above post ad local

അമ്മയെ ഒരുനോക്കു കാണാനാകാതെ കുഞ്ഞുഫാത്തിമ;ലിഫ്റ്റിൽനിന്നു വീണുമരിച്ച നജീറയ്ക്ക്‌ നാടിന്റെ വിട

0

പത്തനാപുരം (കൊല്ലം) :അമ്മയെ അവസാനമായി ഒരുനോക്കുകാണാൻ ഒന്നരവയസ്സുകാരി അഫ്ന ഫാത്തിമയ്ക്കായില്ല. കൊച്ചുവീടിന്റെ മുറ്റത്ത് കെട്ടിയ ടാർപ്പോളിൻ ഷീറ്റിനുതാഴെ അച്ഛന്റെ മടിയിൽ അവൾ കാര്യമറിയാതെ ഇരിക്കുമ്പോൾ അമ്മ നജീറ അകലെയുള്ള പള്ളിയിലെ കബർസ്ഥാനിൽ മണ്ണോടുചേരുകയായിരുന്നു.

തിരുവനന്തപുരം ആർ.സി.സി.യിൽ തകരാറിലായ ലിഫ്റ്റിൽനിന്നുവീണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ഒരുമാസത്തിലേറെ ചികിത്സയിലായിരുന്ന പത്തനാപുരം കുണ്ടയം ചരുവിളവീട്ടിൽ നജീറ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണശേഷംനടത്തിയ കോവിഡ് ടെസ്റ്റിൽ നജീറ പോസിറ്റീവായതിനെത്തുടർന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മഞ്ചള്ളൂർ കുണ്ടയം ജമാഅത്ത് പള്ളിയിൽ കബറടക്കുകയായിരുന്നു.

മൃതദേഹം വീട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച് നാട്ടുകാർ വീട്ടിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാട്ടിൽ ഏറെനാളായി ഇല്ലാതിരുന്ന നജീറയുടെ ഭർത്താവ് മുഹമ്മദ് ഇസ്മായിൽ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്നു. അച്ഛനോടൊപ്പം ഇരിക്കുന്ന കുഞ്ഞുഫാത്തിമ വീട്ടിലെത്തിയവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു.

ആർ.സി.സി.യിൽ ചികിത്സയിലുള്ള അമ്മ നസീമയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു നജീറ അപകടത്തിൽപ്പെട്ടത്. ആശുപത്രിയുടെ പുറത്തുള്ള മുറിയിൽ മകളെ ഉറക്കിക്കിടത്തിയശേഷമായിരുന്നു നജീറ അമ്മയുടെ അടുത്തേക്കുപോയത്. അപകടമുന്നറിയിപ്പില്ലാത്ത ലിഫ്റ്റിൽനിന്നുവീണ് തലയ്ക്കും തുടയെല്ലിലും മാരകമായ ക്ഷതമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നജീറ മരണത്തോടു മല്ലടിക്കുമ്പോൾ അഫ്ന ഫാത്തിമയെ ബന്ധുക്കൾ നാട്ടിലേക്കുകൊണ്ടുവന്നു.

അച്ഛൻ നേരത്തേ മരിച്ച നജീറയ്ക്ക് സഹോദരങ്ങളില്ല. ജീവിത പ്രാരബ്ധങ്ങളോടു മല്ലിട്ടായിരുന്നു നജീറയുടെയും അമ്മയുടെയും പിന്നീടുള്ള ജീവിതം. നാട്ടുകാർ മുൻകൈയെടുത്ത് നജീറയുടെ വിവാഹം നടത്തിയെങ്കിലും രോഗബാധിതനായ ഭർത്താവ് ഏറെനാളും തമിഴ്നാട്ടിലായിരുന്നു. നാട്ടുകാർ സ്വരൂപിച്ചുനൽകിയ തുകയുമായാണ് അമ്മയുടെ ചികിത്സയ്ക്കായി നജീറ തിരുവനന്തപുരത്തേക്കുപോയത്.

മരണത്തിനു മുൻപേ അനാസ്ഥയുടെ പടുകുഴിയിൽ വീണ് നജീറ

അപകടം മുതൽ മരണം വരെയും പിന്തുടർന്ന അനാസ്ഥകൾക്കൊടുവിൽ നജീറ വിടപറയുമ്പോൾ കുടുംബത്തിനു നഷ്ടമായത് ഏക ആശ്രയം. അപായസൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ടതു മുതൽ ചികിത്സയിലെ വീഴ്ചകൾ വരെ അലംഭാവങ്ങളുടെ പല ഘട്ടങ്ങൾ കടന്നാണ് നജീറ മരണത്തിനു കീഴടങ്ങിയത്. ആർ.സി.സി.യിലെ ലിഫ്റ്റിൽനിന്നു വീണ് പരിക്കേറ്റ നജീറ, ഒരു മാസത്തോളമാണ് ചികിത്സയിൽക്കഴിഞ്ഞത്. അപകടത്തിൽ തലച്ചോറിനു ക്ഷതമേറ്റതായി കണ്ടെത്തിയതാകട്ടെ മരണത്തിന് ഏതാനും നാൾ മുൻപ് മാത്രം.

അമ്മയ്ക്കു കൂട്ടിരിക്കാൻ ആർ.സി.സി.യിലെത്തിയ നജീറ, മേയ് 15-ന് പുലർച്ചെയാണ് ലിഫ്റ്റിൽനിന്നു വീണത്.

കൂട്ടിരിക്കാനെത്തുമെന്നു പറഞ്ഞ് ഏറെ നേരം കഴിഞ്ഞിട്ടും നജീറയെ കാണാതായതോടെ അമ്മ നസീമാ ബീവി അന്വേഷണമായി. നഴ്സ് ഒരു ബന്ധുവിനെ വിളിച്ചപ്പോഴാണ് രാവിലെതന്നെ നജീറ ആശുപത്രിയിൽ വന്നെന്ന വിവരമറിയുന്നത്. ഈ സമയമെല്ലാം നജീറ വേദനകൊണ്ടു പുളഞ്ഞ്, നിലവിളിക്കാൻപോലുമാകാതെ കുഴിയിൽ കിടക്കുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണ് ലിഫ്റ്റിനു താഴെ കിടക്കുന്ന നജീറയെ സെക്യൂരിറ്റി ജീവനക്കാരും കാന്റീൻ ജീവനക്കാരും ചേർന്നു കണ്ടെത്തുന്നത്.

തുടർന്ന്, ആർ.സി.സി. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ഇവരുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. ചികിത്സച്ചെലവ് ആർ.സി.സി. വഹിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയും മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി.

തുടർന്ന് ഇലക്ട്രിക്കൽ വിഭാഗത്തിലെയും സെക്യൂരിറ്റി വിഭാഗത്തിലെയും ഏതാനും ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചതല്ലാതെ ആർ.സി.സി. അധികൃതർ മറ്റൊന്നും ചെയ്തില്ല.

അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തലച്ചോറിനു ക്ഷതമുണ്ടെന്നു കണ്ടെത്താത്തത് ഡോക്ടർമാരുടെ അലംഭാവം മൂലമാണെന്നു പരാതിയുയർന്നു. തലച്ചോറിലെ പരിക്ക് യഥാസമയം കണ്ടെത്തി ന്യൂറോ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു.

അർബുദരോഗിയായ അമ്മ നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നജീറയ്ക്ക് അപകടം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഇസ്മായിൽ ഏറെനാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒന്നര വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നജീറ.

കുടുംബത്തിനു സഹായം നൽകും -മന്ത്രി

ലിഫ്റ്റ് അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കേ മരിച്ച നജീറയുടെ കുടുംബത്തിനു സഹായം നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചതായി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി അറിയിച്ചു. അന്വേഷണത്തെത്തുടർന്ന് ഒരാളെ പിരിച്ചുവിടുകയും രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രികളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുവതിയുടെ കുടുംബത്തിനു സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആർ.സി.സി. നഷ്ടപരിഹാരം നൽകണം -വനിതാ കമ്മിഷൻ

തിരുവനന്തപുരം: ആർ.സി.സി.യിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റിൽനിന്നു വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നജീറ മരിക്കാനിടയായ സംഭവത്തിൽ കേരള വനിതാ കമ്മിഷൻ ആർ.സി.സി. ഡയറക്ടറോട് റിപ്പോർട്ട് തേടും. നിർധന കുടുംബാംഗമായ നജീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആർ.സി.സി. നൽകണമെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.