above post ad local

വൈറസിന് തീവ്രവ്യാപന സ്വഭാവം; മാസ്‌കിനും പള്‍സ് ഓക്‌സിമീറ്ററിനും അമിതവില ഈടാക്കിയാൽ നടപടി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ നാം കൂടുതൽ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിൽ കാണുന്നത്. ആദ്യഘട്ടത്തിൽ എന്നപോലെ പ്രതിരോധത്തിൽ നിർണായകമായ പങ്കുവഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയതോതിൽ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തിൽ ടി.പിആർ 28 ശതമാനം വരെ എത്തിയിരുന്നു. അതിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. ടി.പി.ആർ. കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ക്ളിനിക്കുകളിൽ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതെ പ്രവർത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകൾ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകൾ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കർശനമായ നിയമനടപടികൾ അത്തരം സ്ഥാപനങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് വാർഡ്തല സമിതികളായിരുന്നു. ഈ ഘട്ടത്തിൽ പലയിടത്തും വാർഡ്തല സമിതികൾ സജീവമല്ല. വാർഡ്തല സമിതികൾ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതികൾ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാർഡ് തല നിരീക്ഷണ സമിതികൾ അവരുടെ വാർഡിലെ വീടുകൾ സന്ദർശിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി – കോർപ്പറേഷൻ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോർട്ട് ചെയ്യണം. ചില കാര്യങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടലോ സഹായമോ ആവശ്യമായിരിക്കും. അത്തരം കാര്യങ്ങൾ അവരെ അറിയിക്കണം.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുക യാണെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ബോധവൽക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാർഡ് തല സമിതികൾ ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രോഗം ബാധിച്ചവർക്ക് വൈദ്യസഹായം എപ്പോൾ വേണം, ആശുപത്രി സേവനം എപ്പോൾ വേണം എന്നീ കാര്യങ്ങളിൽ വാർഡ് തല സമിതികൾക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതി വെക്കണം.ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം. പൾസ് ഓക്സിമീറ്റർ, മാസ്ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി എടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് തല സമിതികൾക്ക് ആവശ്യമായ സഹായം അപ്പപ്പോൾ ലഭ്യമാക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയും. ശവശരീരം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മറവ് ചെയ്യാനോ സംസ്കരിക്കാനോ ഉള്ള സഹായവും വാർഡ് തല സമിതികൾ നൽകണം. മുൻപ് വാങ്ങിയവരിൽ നിന്നും പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂൾ ഉണ്ടാക്കാനും വാർഡ് തല സമിതികൾ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.