above post ad local

‘എല്ലാം ഓര്‍മയിലുണ്ട്’; പദവികള്‍ തേടിവന്നതാണ് ചരിത്രം-ചര്‍ച്ചയായി ചെന്നിത്തലയുടെ ട്വീറ്റുകള്‍

0

തിരുവനന്തപുരം: ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ ആഴവും രാഷ്ട്രീയ പരിചയ സമ്പത്തിന്റെ പരപ്പും വ്യക്തമാക്കിക്കൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ ട്വീറ്റുകൾ ചർച്ചയാകുന്നു. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഒപ്പമുള്ള ചിത്രങ്ങളിലടെ ഗാന്ധി കുടുംബവുമായുള്ള ബന്ധം എത്ര ദൃഢമായിരുന്നുവെന്ന് പറയാതെ പറയുകയാണ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തിലടക്കം വലിയ അനുഭവ സമ്പത്തുള്ള രമേശ് ചെത്തിത്തല പഴയകാല ജീവിതത്തെ ഓർത്തെടുക്കയാണ് ഈ ചിത്രങ്ങളിലൂടെ. ഡൗൺ മെമ്മറി ലൈൻ എന്ന ഹാഷ് ടാഗിലാണ് രമേശ് ചെന്നിത്തലയുടെ ട്വീറ്റുകൾ.

1984ലെ എൻ.എസ്.യു. ദേശീയ സമ്മേളനത്തിലെ മൂന്ന് മണിക്കൂർ നീണ്ട ഹിന്ദി പ്രസംഗവും അതിനുള്ള ഇന്ദിരയുടെ പ്രശംസയുമാണ് ഒരു ട്വീറ്റ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു യുവ നേതാവ് മുണ്ട് ധരിച്ച് ഹിന്ദിയിൽ നന്നായി സംസാരിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രശംസയും അദ്ദേഹം ട്വീറ്റിലൂടെ ഓർമിക്കുന്നു.

 

82- ൽ ഹരിപ്പാട് മത്സരിക്കുമ്പോൾ പ്രചാരണത്തിനെത്തിയ ഇന്ദിരയുടേയും സ്വീകരിക്കാനെത്തിയ കെ. കരുണാകരനും ഒപ്പമുള്ള ചിത്രത്തിലൂടെ പറക്കാൻ ചിറക് നൽകിയതും പോരാടാൻ ഊർജം നൽകിയതും ഈ നേതാക്കളാണെന്ന് ചെന്നിത്തല അടിവരയിടുന്നു. 1985-ൽ ഐ.വൈ.സി. ഡൽഹിയിൽ സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളിലെ യുവജന സമ്മേളനത്തിന്റെ ചിത്രങ്ങളാണ് മറ്റൊരു ട്വീറ്റ്. സമ്മേളനത്തിന്റെ സെക്രട്ടറി ജനറലാകാൻ രാജീവ് ഗന്ധി അവസരം നൽകിയെന്നും യാസർ അറഫാത്ത് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തുവെന്നും ചെന്നിത്തല ഓർമിക്കുന്നു.

 

കേരളാ ഹൗസിൽ ചെന്നിത്തലയുടെ വിവാഹ സൽക്കാരത്തിന് രാജീവ് ഗാന്ധി എത്തിയതാണ് മറ്റൊരു ചിത്രം. രാജീവ് നൽകിയ നൽകിയ മോതിരമല്ല, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദമായിരുന്നു യഥാർത്ഥ സമ്മാനമെന്നും ചെന്നിത്തല പറയുന്നു. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള വഴികാട്ടി എന്നാണ് രാജീവ് ഗാന്ധിയെ ചെന്നിത്തല വിശേഷിപ്പിക്കുന്നത്.

 

എൻ.എസ്.യു. ദേശീയ അധ്യക്ഷനാകാനുള്ള അപ്രതീക്ഷിത നിയോഗവും മറ്റൊരു ട്വീറ്റിലൂടെ ചെന്നിത്തല ഓർമിക്കുന്നു. 1982ൽ അടുത്ത ദിവസം ഡൽഹിയിലെത്തി തന്നെ കാണണമെന്ന് രാജീവ് ഗാന്ധിയുടെ സന്ദേശം എത്തിയെന്നും വിമാന ടിക്കറ്റിനായി സഹപ്രവർത്തകരാണ് പണം നൽകിയതെന്നും ചെന്നിത്തല പറയുന്നു. എൻ.എസ്.യു.ഐ. പ്രസിഡന്റ് സ്ഥാനമാണ് രാജീവ് ഗാന്ധി കരുതിവെച്ചിരുന്നതെന്നും ചെന്നിത്തല ട്വീറ്റിൽ പറയുന്നു.

 

പദവികൾ തേടിവന്ന ചരിത്രമാണ് തനിക്കുള്ളതെന്നും ഒതുക്കാം പക്ഷേ ഇല്ലാതാക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല ട്വീറ്റുകളിലൂടെ പറഞ്ഞുവെയ്ക്കുന്നു. കൃത്യമായ കണക്കൂകൂട്ടലും ഓർമ്മപ്പെടുത്തലുമെല്ലാം അദ്ദേഹത്തിന്റെ ടീറ്റിൽ പ്രകടമാണ്. പരിചയസമ്പത്ത് വെളിവാക്കുക വഴി ഒപ്പം നിന്ന് കാല് വാരിയവർക്കുള്ള മറുപടി കൂടിയാണ് ഡൗൺ മെമ്മറി ലൈൻ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.