above post ad local

നാല് ജില്ലകളില്‍ ട്രിപ്പിൾ ലോക്ഡൗൺ;കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചവരെ, യാത്രയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം:തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകും.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.

പാൽ, പത്രവിതരണം രാവിലെ എട്ടിനുമുമ്പ് പൂർത്തിയാക്കണം.

റേഷൻകടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ, പാൽ ബൂത്തുകൾ തുടങ്ങിയവ അഞ്ചുവരെ പ്രവർത്തിക്കാം.

ഹോട്ടലുകളും െറേസ്റ്റാറന്റുകളും രാവിലെ ഏഴുമുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ടേക്ക് എവേയും

പാഴ്സൽ സർവീസും അനുവദിക്കില്ല.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എല്ലാദിവസവും പ്രവർത്തിക്കും.

അവശ്യവസ്തുക്കൾ അടുത്തുള്ള കടയിൽനിന്ന് വാങ്ങണം.

ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പത്തുമുതൽ ഒന്നുവരെ പ്രവർത്തിക്കാം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യവസ്തുക്കളുടെ ഡെലിവറി ഏഴുമുതൽ രണ്ടുവരെ.

മറ്റുനിയന്ത്രണങ്ങൾ

ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും നിയന്ത്രിക്കും. ചരക്കുഗതാഗതം, അവശ്യസേവനങ്ങൾ എന്നിവയ്ക്കുമാത്രമേ സംസ്ഥാനാന്തരഗതാഗതം അനുവദിക്കൂ. കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മാധ്യമപ്രവർത്തകർക്ക് ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോംനഴ്സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. ട്രിപ്പിൾ ലോക്ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം.

തിരുവനന്തപുരം നഗരത്തിലേക്കു കടക്കാൻ ആറു വഴികൾ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിനെത്തുടർന്ന് നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്തേക്കു പോകുന്നതിനും നിയന്ത്രണമേർപ്പെടുത്തി. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും വരുന്നതും പോകുന്നതും ആറു വഴികളിലൂടെ മാത്രമായി നിയന്ത്രിച്ചു. നഗരാതിർത്തികളായ മറ്റ് 20 സ്ഥലങ്ങൾ പോലീസ് പൂർണമായും അടച്ചിട്ടുണ്ട്.

കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട-വഴയില, പൂജപ്പുര-കുണ്ടമൺകടവ്, നേമം-പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ. പുറത്തേക്കു പോകാനും ഇതുവഴി മാത്രമേ കഴിയുകയുള്ളൂ. അതോടൊപ്പം നഗരത്തിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററായി തിരിച്ച് അതിർത്തികൾ ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. ഇവിടങ്ങളിലും അത്യാവശ്യ യാത്രകൾക്ക് പ്രവേശനകേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അതനുസരിച്ച് താഴെപ്പറയുന്ന പ്രകാരമാണ് വിവിധ ക്ലസ്റ്ററുകളിലെ ക്രമീകരണങ്ങൾ.

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.

പോലീസ് സ്റ്റേഷനുകൾക്കു കീഴിലെ പ്രവേശനകേന്ദ്രങ്ങൾ

പോലീസ് സ്റ്റേഷൻ, പ്രവേശനസ്ഥലങ്ങൾ എന്ന ക്രമത്തിൽ. കന്റോൺമെന്റ്-പാളയം, പുളിമൂട്. മ്യൂസിയം -പി.എം.ജി., തൈക്കാട്. പൂജപ്പുര -കുണ്ടമൺകടവ്, ഇടപ്പഴഞ്ഞി. പേരൂർക്കട -വഴയില, കവടിയാർ. വട്ടിയൂർക്കാവ് -വഴയില, മരുതംകുഴി. മണ്ണന്തല-കേരളാദിത്യപുരം, കുടപ്പനക്കുന്ന്. ഫോർട്ട്-കിള്ളിപ്പാലം, കരിമ്പുവിള ജങ്ഷൻ. തമ്പാനൂർ- മോഡൽ സ്കൂൾ ജങ്ഷൻ, ചെമ്പുപണിപ്പുര. കരമന -കൈമനം, കിള്ളിപ്പാലം. നേമം -പ്രാവച്ചമ്പലം, പാപ്പനംകോട്. തിരുവല്ലം -തിരുവല്ലം ജങ്ഷൻ, പൂങ്കുളം. വിഴിഞ്ഞം -വിഴിഞ്ഞം തിയേറ്റർ ജംഗ്ഷൻ, ചപ്പാത്ത് പാലം. കോവളം -കോവളം ജങ്ഷൻ. വലിയതുറ -ആൾ സെയിന്റ്സ് ജങ്ഷൻ, പൊന്നറ പാലം. പൂന്തുറ -കുമരിച്ചന്ത, എം.എൽ.എ. റോഡ്. പേട്ട-കല്ലുംമൂട്, വെൺപാലവട്ടം. വഞ്ചിയൂർ-ജനറൽ ആശുപത്രി ജങ്ഷൻ, പടിഞ്ഞാറെക്കോട്ട. ശ്രീകാര്യം- പാങ്ങാപ്പാറ, പോങ്ങുംമൂട്. തുമ്പ-മുക്കോലയ്ക്കൽ, കുഴിവിള. മെഡിക്കൽ കോളേജ്-പരുത്തിപ്പാറ, പട്ടം. കഴക്കൂട്ടം-വെട്ടുറോഡ് ,ചേങ്കോട്ടുകോണം

പോലീസ് പൂർണമായും അടച്ച സ്ഥലങ്ങൾ

കഴക്കൂട്ടം-ചേങ്കോട്ടുകോണം, ശ്രീകാര്യം-ഉദയഗിരി, തുമ്പ-ആറ്റിൻകുഴി, പള്ളിത്തുറ, വിളയിൽകുളം ജം. തിരുവല്ലം -കാക്കാമൂല. നേമം-പാപ്പനംകോട്, പുന്നമൂട്. വിഴിഞ്ഞം-ഉച്ചക്കട, വട്ടിയൂർക്കാവ്- വെള്ളൈക്കടവ്, നെട്ടയം. മണ്ണന്തല-കേരളാദിത്യപുരം, പേരൂർക്കട -കിഴക്കേ മുക്കോല, പൂജപ്പുര -മങ്ങാട്ടുകടവ്.

എറണാകുളം ജില്ലയുടെ അതിർത്തികൾ അടച്ചു, വഴിയോര കച്ചവടം അനുവദിക്കില്ല

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ അതിർത്തികൾ എറണാകുളം റൂറൽ പോലീസിന്റെയും കൊച്ചി സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ അടച്ചു തുടങ്ങി. ബാരിക്കേഡ് വെച്ച് റോഡുകൾ പൂർണമായും അടയ്ക്കും. അവശ്യ സർവീസുകൾ മാത്രമേ കടത്തിവിടൂ.

എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ആരക്കുഴ പഞ്ചായത്തിൽനിന്ന് മണക്കാട് പഞ്ചായത്തിലേക്കുള്ള റോഡുകൾ അടച്ചു. അതിർത്തിയായ തോട്ടക്കരയിൽ റോഡ് പൂർണമായി അടച്ചു. പാറക്കടവിൽ റോഡ് ഭാഗികമായി അടച്ചു. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കാപ്പ് അച്ചൻ കവലയിൽ റോഡ് അടച്ചു.

എറണാകുളം-ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലം, നീണ്ടപാറ എന്നിവിടങ്ങളിലും അടയ്ക്കും. തൊടുപുഴ-കൂത്താട്ടുകുളം റോഡിലെ മാറികയിലും റോഡുകൾ അടയ്ക്കും.

കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന എം.സി. റോഡിലെ ചോരക്കുഴി, പാലാ-കൂത്താട്ടുകുളം റോഡിലെ മംഗലത്തുതാഴം, കുറവിലങ്ങാട്-പിറവം റോഡിലെ ഇലഞ്ഞി ആലപുരം, പെരുവ-ഇലഞ്ഞി റോഡിലെ പെരുമ്പടവം എന്നീ പ്രദേശങ്ങളും പൂത്തോട്ട, അരയൻകാവ്, നീർപ്പാറ എന്നിവിടങ്ങളും അടയ്ക്കും. തൃശ്ശൂർ ജില്ലയുടെ അതിർത്തിയായ കറുകുറ്റി പൊങ്ങം, പറവൂർ മൂത്തകുന്നം എന്നിവയും അടയ്ക്കും. ആലപ്പുഴ ജില്ലയുടെ അതിർത്തിയായ ഇടക്കൊച്ചി, കുമ്പളങ്ങി എഴുപുന്ന, ചെല്ലാനം, ബൈപ്പാസിൽ കുമ്പളം എന്നിവ അടയ്ക്കും.

നിരീക്ഷണത്തിനായി കൂടുതൽ പോലീസിനെ അതിർത്തികളിൽ എത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ചെക്കിങ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. 24 മണിക്കൂറും നിരീക്ഷിക്കും. പ്രധാന പാതകൾ കൂടാതെ, ജില്ലകളുമായി ബന്ധിപ്പിക്കുന്ന ചെറുറോഡുകളും അടയ്ക്കും. പഞ്ചായത്ത്, മുനിസിപ്പൽ അതിർത്തികളിലെ പ്രധാന റോഡുകളിലും പോലീസ് കാവലുണ്ടാകും.

അവശ്യസാധനങ്ങൾ മൂന്നുദിവസം മാത്രം
ജില്ലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മൂന്നുദിവസം മാത്രം തുറക്കും. ഇതുൾപ്പെടെ ട്രിപ്പിൾ ലോക്ഡൗൺ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

പലചരക്കു കടകൾ, ബേക്കറി, പഴം-പച്ചക്കറി കടകൾ, മത്സ്യ-മാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോടടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനു കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.

വഴിയോര കച്ചവടം അനുവദിക്കില്ല

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ എട്ടു മുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.

പാൽ, പത്രം, തപാൽ വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്ക് രണ്ടുവരെ നടത്താം.

റേഷൻ കടകൾ, പൊതുവിതരണ കേന്ദ്രം, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ സാധാരണഗതിയിൽ പ്രവർത്തിക്കാം.

തൃശ്ശൂർ ജില്ല പൂട്ടി

തൃശ്ശൂർ: ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്നതിന് ജില്ലയെ 12 മേഖലകളാക്കി പോലീസ് വിഭജിച്ചു. സിറ്റി, റൂറൽ പരിധികളിൽ ആറുവീതം മേഖലകളായാണ് വിഭജനം. ഒരു മേഖല ഒരു ഡിവൈ.എസ്.പി.യുടെ ചുമതലയിലായിരിക്കും. മൂന്ന് പോലീസ് സ്റ്റേഷനുകൾ ഒരു മേഖലയിലുണ്ടാവും. ക്യാമ്പുകളിൽനിന്നടക്കം 3000 പോലീസുകാരെ അധികമായി ജില്ലയിൽ വിന്യസിക്കും. ഇതിൽ 2000 പേർ സിറ്റിയിലും 1000 പേർ റൂറലിലുമായിരിക്കും.

ബൈക്കിലും ജീപ്പിലുമായി ഓരോ സ്റ്റേഷൻ പരിധിയിലും അഞ്ചുവീതം പട്രോളിങ് സംഘം ഉണ്ടാവും. 24 മണിക്കൂറും റോഡുകളിൽ പട്രോളിങ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടാവും. ജില്ലാ അതിർത്തികളും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികളും ഒന്നൊഴിച്ച് എല്ലാം അടയ്ക്കും. ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികൾ ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയായി. പോലീസ് നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്ന് റൂറൽ എസ്.പി. ജി. പൂങ്കുഴലി, സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവർ അഭ്യർഥിച്ചു.

തിരക്കൊഴിഞ്ഞ് ടോൾപ്ലാസ

പാലിയേക്കര: ലോക്ഡൗണിൽ ദേശീയപാതയൊഴിഞ്ഞു. ഞായറാഴ്ച പാലിയേക്കരയിൽ എത്തിയത് 11,000 വാഹനങ്ങൾ. സാധാരണ നിലയിൽ 41,000 വാഹനങ്ങൾ ടോൾപ്ലാസ കടക്കുന്നിടത്താണ് ഈ കണക്ക്. തിങ്കളാഴ്ച ട്രിപ്പിൾ ലോക്ഡൗൺ ആരംഭിക്കുന്നതോടെ ദേശീയപാതയിൽ വാഹനത്തിരക്ക് വീണ്ടും കുറയും. നിലവിൽ ടോൾപ്ലാസ കടന്നുപോകുന്ന വാഹനങ്ങളിൽ 82 ശതമാനം ഫാസ്ടാഗിലേക്ക് മാറിയിട്ടുണ്ട്. ടോൾപ്ലാസയിൽ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മൂന്നിലൊന്നായി കുറച്ച ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നത്.

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ

ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവസാന അക്കം ഇരട്ടയിൽ വരുന്നവർക്കും അവശ്യവസ്തുക്കൾ വാങ്ങാൻ യാത്രചെയ്യാം.

യാത്രയുമായി ബന്ധപ്പെട്ട്

മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾ നിരോധിച്ചു.

10 വയസ്സിനു താഴെയുള്ളവർ, 60 വയസ്സിനു മുകളിലുള്ളവർ അടിയന്തര മെഡിക്കൽ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

അവശ്യവസ്തുക്കൾ വാങ്ങാൻപോകുന്നവർ റേഷൻകാർഡ് കരുതണം.

ചരക്കുവാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.

സ്ഥാപനവുമായി ബന്ധപ്പെട്ട്

സർക്കാർ ഓഫീസുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന മറ്റുസ്ഥാപനങ്ങൾ കുറഞ്ഞ ജീവനക്കാരെ വെച്ച് മാത്രമേ പ്രവർത്തിക്കാവൂ. ഡ്യൂട്ടി ഓർഡർ, തിരിച്ചറിയൽകാർഡ് എന്നിവ യാത്രാവേളയിൽ സൂക്ഷിക്കണം.

ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ, ലാബ്, ഭക്ഷ്യ-അനുബന്ധ വ്യവസായങ്ങൾ, മാധ്യമങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

അവശ്യവസ്തുക്കൾ

പാൽ സംഭരണം രാവിലെ എട്ടുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും.

റേഷൻകടകൾ, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ(മിൽമ സ്ഥാപനങ്ങൾ ഉൾപ്പെടെ) ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.

ക്വാറന്റീനിൽ കഴിയുന്നവർക്കും റേഷൻകാർഡ് ഇല്ലാത്തവർക്കുംവേണ്ട മരുന്ന്, ഭക്ഷണസാധനങ്ങൾ ആർ.ആർ.ടി. അംഗങ്ങൾ എത്തിക്കും.

പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ പുലർച്ചെ മൂന്നുമുതൽ രാവിലെ ഏഴുവരെ പ്രവർത്തിക്കാം.

ഹോട്ടലുകൾ, സാമൂഹിക അടുക്കളകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം.

മറ്റു നിബന്ധനകൾ

ഹാർബർ പ്രവർത്തിപ്പിക്കരുത്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.

അവശ്യവസ്തുക്കൾ വാങ്ങാൻ റേഷൻകാർഡ് കരുതണം

- Advertisement -

- Advertisement -

- Advertisement -

Comments are closed.