above post ad local

ഒരുതുള്ളി വാക്‌സിന്‍ പോലും പാഴാക്കിയില്ല; അധിക ഡോസുകളും ഉപയോഗിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ വിതരണം അതീവസൂക്ഷ്മതയോടെയാണ് നടത്തിയതെന്നും അതിനാൽ ഒരു തുള്ളി പോലും പാഴായില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

 

കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്സിൻ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോൾ 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചത്. 3,15,580 ഡോസ് വാക്സിൻ കൂടി ബാക്കിയുണ്ട്. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യ പ്രവർത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. ആരോഗ്യ പ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമാനാർഹമായ വിധത്തിലാണ് ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വാക്സിനുകൾ ലഭിക്കുന്നില്ല എന്നാതാണ് നിലവിൽ നേരിടുന്ന പ്രശ്നം. ഒന്നുകിൽ 45 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന വിധത്തിൽ രാജ്യത്തെ വാക്സിൻ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും വാക്സിൻ ദൗർലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ കേന്ദ്രസർക്കാരിനെ ബന്ധപ്പെട്ടിരുന്നു. രോഗം ഇത്തരത്തിൽ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. എല്ലാ വാക്സിനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ആ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഒരുതരത്തിലും ശരിയായ നടപടിയല്ല. 18 വയസ്സുമുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.