above post ad local

അടച്ചിടൽ: സഹകരിച്ച് ജനം

തിരുവനന്തപുരം:സംസ്ഥാനത്തെ ലോക് ഡൗണിൽ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പോലീസ് പരിശോധന ശക്തമായിരുന്നു. മേയ് 16 വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടച്ചിടൽ നീട്ടേണ്ടിവരും.

അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിട്ടും ലംഘിച്ച് വാഹനവുമായെത്തിയവർക്ക് പിഴയടയ്ക്കേണ്ടിവന്നു. പലരുടെയും വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. സത്യവാങ്മൂലം പോലുമില്ലാതെ ഇറങ്ങിയവരായിരുന്നു ഇത്തരക്കാർ.

വാക്സിനേഷൻകേന്ദ്രങ്ങളിൽ കൂട്ടംകൂടാൻ പാടില്ലെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. വിരുദ്ധമായി പ്രവർത്തിച്ചാൽ ഹൈക്കോടതിനിർദേശപ്രകാരം നടപടിയെടുക്കും.

മാസ്ക് ധരിക്കാത്ത 21,534 ആളുകളുടെ പേരിൽ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേർക്കെതിരേ നടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപ ഈടാക്കി.

 

ഓൺലൈൻ പാസ് പ്രവർത്തനക്ഷമം

അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാൻ പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻസംവിധാനം പ്രവർത്തനക്ഷമമായി. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

അവശ്യസർവീസ് വിഭാഗത്തിലെ തിരിച്ചറിയൽകാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതികിട്ടിയാൽ പാസ് ഡൗൺലോഡ് ചെയ്യാം.

 

ജില്ലവിട്ടുള്ള യാത്ര വേണ്ടാ

ജില്ലവിട്ടുള്ള യാത്ര നിരുത്സാഹപ്പെടുത്തും. അടുത്തബന്ധുവിന്റെ മരണം, വിവാഹം, അടുത്തബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്കു കൊണ്ടുപോകൽ എന്നിവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്രയനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയൽകാർഡ്‌കൂടി കരുതണം.

വാക്സിനേഷനുപോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും വെബ്‌സൈറ്റിൽ കിട്ടും. ഈ മാതൃകയിൽ വെള്ളക്കടലാസിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.