above post ad local

ബോംബില്‍ ഒന്നിതാണെങ്കില്‍ അതും ചീറ്റിപ്പോകും- ചെന്നിത്തലക്കെതിരേ മുഖ്യമന്ത്രി

കോഴിക്കോട് : ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കൽ പോലുമുണ്ടാവാത്ത അഞ്ച് വർഷത്തെ ഓർത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോർഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് കെഎസ്ഇബിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നതെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“വൈദ്യുതി വകുപ്പിൽ സ്വകാര്യവത്കരണം ഞങ്ങളല്ല കോൺഗ്രസ്സാണ് തുടങ്ങിവെച്ചത്. അത് ബിെജപി സർക്കാർ തുടരുകയാണ്. ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കൽ പോലുമുണ്ടാവാത്ത അഞ്ച് വർഷത്തെ ഓർത്ത് അസൂയയാണ്. അതിന് വൈദ്യുതി ബോർഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളാണോ ചെയ്യേണ്ടത്”, മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ കരുതിയ ബോംബിൽ ഒന്നിതാണെങ്കിൽ അതും ചീറ്റിപ്പോകുമെന്നും ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്കും മുഖ്യമന്ത്രി അഭിപ്രായം രേഖപ്പെടുത്തി.

“പ്രളയവുമായി ബന്ധപ്പെട്ട് ജലകമ്മീഷന്റെയും മദ്രാസ് ഐഐടിയുടെയും പഠന റിപ്പോർട്ടുണ്ടായിരുന്നു. ഈ രണ്ട് റിപ്പോർട്ടുകളും വെള്ളപ്പൊക്കത്തിന് കാരണമായത് അതി തീവ്ര മഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്മെന്റ മൂലം പ്രളയത്തിൽ ആഘാതത്തിൽ കറവ് വന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐഐടി റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ കറന്റ് സയൻസിൽ പ്രസിദ്ധപ്പെടുത്തിയതുമാണ്. ആധികാരികമായ പഠനം നടന്നു കഴിഞ്ഞ വിഷയമാണ്”. ആ പഠനത്തെ കുറിച്ചൊന്നും പരാമർശിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഇപ്പോഴത്തെ പഠനം വരുന്നത് തീർത്തും സംശയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പുതിയ വിഷയങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.