above post ad local

കണ്‍മുന്നില്‍ വസ്തുതകളുള്ളപ്പോള്‍ എന്തിന് പി.ആര്‍ ഏജന്‍സി- വിമർശനത്തിന് മറുപടിയുമായി മന്ത്രി ശൈലജ

കണ്ണൂർ: കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ മേഖലയേയും ആരോഗ്യ പ്രവർത്തകരേയും അപമാനിക്കുന്നതാണ് ചിലരുടെ പ്രസ്താവനയെന്ന് മന്ത്രി കെ.കെ.ശൈലജ. കൺമുമ്പിൽ വസ്തുതകളുള്ളപ്പോൾ ഏത് പിആർ ഏജൻസികളാണ് പുകഴ്ത്തേണ്ടതെന്നും അവർ ചോദിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

 

ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്…

കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളതാണോ ഇപ്പോഴത്തെ ആശുപത്രികളെന്ന് വെറുതേയൊന്ന് സർക്കാർ ആശുപത്രികൾ സന്ദർശിച്ചാൽ മതിയാകും. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ്. മാത്രമല്ല കോവിഡിന്റെ ആദ്യ സമയത്ത് എല്ലാവരേയും ചികിത്സിച്ചത് ഈ സർക്കാർ ആശുപത്രികളും അവിടത്തെ ജീവനക്കാരാണെന്നും ഓർക്കുക. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വളരെ കുറച്ച് ശതമാനം പേരാണ് സർക്കാർ ആശുപത്രികളിൽ പോയിരുന്നത്. ഇപ്പോഴാകട്ടെ 60 ശതമാനത്തിന് മുകളിൽ ജനങ്ങൾ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

ഈ സർക്കാർ അഞ്ച് വർഷം തികഞ്ഞ സമയത്ത് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ. സബ് സെന്റർ മുതൽ മെഡിക്കൽ കോളേജുകൾ വരെ കൺമുമ്പിൽ വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാരിനായി. നിപ, പ്രളയം, ഓഖി, കോവിഡ്19 തുടങ്ങിയ പല നിർണായക സാഹചര്യങ്ങളിലും നമുക്ക് താങ്ങായത് ഈ ശക്തമായ പൊതുജനാരോഗ്യ ശൃംഖലയാണ്.

കിഫ്ബി ധനസഹായത്തോടുകൂടി ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്തി. മെഡിക്കൽ കോളേജുകൾ, കാൻസർ കെയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ഉൾപ്പെടുന്ന 85 പ്രൊജക്ടുകളിൽ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകി. വിവിധ സ്ഥാപനങ്ങൾക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ച് നിർമ്മാണ പ്രവർത്തികൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ചരിത്രത്തിലാദ്യമായി 10,272 തസ്തികകളാണ് സൃഷ്ടിച്ചത്.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് ആരംഭിക്കാൻ പദ്ധതിയിട്ടെന്നാണ് അവർ പറയുന്നത്. നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ മികച്ച സൗകര്യമൊരുക്കാൻ ശ്രമിക്കാതെയാണ് ജില്ലകൾ തോറും മെഡിക്കൽ കോളേജിന്റെ ബോർഡ് വച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങി അടിസ്ഥാന സൗകര്യം പോലുമില്ലാത്തതിനാൽ കുട്ടികളുടെ ഭാവി കൂടി അവർ അവതാളത്തിലാക്കി. ഇപ്പോൾ അതാണോ ഓരോ മെഡിക്കൽ കോളേജിന്റേയും സ്ഥിതി?

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സർക്കാർ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും മികവിന്റെ കേന്ദ്രമാക്കി വരികയാണ്. ഓരോ മെഡിക്കൽ കോളേജിലും ലോകോത്തര ചികിത്സാ നിലവാരത്തിലേക്ക് കൊണ്ടുവരികയാണ്. ഓരോ മെഡിക്കൽ കോളേജിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബി വഴി അത് നടപ്പിലാക്കി വരുന്നു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ മെഡിക്കൽ കോളേജുകളിലെ ഒ.പി.സംവിധാനവും അത്യാഹിത വിഭാഗവും രോഗീ സൗഹൃദമാക്കി വരുന്നു. മെഡിക്കൽ കോളേജുകളിൽ ട്രോമാ കെയർ സംവിധാനങ്ങൾ, കാൻസർ ചികിത്സയ്ക്കു വേണ്ടിയുള്ള സംവിധാനങ്ങൾ, മാതൃ ശിശുവിഭാഗങ്ങൾ, ഹൃദ്രോഗ ചികിത്സാ രംഗം എന്നിവ ശക്തിപ്പെടുത്തി. ആധുനിക ഇമേജിംഗ് സംവിധാനങ്ങൾ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു.
ദേശീയ ആരോഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതാണെന്നോർക്കുക.

രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളിൽ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്. ഇതെല്ലാം പിആർ വർക്കാണോ. കോവിഡ്19 പ്രതിരോധത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. വളരെ കൃത്യമായ പ്ലാനോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. രോഗികളുടെ എണ്ണം കൂടിയപ്പോഴും മരണനിരക്ക് നമുക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞത് നമ്മുടെ ശക്തമായ ആരോഗ്യ അടിത്തറയാണ്.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച 4 മിഷനുകളിലൊന്നായ ആർദ്രം മിഷനാണ് നമ്മുടെ ആരോഗ്യ മേഖലയിൽ കാണുന്ന ഈ വികസനങ്ങൾക്കെല്ലാം അടിസ്ഥാനം. ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ കൊടുത്തു കൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂർണ പരിവർത്തനമാണ് ആർദ്രം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അതിന്റെ ഗുണഫലമാണ് സർക്കാർ ആശുപത്രികളിലെ ഈ മികവ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.