above post ad local

കോണ്‍ഗ്രസ് ജംബോകമ്മിറ്റികൾ പിരിച്ചുവിടും

തിരുവനന്തപുരം: കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പൊതുവികാരം. നിയമസഭാതിരഞ്ഞെടുപ്പിൽ ജംബോ സമിതികൾകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മാത്രമല്ല, ആളുകൂടിയതിനാൽ ആർക്കും ഉത്തരവാദിത്വവുമുണ്ടായില്ല.

തിരഞ്ഞെടുപ്പുഫലം വിശദമായി വിലയിരുത്താൻ രാഷ്ട്രീയകാര്യസമിതിയുടെ യോഗം 18, 19 തീയതികളിൽ ചേരും. അതിനുമുമ്പായി മത്സരിച്ച സ്ഥാനാർഥികൾ, ഡി.സി.സി. പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് വിശദമായ റിപ്പോർട്ട് വാങ്ങും. എ.ഐ.സി.സി. പ്രതിനിധികളും തോൽവിയെക്കുറിച്ച് പഠിക്കാനെത്തും.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പോഷകസംഘടനകളിലും മാറ്റംവേണം.

പ്രധാനമായും യൂത്ത് കോൺഗ്രസ്, കെ.എസ്.യു. സംഘടനകളുടെ തിരഞ്ഞെടുപ്പ് പഴയ രീതിയിലാക്കണം. പാർട്ടിയെ നവീകരിക്കുന്നതിനും സംഘടനയെ അടിമുടി ഉടച്ചുവാർക്കുന്നതിനുമുള്ള വിശദമായ ചർച്ച ഉടൻ ആരംഭിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടായിരുന്ന മൂന്നുമണ്ഡലങ്ങളിൽ അവരെ തടുത്തുനിർത്തിയത് യു.ഡി.എഫ്. സ്ഥാനാർഥികളാണ്. മഹാമാരിയും പ്രളയവും സർക്കാരിനെതിരായ വിഷയങ്ങളെ സമരപഥത്തിലെത്തിക്കുന്നതിന് പ്രതിപക്ഷത്തിന് തടസ്സമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഒമ്പതുസീറ്റുകളിൽ ഒതുങ്ങി പരാജയത്തിൽ പതിച്ച പാർട്ടിയെ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്ന ചരിത്രം യോഗം അനുസ്മരിച്ചു.

പ്രകടനം നിരാശപ്പെടുത്തി -സോണിയ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പരാജയത്തിൽനിന്ന് പാർട്ടി എം.പി.മാർ വിനയത്തോടെ യുക്തമായ പാഠങ്ങൾ പഠിക്കണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അവർ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതും അപ്രതീക്ഷിതവുമാണ്. പരാജയം പരിശോധിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ വിളിക്കും. സംസ്ഥാനങ്ങളിലെ വിജയത്തിന് ടി.എം.സി., ഡി.എം.കെ, ഇടത് പാർട്ടികൾ എന്നിവയെ സോണിയ അഭിനന്ദിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.