
തിരുവനന്തപുരം; നിയമസഭ തിരിച്ചടിയോടെ സംസ്ഥാനത്ത് സംഘടനാ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ഹൈക്കമാന്റ്. പുതിയ പ്രതിപക്ഷ നേതാവിനെ നിയമിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷനേയും യുഡിഎഫ് കൺവീനറേയും ഉടൻ നിയമിക്കും. ഒപ്പം എല്ലാ ഡിസിസികളും പുനസംഘടിപ്പാനാണ് കോണ്‍ തിരുമാനമെന്നാണ് വിവരം.
അതിനിടെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് അശോക് ചവാൻ സമിതിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് തുടങ്ങിയിരിക്കുകയാണ്. കമ്മിറ്റിക്ക് മുൻപിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്തെന്ന് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയും വിശദമാക്കിയിട്ടുണ്ട്.

റിപ്പോർട്ട് നൽകും
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണം പരിശോധിക്കാനാണ് അശോക് ചവാന്റെ നേതൃത്വത്തിലുള്ള സമിതിയെ ഹൈക്കമാന്റ് നിയോഗിച്ചത്. സമിതി എംഎൽഎമാരുമായും എംപിമാരുമായും ഓൺലൈനായി തെളിവെടുപ്പ് നടത്തിവരികയാണ്.ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂൺ ഒന്നിനാണ് സമിതി ഹൈക്കമാന്റ് സമർപ്പിക്കുക. ഇതുപ്രകാരമായിരിക്കും ഹൈക്കമാന്റിന്റെ തുടർനടപടികൾ.

സംഘടന തലത്തിലെ പിഴവുകൾ
ഇത്തരത്തിൽ നടത്തിയ ഓണ്‍ലൈൻ തെളിവെടുപ്പിൽ സംഘടന തലത്തിലെ പിഴവുകളാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ചെന്നിത്തല സമിതിയെ അറിയിച്ചിരിക്കുന്നത്. തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. കൊവിഡ് മൂലം ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം സമിതിയോട് വ്യക്തമാക്കി.

മികച്ച പ്രവർത്തനം
പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. താഴെ തട്ടിലേക്ക് പ്രതിപക്ഷത്തിന്റെ പ്രവർത്തനം എത്തിക്കാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായി.പല ബൂത്തുകളും നിർജീവമായിരുന്നു. സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നൽകിയപ്പോൾ അത് വോട്ടർമാരെ കണ്ട് നേരിട്ട് വിശദീകരിക്കാൻ ബൂത്തുതല പ്രവർത്തകർ തയ്യാറായില്ല.

ബൂത്ത് കമ്മിറ്റികൾ തയ്യാറായില്ല
സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും വോട്ടർമാർക്കിടയിൽ എത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ തയ്യാറായില്ലെ്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ കോവിഡ് സന്നദ്ധപ്രവര്‍ത്തകരാക്കി പ്രചാരണം നടത്തിയെന്ന് അത് അവർക്ക് ഗുണകരമായെന്നും ചെന്നിത്തല സമിതിക്ക് മുന്നിൽ വ്യക്തമാക്കി.

പ്രളയവും കൊവിഡും
കൊവിഡും പ്രളയവും നേരിടാൻ സർക്കാർ മുന്നിൽ ഉണ്ടായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഭരണപക്ഷത്തിന് സാധിച്ചു.ക്ഷേമ പെൻഷനുകളും കിറ്റും എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചു. അതേസമയം സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുസ്ലീം വോട്ടുകൾ
സിഎഎ ഉള്‍പ്പെടെയുള്ള കേന്ദ്രപ്രഖ്യാപനങ്ങള്‍ എൽഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വികാരം ഉണ്ടാക്കാൻ സാധിച്ചു. മുസ്ലീം വോട്ടുകൾ കാര്യമായി തന്നെ ഇടതുപക്ഷത്തേക്ക് മറിഞ്ഞു. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
താരിഖ് അൻവർ നല്ഡകിയ റിപ്പോർട്ട്
അതേസമയം നേരത്തേ തന്നെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംഘടന തലത്തിലുള്ള വീഴ്ചകളാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ജില്ലാഘടകങ്ങൾക്കുൾപ്പെടെ പരാജയത്തിൽ പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പുനസംഘടിപ്പിക്കുമെന്ന്
അതിനിടെ കേരളത്തിലെ മുഴുവൻ ഡിസിസികളും എഐസിസി ഉടൻ തന്നെ പുനസംഘടിപ്പിച്ചേക്കുമെനാണ് റിപ്പോർട്ട്.ഇതിനോടകം തന്നെ ചില ഡിസിസി അധ്യക്ഷൻമാർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിട്ടുണ്ട്. ആലപ്പുഴ അധ്യക്ഷനായിരുന്ന എം ലിജു , പാലക്കാടിന്റെ ചുമതലയുള്ള വികെ ശ്രീകണ്ഠൻ എന്നിവരാണ് രാജിവെച്ചത്.
യുവാക്കൾക്ക്
മലപ്പുറത്തും എറണാകുളത്തും നിലവിൽ ഡിസിസി അധ്യക്ഷൻമാരില്ല. ചിലയിടത്താവട്ടെ അധ്യക്ഷൻമാർക്കെതിരെ പാർട്ടിയിൽ രൂക്ഷവിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ അടിമുടി ഉടച്ച് വാർത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
- Advertisement -
Comments are closed.