above post ad local

ധാരണ ആദ്യം പി.ബി. അംഗങ്ങളില്‍: സസ്‌പെന്‍സ് ശൈലജ അറിഞ്ഞത് സെക്രട്ടേറിയറ്റ് യോഗത്തില്‍

കെ.കെ. ശൈലജ മന്ത്രിയാകില്ല, വൈകാരികമായിട്ടായിരുന്നു ഈ വാർത്തയോടുളള കേരളത്തിന്റെ പ്രതികരണം. നിപ മുതൽ കോവിഡ് വരെ എത്തിയ കേരളത്തിന്റെ ജീവൻമരണ പോരാട്ടത്തിനിടയിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആവർത്തിച്ചുപറഞ്ഞുകൊണ്ട് മലയാളികൾക്ക് ധൈര്യം പകർന്ന ആരോഗ്യമന്ത്രിയെ അവർ എപ്പോഴോ ഹൃദയത്തിലും പ്രതിഷ്ഠിച്ചിരുന്നു. 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടുതന്നെ, വ്യക്തിയല്ല നയമാണ് പ്രധാനം എന്ന് പാർട്ടി ഉറക്കെ പ്രഖ്യാപിച്ചത് പാർട്ടി അനുഭാവികൾക്ക് പോലും ഉൾക്കൊളളാൻ സാധിക്കുന്നുണ്ടായില്ല.

അഞ്ചു മന്ത്രിമാരടക്കം 33 എം.എൽ.എമാരെ മാറ്റി നിർത്തി സ്ഥാനാർഥി നിർണയത്തിൽ കാണിച്ച അതേ കാർക്കശ്യം മന്ത്രിമാരെ തീരുമാനിക്കുന്നതിലും സി.പി.എം. പുലർത്തി. ഒരു സർക്കാരിൽ മൂന്ന് വനിതകൾ ഒരേ സമയം മന്ത്രിസഭയിലെത്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ പോലും ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിറകേ ശൈലജയും തഴയപ്പെടുകയാണോ എന്ന ചോദ്യമാണ് കേരളത്തിൽ മുഴങ്ങിയത്.

വ്യക്തിപ്രഭാവം പാർട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടർച്ച നൽകേണ്ടെന്ന തീരുമാനത്തിൽ സി.പി.എമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയർന്നപ്പോൾ, അത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്.

ഈ വാദത്തിന് എതിർശബ്ദവുമുണ്ടായില്ല. ശൈലജയെ മാറ്റിനിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന നേതാക്കളിൽ ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഫലം കണ്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവർ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായക്കാരായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നോടിയായി പി.ബി. അംഗങ്ങളുടെ കൂടിയാലോചനയിൽ ഇക്കാര്യം അവർ ഉന്നയിച്ചു.

എന്നാൽ, മുഴുവൻ പുതുമുഖങ്ങളാകട്ടെയെന്ന നിലപാടിനാണ് മുൻതൂക്കമുണ്ടായത്. അത് അംഗീകരിച്ചതോടെയാണ് സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പുതിയ മന്ത്രിമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സമിതിയിൽ എം.വി. ജയരാജനും പി. ജയരാജനുമടക്കം പത്തിൽ താഴെ നേതാക്കൾ മാത്രമാണ് ശൈലജയെ മാറ്റി നിർത്തേണ്ടതില്ലെന്ന് അഭിപ്രായം ഉയർത്തിയത്. എന്നാൽ ഇളവ് ആർക്കും വേണ്ടതില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനായിരുന്നു മുൻതൂക്കം.

സ്ഥാനാർഥി നിർണയം മുതൽ കാണിച്ച സൂക്ഷ്മതയും രഹസ്യസ്വഭാവവും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സി.പി.എമ്മിലുണ്ടായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽമാത്രം ഒതുങ്ങുന്ന പ്രാഥമിക ചർച്ചകളും ധാരണകളുമാണ് അവസാനഘട്ടംവരെ ‘സസ്പെൻസ്’ നിലനിർത്തി നിർണായക തീരുമാനങ്ങൾ ഒറ്റയടിക്ക് എടുക്കാൻ കാരണമായത്.

തീരുമാനമെടുക്കേണ്ട ഘടകമെന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അവസാനഘട്ടത്തിൽ മാത്രമാണ് ഈ നിർദേശങ്ങളെല്ലാം വന്നത്. അതിനാൽ, ആസൂത്രണങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാൻ നേതാക്കൾക്കായി. പിണറായി രണ്ടാം മന്ത്രിസഭയിൽ താനില്ലെന്ന് ശൈലജ പോലും അറിയുന്നത് സെക്രട്ടേറിയറ്റ് യോഗത്തിലാണ്.

രണ്ടു ടേം ജയിച്ചവർക്ക് സ്ഥാനാർഥിത്വം നൽകേണ്ടെന്ന മാനദണ്ഡം ആദ്യം പിണറായി, കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നീ പി.ബി. അംഗങ്ങൾക്കിടയിലാണ് രൂപപ്പെട്ടത്. ഇതിന് ജനറൽ സെക്രട്ടറി യെച്ചൂരിയുടെ അനുമതിവാങ്ങി. അഞ്ചുമന്ത്രിമാരടക്കം 33 എം.എൽ.എമാർ പുറത്താകുന്ന ഈ ധാരണ, സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത് തീരുമാനമാക്കാനുള്ള, നടപടി പൂർത്തിയാക്കാനുള്ള ഘട്ടത്തിലാണ്. അതിനാൽ, സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുപോലും വിയോജിപ്പുയർത്താൻ സമയം ലഭിച്ചില്ല. ഈ രീതിയാണ് മന്ത്രിമാരുടെ കാര്യത്തിലുമുണ്ടായത്.

രണ്ടാം സർക്കാരിൽ ടീം എങ്ങനെയാകണമെന്ന ധാരണ പി.ബി. അംഗങ്ങൾക്കിടയിലുണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ചേർന്ന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഇക്കാര്യം ചർച്ചയ്ക്കുവന്നില്ല. പാർട്ടി മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച അവസാനഘട്ടത്തിൽ മതിയെന്ന് തീരുമാനിച്ചു. ആദ്യം ഘടകകക്ഷികളുമായി ചർച്ചയും ധാരണയും. അതിനുശേഷം മുന്നണി അംഗീകാരം. ഒടുവിൽ പാർട്ടി മന്ത്രിമാരെ നിശ്ചയിക്കൽ ഇതായിരുന്നു പി.ബി. അംഗങ്ങളുണ്ടാക്കിയ ഫോർമുല. കോടിയേരിയും പിണറായിയും അത് നടപ്പാക്കാനുള്ള ചുമതലക്കാരായി.

സി.പി.എം. മന്ത്രിമാരെ നിശ്ചയിക്കാൻ ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങൾ ചേരാൻ നേരത്തേ നിശ്ചയിച്ചതാണ്. സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കേണ്ട പട്ടിക നേരത്തേ പി.ബി. അംഗങ്ങൾ തയ്യാറാക്കി. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായവരെ മറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകാമെന്ന നിർദേശം കോടിയേരിയും പിണറായിയും മുന്നോട്ടുവെച്ചു. എസ്. രാമചന്ദ്രൻപിള്ളയും എം.എ. ബേബിയും യോജിച്ചു.

മന്ത്രിസഭ സംബന്ധിച്ചുള്ള ശുപാർശ തയ്യാറാക്കാനായി ആദ്യം കേരളത്തിൽനിന്നുള്ള പി.ബി.അംഗങ്ങളുടെ യോഗം ചേർന്നു. ഈ ശുപാർശ യെച്ചൂരിക്കുമുമ്പാകെ അവതരിപ്പിച്ചു. പി.ബി. അംഗം പിണറായി ഉൾപ്പെടെ നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിർദേശം. എന്നാൽ, കേരളത്തിൽനിന്നുള്ള പി.ബി. അംഗങ്ങൾ അത് നിരസിച്ചു. ഇങ്ങനെ, കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ശൈലജയെ മാറ്റി നിർത്തി, ‘മന്ത്രിസഭാംഗങ്ങളെല്ലാം പുതുമുഖങ്ങൾ’ എന്ന പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും മുൻതൂക്കം ലഭിച്ചു.

ആരോഗ്യമന്ത്രിയായി മികച്ച പ്രകടനവും ജനപ്രീതിയും നേടിയ കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടർച്ചയുണ്ടാകുമെന്നു തന്നെയായിരുന്നു രാഷട്രീയ കേരളത്തിന്റെ കണക്കുകൂട്ടൽ. ശൈലജയെ മാറ്റി നിർത്തിയതിനെതിരേ അണികളിലും പൊതുസമൂഹത്തിലും എതിർപ്പുണ്ടെങ്കിലും പാർട്ടി തീരുമാനത്തിൽ ഇളക്കമുണ്ടാവാനിടയില്ല.

ശൈലജയെ ഒഴിവാക്കിയതിൽ ദേശീയതലത്തിലും നിരാശ

പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ ദേശീയതലത്തിൽ നിരാശയും പ്രതിഷേധവും. കവികളും ചലച്ചിത്രതാരങ്ങളും ബുദ്ധിജീവികളും സാമൂഹികപ്രവർത്തകരും ട്വിറ്ററിൽ പ്രതികരണവുമായെത്തി. സി.പി.എം. അചിന്ത്യമായത് ചെയ്തു എന്നാണ് ചില വാർത്താ വെബ്സൈറ്റുകൾ പ്രതികരിച്ചത്.

കെ.കെ. ശൈലജയെപ്പോലെ, പ്രവർത്തിക്കുന്ന മന്ത്രിമാരെ ഒഴിവാക്കുകയും മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തത് നിർഭാഗ്യകരമായെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ”അന്താരാഷ്ട്രതലത്തിൽ അഭിനന്ദിക്കപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കേരളാ മന്ത്രിസഭയിൽ കാണാനില്ല. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്” എന്നാണ് സി.പി.ഐ.(എം.എൽ.) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ചോദിച്ചത്.

സ്ത്രീകൾ നിഴലായിരിക്കുമ്പോഴാണ് അവരെ വലിയവരായി കരുതുന്നതെന്നും ഏതെങ്കിലും ഒരു നിമിഷത്തിൽ അവർ കൂടുതൽ തിളങ്ങുന്നതായി കണ്ടാൽ ആ നിമിഷം പുറത്താക്കുമെന്നും കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി അഭിപ്രായപ്പെട്ടു.

ശൈലജ മന്ത്രിസഭയിൽനിന്ന് ഒഴിവാകുന്നത് ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. പറഞ്ഞു. ആദരണീയമായ അവരുടെ കാര്യക്ഷമതയ്ക്കും പ്രവർത്തനശേഷിക്കുമപ്പുറം ആരോഗ്യമന്ത്രിയെന്ന നിലയിൽ എല്ലാവർക്കും എപ്പോഴും സഹായം നൽകുന്ന, പ്രതികരിക്കുന്ന ഒരാളായാണ് കണ്ടിട്ടുള്ളതെന്ന് തരൂർ പറഞ്ഞു.

മന്ത്രിയാക്കണമെന്ന് സോഷ്യൽ മീഡിയ കാമ്പയിൻ

പുതിയ മന്ത്രിസഭയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി സാമൂഹിക മാധ്യമ കൂട്ടായ്മകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച കെ.കെ. ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന രീതിയിലുള്ള പോസ്റ്റുകൾ ഇടുന്നവരും ഷെയർ ചെയ്യുന്നവരുമാണ് കൂടുതൽ.

പാർവതി തിരുവോത്ത്, മാലാ പാർവതി, റിമ കല്ലിങ്കൽ തുടങ്ങിയവർ ‘ബ്രിങ് ബാക്ക് ശൈലജ’ എന്ന ഹാഷ്ടാഗിൽ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ.കെ. ശൈലജയെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുകളും മാസ് പെറ്റീഷൻ ഒപ്പിടലും ഇതിനകം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.