above post ad local

പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേട്; തദ്ദേശത്തിലെ എല്‍.ഡി.എഫ്. വിജയത്തിനു കാരണം വ്യാജവോട്ട്-ചെന്നിത്തല

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ മാത്രമല്ല, പോസ്റ്റൽ ബാലറ്റിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടിനെതിരെ ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടർ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇരട്ട വോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പ്രാഥമിക പരിശോധന നടത്തുകയും താൻ ഉന്നയിച്ച കാര്യങ്ങൾക്ക് പ്രസക്തിയുണ്ടെന്നും ഗൗരവമേറിയതാണെന്നും കണ്ടെത്തുകയും ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് താനും എം.പിമാരും പരാതി നൽകി. എ.ഐ.സിസി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. അങ്ങനെയാണ് ഒരു ഒബ്സർവരെ ഇങ്ങോട്ട് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു. വ്യാപകമായ കള്ളവോട്ട് കേരളത്തിൽ നടത്താൻ സി.പി.എം. ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൺപതു വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകൾ ഇത്തവണ പോസ്റ്റൽ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വൻതോതിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മരിച്ചു പോയവരുടെയും പോസ്റ്റൽ വോട്ടിൽ സമ്മതപത്രം നൽകാത്തവരുടെയും പേരുകൾ പോലും പോസ്റ്റൽ ബാലറ്റിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രലിൽ പോസ്റ്റൽ വോട്ടിനുള്ള ലിസ്റ്റിൽ മരിച്ചുപോയ 10 പേരുടെ പേര് കടന്നു കൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വി.എസ്. ശിവകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് തിര. കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാത്തവരുടെ പേരും ഇതിലുണ്ട്. വോട്ടർ പട്ടികയിൽ മാത്രമല്ല ക്രമക്കേട്. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ വോട്ടുകൾ സീൽഡ് ബാലറ്റ് ബോക്സിൽ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവെക്കുന്നത് സ്ട്രോങ് റൂമിലല്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സി.സി.ടി.വി. ഇല്ലെന്നും ഇടതുപക്ഷ സർവീസ് സംഘടനകൾ കൃത്രിമം കാണിക്കുന്നു എന്ന പരാതി എം.എൽ.എമാർ ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

പോലീസ് അസോസിയേഷൻ അനധികൃതമായി പോലീസുകാരുടെ വോട്ടിന്റെ കാര്യത്തിൽ ഇടപെടുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വോട്ട് ചെയ്ത ശേഷം അത് മൊബൈലിൽ പകർത്തി പോലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ചു കൊടുക്കണമെന്ന് നിർദേശമുണ്ട്. ഇത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം താൻ ഡി.ജി.പിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.