above post ad local

ലക്ഷദ്വീപിലെ ജനങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല; പ്രതികരണവുമായി നടന്‍ പൃഥിരാജ്

കൊച്ചി: ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തേയും വിശ്വാസങ്ങളേയും അട്ടമറിക്കുന്ന തരത്തിൽ പരിഷ്കാരങ്ങൾകൊണ്ടുവരുന്നെന്ന ആക്ഷേപത്തിനിടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ നടൻ പൃഥിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം…

പൃഥിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്…

‘ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് പോയ ഒരു ഉല്ലാസയാത്രയിൽ നിന്നാണ് ഈ മനോഹരമായ ചെറുദ്വീപുകളെ കുറിച്ചുള്ള എന്റെ ആദ്യ ഓർമകൾ. വിസ്മയിപ്പിക്കുന്ന ഹരിതനീലിമയുള്ള വെള്ളവും സ്ഫടികം പോലെ വ്യക്തമായ തടാകങ്ങളും എന്റെ ഓർമകളിലേക്ക് വരുന്നു. വർഷങ്ങൾക്ക് ശേഷം സച്ചിയുടെ ‘അനാർക്കലി’യുടെ ഷൂട്ടിങ് സംഘത്തോടൊപ്പം എന്നെ ദ്വീപുകളിലേക്ക് തിരിച്ചെത്തിച്ചു. രണ്ടു മാസത്തോളം ഞാൻ കവരത്തിയിൽ ചിലവഴിച്ചു. ജീവിതകാലം മുഴുവൻ ഓർത്തെടുക്കാനുള്ള ഒരുപാട് നല്ല ഓർമ്മകളേയും സുഹൃത്തുക്കളേയും ഇക്കാലത്തിനിടെ ഉണ്ടാക്കി. രണ്ടു വർഷം മുമ്പ് വീണ്ടും സിനിമയുടെ ഭാഗമായി അങ്ങോട്ടെക്കെത്തി. സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനായി. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മള ഹൃദയവുമുള്ള ആളുകൾ ഇല്ലെങ്കിൽ അതൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപുകളിൽ നിന്ന് എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരവധി മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശങ്ങൾ.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമായി തോന്നുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ചും ദ്വീപുകളെ കുറിച്ചും ഞാൻ നീണ്ട ലേഖനം എഴുതുന്നില്ല. അത്തരം കാര്യങ്ങളെ കുറിച്ച് വായിക്കാൻ താത്പര്യമുള്ളവർക്ക് ഇപ്പോഴത് ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകും.

എനിക്കറിയാവുന്ന കാര്യം എന്തെന്നാൽ, എനിക്കറിയാവുന്ന ദ്വീപുവാസികളും എന്നോട് സംസാരിച്ചവരും അവിടെ നടക്കുന്ന കാര്യത്തിൽ സന്തോഷവാൻമാരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്ക് വേണ്ടി ആകരുത്. മറിച്ച് ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും ഞാൻ വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിർത്തിയല്ല ഒരു രാഷ്ട്രത്തിനും സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ളത്. മറിച്ച് അവിടെയുള്ള ജനങ്ങളാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ കൂടുതൽ വിശ്വാസമുണ്ട്.

നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനത്തിൽ ഒരു സമൂഹം മുഴുവൻ അസംതൃപ്തരാകുമ്പോൾ, അവിടെയുള്ള ആളുകൾ അവരുടെ സ്ഥിതിയെ കുറിച്ച് പറയുകയും അവർ അത് ലോകത്തിന്റേയും സർക്കാരിന്റേയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ പ്രവർത്തിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ഞാൻ കരുതുന്നു.

അതിനാൽ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, ലക്ഷദ്വീപിലെ ജനങ്ങളെ ശ്രദ്ധയോടെ കേൾക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേങ്ങളിലൊന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.