above post ad local

ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ 100 കടന്നു, കേരളവും സെഞ്ച്വറിയിലേക്ക്‌, ഈ വര്‍ഷം കൂടിയത് 10.54 രൂപ

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധിക്കുന്ന പ്രക്രിയ മുടക്കമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച ജമ്മു കശ്മീരിലും പെട്രോൾ വില നൂറ് കടന്നു. 100.72 രൂപയാണ് ഇന്ന് മുംബൈയിലെ പെട്രോൾ വില. ഡീസലിന് 92.17 രൂപയായി. ഡൽഹി അടക്കമുള്ള വൻ നഗരങ്ങളിലും പെട്രോൾ വില 95 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 96.50 രൂപയായി.

കഴിഞ്ഞ 17 ദിവസമായി രാജ്യത്തെ ഇന്ധനവില തുടർച്ചയായി കുത്തനെ ഉയരുകയാണ്. ഇടയ്ക്ക് വിലവർധന നിലച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം പ്രതിദിനമുള്ള വിലവർധന പൂർവ്വാധികം ശക്തമായി. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ പെട്രോൾ വില നൂറ് രൂപ കടന്നു.

സംസ്ഥാനത്തും ഇന്ധനവില നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഡീസലിന് 91.78 രൂപയായി. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. എറണാകുളത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 90.21 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ 94.90, ഡീസൽ 90.29 എന്നിങ്ങനെയാണ് വില.

2021 ജനുവരി ഒന്നു മുതൽ പരിശോധിച്ചാൽ ഇന്ധനവില വർധനയുടെ കുതിക്കുന്ന ഗ്രാഫ് ഞെട്ടിക്കുന്നതാണ്. ജനുവരി ഒന്നിന് 85.96 ആയിരുന്നു തിരുവനന്തപുരത്തെ പെട്രോൾ വില. ഇത് മാസാവസാനത്തോടെ 88.51 ആയി. ജനുവരിയിൽ വർധിച്ചത് 2.88 ശതമാനം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് 87.94 രൂപയായിരുന്ന വില ആ മാസം 28 ആയപ്പോൾ 93.05 ആയി വർധിച്ചു. 5.49 ശതമാനമായിരുന്നു ഫെബ്രുവരിയിൽ മാത്രം ഉണ്ടായത്.

മാസങ്ങളായി തുടരുന്ന വിലവർധനവിന് തിരഞ്ഞെടുപ്പ് കാലമായതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താൽകാലിക വിരാമമായിരുന്നു. എന്നാൽ മേയ് മാസത്തോടെ വിലവർധന പുനരാരംഭിച്ചു. മേയ് മാസം ആദ്യം 92.28 രൂപയായിരുന്ന തിരുവനന്തപുരത്തെ പെട്രോൾ വില. ജൂൺ ഒന്നിന് അത് 96.50. ഒരു മാസം കൊണ്ട് ഉണ്ടായ വർധന 4.22 രൂപ. ഇക്കാലത്തുണ്ടായ വർധനയുടെ നിരക്ക് 4.08 ശതമാനം.

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് വർധിച്ചത് 10.54 രൂപയാണ്. ഡീസൽ വില ജനുവരി ഒന്നിന് 79.89 രൂപയായിരുന്നത് വർധിച്ച് ജൂൺ ഒന്നിന് 91.78 രൂപയായതോടെ ഈ വർഷത്തെ വിലവർധന 11.89 രൂപയും ആയി. ഈ രീതിയിൽ തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തും ഇന്ധന വില മൂന്നക്കം തൊടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.