above post ad local

കടുംവെട്ട്: തടി സൂക്ഷിച്ചത് മുതിർന്ന സി.പി.ഐ നേതാവെന്ന് വനംവകുപ്പ്

0

ഉപ്പുതറ/അടിമാലി (ഇടുക്കി):പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്റെ മറവിൽ വനംവകുപ്പിന്റെ പരിധിയിൽ വരുന്ന മരങ്ങൾ ഉൾപ്പെടെ വ്യാപകമായി മുറിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിൽ വനം വിജിലൻസിന്റെ പരിശോധനയിൽ ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തി. തൃശ്ശൂരിൽ വനഭൂമിയിൽനിന്ന് അഞ്ഞൂറോളം മരം മുറിച്ചെന്ന വിവരത്തിൽ അന്വേഷണം തുടങ്ങി. അതിനിടെ ഉപ്പുതറയിൽ ഏലമലക്കാട്ടിൽ (കാർഡമം ഹിൽ റിസർവ്) നിന്ന് മുറിച്ചുകടത്തിയ 10 ലോഡ് തടി വെള്ളിലാങ്കണ്ടത്തുനിന്നു വനംവകുപ്പ് പിടികൂടി.

ഉപ്പുതുറ കാഞ്ചിയാർ സെക്‌ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ആൾത്താമസമില്ലാത്ത വീടിനു സമീപമാണ് സൂക്ഷിച്ചിരുന്നത്. മുതിർന്ന സി.പി.ഐ. നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശിയാണ് തടി എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏലം സ്റ്റോറിലേക്കുള്ള വിറകാണെന്നും വാങ്ങിയതിന് വില ചീട്ടുണ്ടന്നും ശശി പറഞ്ഞു. എന്നാൽ, ഒരു അനുമതിയും നൽകിയിട്ടില്ലെന്നും കുറ്റകരമാണെന്നും വനംവകുപ്പ് പറയുന്നു. തടി സർക്കാർ ഏറ്റെടുത്തു.

റവന്യൂവകുപ്പിനെ പ്രതിക്കൂട്ടിലാക്കാൻ വനംവകുപ്പ്

മരംമുറി വിവാദത്തിൽ വില്ലേജ് ഓഫീസർമാർക്കെതിരേ ഇടുക്കി ജില്ലാ കളക്ടർക്ക് കത്തുനൽകി റവന്യൂവകുപ്പിനെ പ്രതിക്കൂട്ടിലാക്കി വനംവകുപ്പ്. ഭൂപതിവ് ചട്ടപ്രകാരം പട്ടയവ്യവസ്ഥകൾ ലംഘിച്ചതിന് ഉടമകൾക്കെതിരേ നടപടി സ്വീകരിക്കാൻ കേസിന്റെ മഹസ്സർ ഷീറ്റ് സഹിതം കളക്ടർക്ക് വനംവകുപ്പ് കത്തുനൽകും.

മൂന്നാർ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻമാർ, പെരിയാർ, പീരുമേട് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർക്കാണ് വന്യജീവി വിഭാഗം കോട്ടയം ചീഫ് കൺസർവേറ്റർ കത്തുനൽകാൻ നിർദേശം നൽകിയത്.

സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് വില്ലേജ് ഓഫീസർമാർമാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് റേഞ്ച് ഓഫീസർമാർ പാസ് നൽകിയത്. ഇവർക്കെതിരേ നടപടിക്കും ഇത്തരം ശുപാർശകൾ ആവർത്തിക്കാതിരിക്കാനും നടപടിയെടുക്കാൻ കളക്ടറോട് ആവശ്യപ്പെടും. പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും പട്ടയഭൂമിയിൽ വളർന്നതുമായ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണെന്നും അറിയിക്കും.

റവന്യൂവകുപ്പിനു മാത്രമായി വീഴ്ചയില്ല

മരംമുറിയിൽ റവന്യൂവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറി സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളിൽ എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്വമുണ്ട്. മന്ത്രിമാരോ വകുപ്പുകളോ തമ്മിലുള്ള തർക്കമായി ഇതിനെ കൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ അത് പുറത്തുകൊണ്ടുവരും. കർഷകരുടെ പ്രശ്നങ്ങൾ ഇപ്പോഴും സർക്കാരിന്റെ മുന്നിലുണ്ട്. ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. വിവാദം നിയമസഭയിലെത്തിയപ്പോൾത്തന്നെ വയനാട് കളക്ടറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണു ലഭിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.