above post ad local

85 കി.മി. ഉൾക്കടലിൽ അഞ്ചുമണിക്കൂർ, ഒടുവിൽ ശ്രീഹരി ജീവിതത്തിലേക്ക്

പാണ്ടിക്കാട്:ശ്രീഹരിയുടെ മനസ്സിൽ ഇപ്പോഴും ഇളകിമറിയുകയാണ് ആ തിരമാലകൾ. ആഴക്കടലിൽ ആരോരുമില്ലാതെ തിരകൾക്കുമുകളിൽ ജീവനുവേണ്ടി ചാഞ്ചാടുമ്പോൾ കരുതിയിരുന്നില്ല ഇനി മണ്ണിന്റെ ഗന്ധമറിയുമെന്ന്. സുഹൃത്തുക്കളെല്ലാം കൺമുന്നിൽ മുങ്ങിത്താഴ്ന്നു. എന്നാൽ ഭാഗ്യത്തിന് ശ്രീഹരി തിരിച്ചെത്തി.

 

കീഴാറ്റൂരിലെ വീട്ടിലിരുന്ന് ശ്രീഹരി ഓർക്കുകയാണ് ആ നിമിഷങ്ങൾ. മേയ് 17-ന് രാത്രി പന്ത്രണ്ടിന് ശേഷമാണ് മുംബൈയിൽ അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. പി. 305 ബാർജിന്റെ അറ്റകുറ്റപ്പണിക്കായി കരാർ ഏറ്റെടുത്ത മാത്യു അസോസിയേഷനിലെ ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരിലൊരാളാണ് കീഴാറ്റൂർ ഒറവുംപുറം സ്വദേശി കളത്തിങ്ങൽ ശ്രീഹരി (27). ഭീമൻ തിരമാലകളെ തരണംചെയ്യാനുള്ള ദൗത്യം ശ്രീഹരി ഉൾെപ്പടെയുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിച്ചു. കപ്പലിനും ബാർജിനും ഇടയിലുള്ള 12 ചാനൽ കമ്പിയാണ് കടലിനും ജീവനും ഇടയിലുള്ള 261 പേരെ സംരക്ഷിക്കുന്നത്. വമ്പൻ തിരമാലകൾ ചാനലുകൾ ഓരോന്നായി തകർക്കുകയാണ്. എട്ട് ചാനലുകൾ തകർന്നതോടെ ബാർജിന്റെ താളം തെറ്റിത്തുടങ്ങി. ശ്രീഹരി ഉൾെപ്പടെയുള്ളവരുടെ കൂട്ടക്കരച്ചിൽ മുഴങ്ങി. അതിനിടയിൽ ആരൊക്കെയോ കടലിൽ വീണു. രാവിലെ ഏഴ് മണിയായപ്പോഴേക്കും ബാർജ് ഏതാണ്ട് പൂർണമായി തന്നെ മുങ്ങാൻ തുടങ്ങിയിരിക്കുന്നു. എവിടെയോ കിട്ടിയ പിടിവള്ളിയിൽ കുറച്ചുനേരം ശ്രീഹരി പിടിച്ചുനിന്നു. ഒന്ന്, രണ്ട് മണിക്കൂറുകൾക്കകം ആ ഭാഗവും കടലിൽ താഴ്ന്നു. പലരും മരിക്കുന്ന കാഴ്ച കൺമുന്നിൽ. ശ്രീഹരി ധരിച്ച സേഫ്റ്റി ജാക്കറ്റ് ഇവിടെ രക്ഷകനായി. ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഉറപ്പിച്ചുനിൽക്കെയാണ് അങ്ങ് ദൂരെ ഒരു കപ്പലോ, ബോട്ടോ എന്തോ കാണുന്നത്. നേരിയ പ്രതീക്ഷയിൽ അങ്ങോട്ട് നീന്തുന്നതിനിടെ മറ്റൊരു തിരമാലയെത്തി ശ്രീഹരിയെ ഒരുപാട് പിറകിലാക്കി. അങ്ങ് കീഴാറ്റൂരിലുള്ള കുടുംബാഗങ്ങളുടെ മുഖം മനസ്സിൽ പതിഞ്ഞു. ശ്രീഹരിയും മരണം ഉറപ്പിച്ചു, കണ്ണുകൾ അടയാൻ തുടങ്ങി.

 

 

പിന്നെ കണ്ണുതുറന്ന് ചുറ്റുപാടുമുള്ള ശബ്ദങ്ങൾ കേട്ടപ്പോൾ ഇത് ജീവിതമാണോ, അതോ മരണാനന്തരജീവിതമാണോ എന്ന് മനസ്സിലാവാത്ത അവസ്ഥയായിരുന്നു. നാവികസേന ഉദ്യോഗസ്ഥർ എങ്ങോട്ടൊക്കെയോ ഓടുന്നു. ഏതോ ഒരു ആശുപത്രിയിലാണ്. അവരാണ് രക്ഷകരായത്. അങ്ങനെ ശ്രീഹരി മുംബൈയിൽനിന്ന് നാവികസേനക്കാർ നൽകിയ ടിക്കറ്റിൽ നാട്ടിലേക്ക് വണ്ടികയറുകയായിരുന്നു. ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന് ഈ യുവാവിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ജീവിതം തിരിച്ചുനൽകിയ നാവിക ഉദ്യോഗസ്ഥരോടും തീർത്താൽത്തീരാത്ത കടപ്പാടുണ്ടെന്ന് ശ്രീഹരി പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.