above post ad local

ഇന്ത്യയിലെ സംഭവവികാസങ്ങളില്‍ യുഎസ് മൗനംപാലിക്കുന്നു- രാഹുല്‍ ഗാന്ധി

0

ന്യൂഡൽഹി: ഇന്ത്യയിലെ സംഭവവികാസങ്ങളെ കുറിച്ച് അമേരിക്ക മൗനംപാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായപ്രകടനം. യുഎസിന്റെ ഭരണഘടനയിൽ സ്വാംശീകരിച്ചിരിക്കുന്ന സ്വാതന്ത്ര്യം മുൻനിർത്തി അമേരിക്കൻ ജനാധിപത്യത്തെ ഗഹനമായ ആശയമായാണ് താൻ കരുതുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ലോകത്തിലെ വിവിധ ജനാധിപത്യവ്യവസ്ഥകളുടെ വീക്ഷണത്തെ കുറിച്ചുള്ള ചർച്ച കടന്നു വന്നപ്പോഴായിരുന്നു രാഹുലിന്റെ യുഎസിനെതിരെയുള്ള പരാമർശം. ചൈനയുടേയും റഷ്യയുടേയും പരുക്കൻ കാഴ്ചപ്പാടിനെതിരെ ജനാധിപത്യവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്ന ബേണിനെ പ്രതിരോധിച്ചു കൊണ്ടാണ് യുഎസ് മൗനം പാലിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയത്.

ആരോഗ്യപരമായ രാഷ്ട്രീയ പോരാട്ടമാണ് പ്രതിപക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഭരണഘടനാസംവിധാനം ഭരണകക്ഷിയായ ബിജെപി മൊത്തമായി കൈപ്പിടിയിലൊതുക്കിയിരിക്കുന്ന അവസ്ഥയിൽ പ്രതിപക്ഷ ഇടപെടൽ ഇന്ത്യയിൽ അസാധ്യമായി തീർന്നിരിക്കുകയാണ്. ആരോഗ്യപരമായ തിരഞ്ഞെടുപ്പിന് സംരക്ഷണം ഉറപ്പു നൽകുന്ന നിയമവ്യവസ്ഥ ആവശ്യമാണ്, സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമമേഖല ഉണ്ടായിരിക്കണം, സമ്പദ്ഘടന ഭദ്രമായിരിക്കണം, എന്നാൽ അതൊന്നും ഇന്ത്യയിൽ ഇപ്പോൾ ഇല്ല, രാഹുൽ പറഞ്ഞു.

ബിജെപിയുടെ പെരുമാറ്റരീതി ഭൂരിഭാഗം ജനങ്ങളേയും ചുരുങ്ങിയ സമയംകൊണ്ട് അതൃപ്തരാക്കിയിരിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ അവരെ ഏകീകരിക്കേണ്ടത് ആവശ്യമാണ്, രാഹുൽ കൂട്ടിച്ചേർത്തു. വികസനോന്മുഖമായ നയങ്ങളിൽ മാത്രം ഊന്നൽ നൽകാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാവും താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നതിനെ കുറിച്ചുള്ള ബേണിന്റെ ചോദ്യത്തിന് രാഹുൽ മറുപടി നൽകി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.