above post ad local

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം- ഹൈക്കോടതി

0

കൊച്ചി: ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

ഇരട്ടവോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിർദേശിച്ചു.

ഇരട്ടവോട്ട് തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ ഒരു മാർഗരേഖ നൽകിയിരുന്നു. അത് പൂർണമായും ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇരട്ടവോട്ടുളളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരം വോട്ടർമാർ ബൂത്തിലെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങും. അതോടൊപ്പം അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. കൈയിൽ മഷി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മാർഗരേഖയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ സംബന്ധിച്ച പട്ടികയായിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് പരിശോധിച്ച് തയ്യാറാക്കിയ പട്ടിക കളക്ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. പട്ടികയ്ക്കൊപ്പം നേരിട്ട് ബൂത്തിലെത്തി വോട്ടു ചെയ്യേണ്ടാത്തവർ, മണ്ഡലം മാറിയവർ, മരിച്ചുപോയവർ എന്നിവരുടെ പട്ടികയും തിരഞ്ഞെടുപ്പിനു മുമ്പ് തയ്യാറാക്കും. ഇതും പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറും.

സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയത്. ഇതേത്തുടർന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകൾ സോഫ്റ്റ്വേർ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.

തുടർന്നാണ് 38,586 ഇരട്ട വോട്ടുകൾ മാത്രമേയുള്ളൂവെന്ന് കമ്മിഷൻ കണ്ടെത്തിയത്. ഒരു ബൂത്തിൽത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകൾ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് വോട്ടർപട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുക.

ഇരട്ടവോട്ടുളളവരെ വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഇടക്കാല ആവശ്യമായി രമേശ് ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ആ രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.ഇരട്ടവോട്ടുണ്ടെന്ന് കരുതി ഒരാളെ വോട്ടുചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തത്. അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യൂ എന്നുളളൂവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.

ഇരട്ടവോട്ടുളളവർ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരേ കർക്കശമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.