above post ad local

6.6 % വളര്‍ച്ച ലക്ഷ്യം: കെ ഫോണ്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും-നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നൽകും.

സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം. ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നു. മൂന്നു കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകും.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ

കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി.
കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.
​പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ മുന്നോട്ടുവന്നു.
ആശുപത്രികളിൽ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു.
ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു
6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് ഭീഷണി ഉയർത്തുന്നു.
കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും.
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും.
കേരള കാർഷിക സർവകലാശാലയിൽനിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള ഗവേഷണഫലങ്ങൾ പൂർണമായും ഉത്പാദന വർധനയ്ക്കായി ഉപയോഗപ്പെടുത്തും.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും.
കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും
യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കും.
പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.
പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും.
കേരളത്തിലെ നവോത്ഥാന നായകരുടെ പേരിൽ ജില്ലകളിൽ ഒന്നുവീതം കൾച്ചറൽ കോംപ്ലക്സുകൾ നിർമിക്കും.
കേരള കൾച്ചറൽ മ്യൂസിയം സ്ഥാപിക്കും.
സാംസ്കാരിക പരിപാടികൾക്കായി പ്രാദേശിക സാസ്കാരിക കേന്ദ്രങ്ങൾ ഒരുക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.