above post ad local

വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കണം.

രോഗവ്യാപന അന്തരീക്ഷത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വാർഡ് തല സമിതി നിരീക്ഷിക്കണം.

വാർഡ് തല നിരീക്ഷണസമിതി വീടുകൾ സന്ദർശിച്ച് കോവിഡ് വ്യാപനത്തെ കുറിച്ച് പൊതുവായ വിലയിരുത്തൽ നടത്തണം. കോവിഡ് വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി അതത് പഞ്ചായത്ത് തലത്തിൽ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കി ചെയ്യാൻ പഞ്ചായത്ത് ശ്രമിക്കണം. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുളള പ്രശ്നങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തണം.

അതിർത്തിയിൽ നടക്കുന്ന വാക്സിനേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കണം. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാർഡ്തല സമിതികൾ ചെയ്തുകൊടുക്കണം.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ വാർഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകണം.

പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.