above post ad local

സി.ബി.എസ്.ഇ. മലയാളം സിലബസ് പരിഷ്കരണത്തിൽ ആശങ്ക

വാഴക്കുളം: അടുത്ത അധ്യയന വർഷത്തേക്കുള്ള സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ. വിദ്യാർഥികളോട് കടുത്ത അനീതി കാട്ടുന്നതായി ആക്ഷേപം.

9, 10 ക്ലാസുകളിൽ വർഷങ്ങളായി എസ്.സി.ഇ.ആർ.ടി.യുടെ ‘കേരള പാഠാവലി’യിലെയും ‘അടിസ്ഥാന പാഠാവലി’യിലെയും തിരഞ്ഞെടുത്ത 10 പാഠങ്ങളും ഒരു ഉപപാഠ പുസ്തകവുമായിരുന്നു പഠിപ്പിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇത് ഏഴ് പാoങ്ങളായി ചുരുക്കിയിരുന്നു. എന്നാൽ പരിഷ്കരിച്ച സിലബസിൽ കേരള പാഠാവലിയിലെയും അടിസ്ഥാന പാഠാവലിയിലെയും മുഴുവൻ പാഠങ്ങളുമാണ് ഒമ്പതിലെയും പത്തിലെയും കുട്ടികൾ പഠിക്കേണ്ടത്.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും ഇത്തരത്തിൽ മുഴുവൻ പാoങ്ങളും വിദ്യാർഥികൾ പഠിക്കേണ്ടിവരും.

ഒമ്പതാം ക്ലാസിൽ തുളസി കോട്ടുക്കലിന്റെ ‘തേജസ്വിയായ വാഗ്മി’യും പത്താം ക്ലാസിൽ രാജൻ തുവ്വാരയുടെ ‘ചട്ടമ്പിസ്വാമികൾ -ജീവിതവും സന്ദേശവും’ എന്ന കൃതിയുമാണ് ഉപപാഠ പുസ്തകങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്. അടുത്ത വർഷം ഈ പുസ്തകങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്.

സ്റ്റേറ്റ് സിലബസിൽ കേരള പാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ട്‌ പേപ്പറുകളായാണ് പഠിപ്പിക്കുന്നത്. അതു രണ്ടും ചേർത്ത് ഒറ്റ പേപ്പറായി പഠിപ്പിക്കാനാണ് സി.ബി.എസ്.ഇ. നിർദേശിച്ചിരിക്കുന്നത്.

സി.ബി.എസ്.ഇ. സ്കൂളുകളിൽ രണ്ടാം ഭാഷയായി പഠിപ്പിക്കുന്ന മലയാളമടക്കമുള്ള ഭാഷകൾക്ക് നാമമാത്രമായ പീരിയഡുകൾ മാത്രമാണ് മിക്ക സ്കൂളുകളും നൽകാറുള്ളത്. കുറഞ്ഞ സമയക്രമത്തിൽ രണ്ടു പുസ്തകങ്ങളും പഠിപ്പിച്ചെടുക്കുക ഏറെ ക്ലേശകരമാകും എന്ന ആശങ്കയാണ് മലയാളം അധ്യാപകർ പങ്കുവയ്ക്കുന്നത്.

മലയാളം രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർഥികളെ മാതൃഭാഷയിൽ നിന്ന് അകറ്റാൻ മാത്രമേ ഇത്തരത്തിലുള്ള അശാസ്ത്രീയമായ സിലബസ് പരിഷ്കരണം കൊണ്ട് ഇടയാക്കൂ എന്നാണ് അധ്യാപകർ പറയുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.