above post ad local

ഓടാമ്പല്‍ ലോക്കിന് സ്വന്തം സാങ്കേതികവിദ്യ, മന്ത്രവാദം ഭയന്ന് വീടുവിട്ടു; 10 വര്‍ഷം പ്രണയിനിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

0

പാലക്കാട്: ശുചിമുറി പോലുമില്ലാത്ത രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന കൊച്ചുമുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ സംരക്ഷിച്ച യുവാവിന്റെ കഥ ഇപ്പോഴും ആർക്കും വിശ്വസിക്കാനാവുന്നില്ല. എന്നാൽ, തന്നെ വിശ്വസിച്ചിറങ്ങി വന്ന പ്രണയിനിയെ കഴിഞ്ഞ 10 വർഷക്കാലവും യുവാവ് കാത്തത് പൊന്നു പോലെയാണെന്നതാണ് സത്യം. ഇതുവരെ കേട്ടുകേൾവിയില്ലാത്ത, സിനിമയെ വെല്ലുന്ന ആ സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ…

സൗഹൃദം പ്രണയമാകുന്നു, വീട് വിട്ടിറങ്ങി യുവതി

പാലക്കാട് അയിലൂർ കാരക്കാട്ടുപറമ്പിലാണ് പ്രണയകഥയിലെ നായകനും നായികയും. യുവാവും യുവതിയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് യുവതി. സഹോദരിമാരെ കാണാനും സംസാരിക്കാനുമായി യുവതി വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് യുവാവിനോടൊപ്പം കഴിയുന്നതിനായി 18 വയസ്സുകാരിയായ യുവതി വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്ന യുവാവിനോടൊപ്പം ഇറങ്ങിത്തിരിച്ച യുവതിയെ അയാൾ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ യുവതിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പോലീസ് ഊർജ്ജിതമായി അന്വേഷണവും നടത്തി. യുവതി പോകാറുള്ള സ്ഥലങ്ങളിലും വീടുകളിലും അന്വേഷിച്ചെത്തി. നിരന്തരം വരാറുള്ള യുവാവിന്റെ വീട്ടിലും അന്വേഷണം നടത്തി. യുവാവിനെയും പോലീസ് അന്ന് ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിലുള്ള അടുപ്പം ആരുമറിയാതിരുന്നതിനാലും നാട്ടിൽ തന്നെയുള്ളതിനാലും യുവാവിനെ ആരും സംശയിച്ചിരുന്നില്ല.

ആരുമറിയാതെ 10 വർഷം

പിതാവും മാതാവും സഹോദരിയും ഉൾപ്പെടെ കഴിയുന്ന വീട്ടിൽ അടുക്കളയുൾപ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ളത്. ഈ കൊച്ചുവീട്ടിലാണ് ആരുമറിയാതെ യുവാവ് പ്രണയിനിയെ 10 വർഷവും സംരക്ഷിച്ചത്. പണിയ്ക്ക് പോകുന്ന സമയത്ത് പുറത്തുനിന്ന് മുറി പൂട്ടും. പണിയ്ക്ക് പോയി വന്നാൽ മുറിയിലെ ടിവി ഉച്ചത്തിൽവെയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും.

പകൽസമയത്ത് ഒറ്റയ്ക്ക് മുറിയിൽ കഴിയുന്ന യുവതിയ്ക്ക് ടിവിയുടെ ശബ്ദം കേൾക്കുന്നതിനായി ഇയർഫോണും സജ്ജമാക്കി നൽകിയിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതിനായി മുറിയിലെ ജനലഴികൾ അഴിച്ചു മാറ്റി പുറത്ത് കടക്കാൻ സൗകര്യമുണ്ടായിരുന്നു. അതുവഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്.

ഈ മുറിയിലിരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽപാളിയിലൂടെ കാണാൻ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് ജനൽ വഴി പുറത്തിറങ്ങി ശുചിമുറിയിൽ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് യുവതി പറയുന്നത്. ഓടിട്ട വീടായതിനാൽ വീട്ടിൽ സംസാരിക്കുന്ന എല്ലാ വിവരങ്ങളും യുവതി അറിയുകയും ചെയ്തിരുന്നു. യുവതിക്കുളള ഭക്ഷണം ജോലി കഴിഞ്ഞ് വരുമ്പോൾ പുറത്തുനിന്ന് വാങ്ങികൊണ്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

കൊച്ചുമുറിയിൽ കഴിഞ്ഞ യുവതിയെ വീട്ടുകാർ പോലും കാണാതെ സംരക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ ലോക്കാക്കാൻ കഴിയുന്ന ഓടാമ്പലും ഉണ്ടാക്കിയിരുന്നു. മുറിയുടെ അകത്തെ ഓടാമ്പാൽ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോർ ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രമാണുണ്ടാക്കിയത്. രണ്ടു ചെറുവയറുകൾ ചേർത്ത് പിടിച്ചാൽ ഓടാമ്പൽ നീങ്ങി അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണ് ഓടാമ്പൽ ലോക്ക് ഉണ്ടാക്കിയത്. അനാവശ്യമായി മുറി തുറക്കാൻ ശ്രമിച്ചാൽ ഈ രണ്ട് വയറുകളിൽനിന്ന് ഷോക്കേൽക്കുമെന്ന് യുവാവ് പറഞ്ഞതോടെ വീട്ടുകാരും ഈ മുറിയെ മറന്നു.

 

മാനസികസമ്മർദ്ദം, മന്ത്രവാദ ചികിത്സ

യുവതി വീട്ടിലുള്ള വിവരം പുറത്തറിയുമോയെന്ന പേടി യുവാവിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. പണിയ്ക്ക് പോയി വീട്ടിലെത്തിയാലും വീട്ടുകാരുമായി കൂടുതലും സംസാരിക്കാതെ മുറിയ്ക്കകത്ത് ഇരിക്കുന്നത് പതിവായതോടെ വീട്ടുകാർ യുവാവിന് പ്രേതബാധയുണ്ടായതായി പറഞ്ഞ് മന്ത്രവാദ ചികിത്സ ആരംഭിച്ചു. രണ്ടിടങ്ങളിൽ നിർബന്ധിച്ച് കൂട്ടികൊണ്ടുപോവുകയും അവിടെ നിന്ന് പച്ചമരുന്ന് കഴിച്ച് ഛർദ്ദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവിന് പേടി കൂടിയതോടെയാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ഇരുവരും തീരുമാനിച്ചത്.

വീട്ടിൽനിന്ന് മാറി ഏഴ് കിലോ മീറ്റർ അകലെ 2021 മാർച്ച് മൂന്നിനാണ് യുവാവും യുവതിയും രഹസ്യമായി താമസം ആരംഭിച്ചത്. യുവാവിനെ കാണാതായതോടെ വീട്ടുകാർ നെന്മാറ പോലീസിൽ പരാതി നൽകുകയും ചെയ്തു. പക്ഷേ, മൂന്നു മാസത്തെ അന്വേഷണത്തിൽ യാതൊരു വിവരവും കിട്ടിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സഹോദരൻ യുവാവിനെ യാദൃശ്ചികമായി കാണുന്നത്. തുടർന്ന് സഹോദരൻ തന്നെ യുവാവിനെ പോലീസിലേൽപ്പിക്കുകയും ചെയ്തു.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പത്ത് വർഷം നീണ്ട പ്രണയകഥ പുറംലോകമറിഞ്ഞത്. മറ്റു പരാതികളൊന്നും ഇല്ലാത്തതിനാൽ പോലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.

ബുധനാഴ്ച കാലത്ത് നെന്മാറ പോലീസിനോടൊപ്പം ഇരുവരും യുവാവിന്റെ വീട്ടിലെത്തുകയും ഇവർ ഉപയോഗിച്ച സാധനങ്ങൾ ഉൾപ്പെടെ താമസം തുടങ്ങിയ വാടകവീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇനി ഞങ്ങൾക്കും മറ്റുള്ളവരെ പോലെ ലോകത്ത് തലയുയർത്തി ജീവിക്കണമെന്നാണ് ഇരുവരും പറയുന്നത്. എന്തിനാണ് ഇതുവരെ മറച്ചുവെച്ചെതെന്ന ചോദ്യത്തിന് സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയുന്ന കാലത്തിനായി കാത്തിരുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.