above post ad local

പല ആയുധങ്ങളും അണിയറയില്‍, വ്യാജ സന്ദേശങ്ങളും ശബ്ദാനുകരണങ്ങളും പ്രചരിപ്പിക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാൻ ഉന്നയിച്ചവർക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എൽഡിഎഫ് ജനമുന്നേറ്റത്തിലും സർവ്വേയിലും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

“ആരോപണങ്ങൾ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയിൽ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങൾ, കൃത്രിമ രേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണ സംഭാഷണങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്രഏജൻസികളുടെ അകമ്പടിയോടെ കേരളത്തിലെ എൽഡിഎഫിനെ തകർക്കാൻ ഒരുമ്പെട്ടിറിങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തിന് റോൾ തന്നെ ഇല്ലാതാവും”, മുഖ്യമന്ത്രി പറഞ്ഞു.

“യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാൻ കേന്ദ്രഅന്വേഷണ ഏജൻസികളെ ഇറക്കി വിടുകയാണ്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഏജൻസികളെ ഉപയോഗിച്ച് കേരള സർക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റ ഭാഗമായാണ് കിഫ്ബിക്കെതിരേ ഒന്നിനു പുറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. ഏറ്റവും ഒടുവിൽ ആദായനികുതി വകുപ്പിനെയാണ് ഇറക്കിയത്”. നാട്ടിലെ സ്കൂളുകൾ, റോഡുകൾ, ആശുപത്രികൾ, പാലങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനം വേണ്ടേ എന്നും ജനവിധി വികസന വിരോധികൾക്കുള്ള കൃത്യമായ മറുപടിയായിരിക്കുമെന്നും പിണറായി പറഞ്ഞു. എൽഡിഎഫിനെ ബിജെപിയും യുഡിഎഫും ഒന്നിച്ചാണ് നേരിടുന്നത്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ലെന്നും പിണറായി പറഞ്ഞു.

സിഖുകൂട്ടക്കൊലയും ഗുജറാത്ത് വംശഹത്യയും ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി സംസാരിച്ചു.

“രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് വംശ ഹത്യകളാണ് നടന്നത്. 1984ൽ സിക്കുകാരെ കൂട്ടക്കൊലചെയ്ത സംഭവം. അത് കോൺഗ്രസ് നേതൃത്വത്തിലായിരുന്നു. 2002 ൽ ഗുജറാത്തിൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തിൽ നിന്ന് ഇപ്പോഴും ഇവർ മുക്തരായിട്ടില്ല”. അങ്ങനെയുള്ളവർ കേരളത്തിൽ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.

തദ്ദേശ തിരഞ്ഞടുപ്പിന് മുന്നോടിയായി മൂന്ന് നാലം മാസം കൊണ്ടാണ് ആറ് കമ്മ്യൂണിസ്റ്റുകാരെ കൊന്നു തള്ളിയത്. ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പുറപ്പെടുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കികാണുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ നേതൃത്വത്തിലുള്ളവരെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കുകയാണ്. ഇതിന് അഖിലേന്ത്യാ നേതാക്കളെ പോലും ഉപയോഗിക്കാനാണ് കോൺഗ്രസ് തയ്യാറാവുന്നത്. യൂദാസിന്റെയും യേശുവിന്റെയും പേര് പറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകർഷിക്കാൻ പറ്റുമോ എന്ന വ്യാമോഹിക്കുന്നവരുമുണ്ട്. ഇതേ ആളുകളാണ് രാജ്യത്തിന്റെ മറ്റിടങ്ങളിൽ യാത്രചെയ്യാൻ പറ്റാത്തവണ്ണം ക്രൈസ്തവരെ ആക്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നു തള്ളിയത് ആരും മറന്നിട്ടില്ല. കാണ്ഡമാലും മറന്നിട്ടില്ല. അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചവർക്ക് കേന്ദ്ര ഭരണത്തിൽ സഥാനമാനം നൽകിയതും മറക്കാൻ കഴിയുന്നതല്ലെന്നും പിണറായി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.