above post ad local

ലോക്ഡൗൺ മാര്‍ഗരേഖയായി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമെ പ്രവർത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും.

എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയിൽ, വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎൻജി, എൽഎൻജി സേവനങ്ങൾ, ദുരന്ത നിവാരണം, ഊർജ ഉത്പാദനം – വിതരണം, പോസ്റ്റൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്, റെയിൽവെ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവർത്തിക്കാം.

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ആരോഗ്യം, ആയുഷ്, റെവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, വ്യവസായം – തൊഴിൽ വകുപ്പുകൾ, മൃഗശാല, കേരള ഐ.ടി മിഷൻ, ജലസേചനം, വെറ്ററിനറി സേവനങ്ങൾ, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവർത്തിക്കാം.

പോലീസ്, എക്സൈസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയിൽ വകുപ്പ് എന്നിവയ്ക്ക് പ്രവർത്തിക്കാം. ജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവർത്തിക്കും.

വൈദ്യുതി, ജലവിതരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിച്ചിട്ടുണ്ട്.

എന്നാൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

ആശുപത്രികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിർമാണ, വിതരണ സ്ഥാപനങ്ങൾ (പൊതു സ്വകാര്യ മേഖലകളിൽ ഉള്ളവ), ഡിസ്പെൻസറികൾ, മരുന്നു കടകൾ,മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ആംബുലൻസുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരുടെ ജോലി സ്ഥലത്തേക്കുള്ള യാത്ര അനുവദിക്കും.
കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇവയുമായി ബന്ധപ്പെട്ടവർ യാത്രകൾ പരമാവധി ഒഴിവാക്കണം. പെട്ടെന്ന് കേടുവരുന്ന കാർഷികോത്പന്നങ്ങളുടെ വിപണനവും അനുവദിക്കും.

സ്വകാര്യ – വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല

എന്നാൽ റേഷൻകടകൾ, ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറികൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം, കലിത്തീറ്റ, കോഴിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാം. എന്നാൽ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
ബാങ്കുകൾ, ഇൻഷറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവയ്ക്ക് രാവിലെ 10 മുതൽ ഒരു മണിവരെയും വളരെ കുറച്ച് ജീവനക്കാരുമായി രണ്ട് മണിവരെയും പ്രവർത്തിക്കാം.

അച്ചടി – ദൃശ്യ മാധ്യമങ്ങൾ, കേബിൾ, ഡിടിഎച്ച് സേവനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം

ടെലികമ്യൂണിക്കേഷൻ, ഇൻർനെറ്റ് സേവനങ്ങൾ, ഐ.ടി അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. എല്ലാ അവശ്യ വസ്തുക്കളുടെയും ഹോം ഡെലിവറിയും ഇ കോമേഴ്സും അനുവദിക്കും. പെട്രോൾ പമ്പുകൾ, പെട്രോളിയം, ഗ്യാസ്, എൽപിജി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറക്കാം. സെബി നോട്ടിഫൈ ചെയ്തിട്ടുള്ള സേവനങ്ങൾ നൽകാം. കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങൾ, മാസ്കുകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ, മരുന്നുകൾ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ, ഇ കോമേഴ്സ്, കൊറിയർ സ്ഥാപനങ്ങൾ, വാഹനങ്ങൾ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ, ടോൾ ബൂത്തുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ അനുവദിക്കും.
വ്യവസായ സ്ഥാപനങ്ങൾ അടച്ചിടണമെന്നാണ് നിർദ്ദേശം

എന്നാൽ അവശ്യവസ്തുക്കൽ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾ. കയറ്റുമതി ചെയ്യുന്ന വസ്തുക്കൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
റോഡ്-ജല ഗതാഗതം അനുവദനീയമല്ല. വിമാനസർവീസുകൾക്കും ട്രെയിൻ സർവീസുകളും(മെട്രോ ഒഴികെ) പ്രവർത്തിക്കും.

ഇളവുള്ളവ:

ചരക്കു ഗതാഗതത്തിന് തടസ്സമില്ല.
ഫയർഫോഴ്സ്, ക്രമസമാധാനം, അടിയന്തര സേവനങ്ങൾ, അവശ്യ വസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രിയിൽ പോകാനും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകാനും വരാനും (ടിക്കറ്റ് തെളിവായി കയ്യിൽ കരുതണം) ടാക്സികളും റിക്ഷകളും ഓല, യൂബർ തുടങ്ങിയ സേവനങ്ങളും പ്രയോജനപ്പെടുത്താം.
അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ഉത്തരവിൽ അനുവദനീയമെന്ന് പറയുന്ന കാര്യങ്ങൾക്കും മാത്രമേ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവൂ. കോവിഡ് വാക്സിനേഷൻ എടുക്കാൻ സ്വകാര്യ വാഹനങ്ങളിൽ പോകാ(വാക്സിനേഷൻ രജിസ്ട്രേഷൻ കാണിക്കണം)വുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നോ രാജ്യങ്ങളിൽനിന്നോ റെയിൽവേ സ്റ്റേഷനിലോ വിമാനത്താവളത്തിലോ എത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം.
ചരക്കുനീക്കത്തിനും അടിന്തര സേവനങ്ങൾക്കും മാത്രമേ അന്തർസംസ്ഥാന യാത്രകൾ അനുവദിക്കുകയുള്ളൂ. വ്യക്തികൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി അന്തർസംസ്ഥാന യാത്രകൾ നടത്തണമെങ്കിൽ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അനുവദനീയമല്ല

ഇളവുകൾ

വിനോദസഞ്ചാരികൾ, ലോക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയവർ, മെഡിക്കൽ-അടിയന്തര സേവന ജീവനക്കാർ, വിമാനത്തിലെയും കപ്പലിലെയും ജീവനക്കാർ എന്നിവർ താമസിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.
ക്വാറന്റീൻ സൗകര്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളവയ്ക്കും പ്രവർത്തിക്കാം.
വിദ്യാഭ്യാസ/പരിശീലന/ ഗവേഷണ/ കോച്ചിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ആരാധനാലയങ്ങൾ അടച്ചിടും. സാമൂഹിക/ രാഷ്ട്രീയ/ കായിക/ വിനോദ/ വിദ്യാഭ്യാസ/ സാംസ്കാരിക/ മതപരമായ കൂടിച്ചേരലുകൾ അനുവദനീയമല്ല. സംസ്കാരച്ചടങ്ങുകളിൽ 20-പേരിൽ അധികം പങ്കെടുക്കാൻ പാടില്ല. വിവരങ്ങൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങളിൽ, സാമൂഹിക അകലം പാലിച്ചുകൊണ്ട് 20 പേർക്കു വരെ പങ്കെടുക്കാം. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വിവരങ്ങൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ യാത്രയ്ക്ക് തടസ്സമില്ല. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലിക്കാർക്ക് യാത്ര ചെയ്യാം. ശുചീകരണ പ്രവർത്തനം ഉൾപ്പെടെയുള്ള മൺസൂൺപൂർവ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സമില്ല. വീട്ടുജോലിക്കാരുടെയും വയോധികരെയും കിടപ്പിലായവരെയും പരിചരിക്കുന്നവരുടെയും യാത്രയ്ക്ക് തടസ്സമില്ല.

നിർമാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും തടസ്സമില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അഞ്ചുപേർ വരെയുള്ള സംഘങ്ങൾക്ക് തൊഴിലുറപ്പ് ജോലിക്കും അയ്യൻകാളി തൊഴിലുറപ്പ് ജോലിക്കും പോകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൊഴിലാളികളെ ജോലിസ്ഥലത്ത് എത്തിക്കാം. പക്ഷെ ഈ സംവിധാനം കുറയ്ക്കുന്നതാണ് അഭികാമ്യം.

ഇളവുകൾ അനുവദനീയമായ സ്ഥാപനങ്ങളും തൊഴിലാളികളും കോവിഡ് 19-ന് എതിരായ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങളും പാലിക്കണം.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് സെക്ടറൽ മജിസ്ട്രേട്ടുമാരെയും ഇൻസിഡന്റ് കമാൻഡർമാരെയും നിയോഗിക്കാം. ഓരോ മേഖലയിലും ഈ നിയന്ത്രണങ്ങൾ ശരിയായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇൻസിഡന്റ് കമാൻഡർമാർക്കാണ്.

ജനങ്ങളുടെ യാത്രകളെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് നിയന്ത്രണങ്ങളെന്നും അവശ്യവസ്തുക്കളുടെ നീക്കത്തിനെ ഇത് ബാധിക്കരുതെന്നും നിയന്ത്രണം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരുടെ യാത്ര, സാധനങ്ങൾ എത്തിക്കൽ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്ക് തടസ്സമുണ്ടാകുന്നില്ലെന്ന് ഇൻസിഡന്റ് ഓഫീസർമാർ പ്രത്യേകം ഉറപ്പുവരുത്തണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.