ഥാനത്തിൽ കളക്ടർ ഇരുകൂട്ടരുമായും ചർച്ചനടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.