above post ad local

തോറ്റതില്‍ നിരാശയില്ല, യുഡിഎഫ് ഇത്രയും ഗതികേടിലാണെന്ന് വിചാരിച്ചില്ല – പി.സി. ജോര്‍ജ്

കോട്ടയം: പൂഞ്ഞാറിൽ ഇരുപതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കേരള ജനപക്ഷം സ്ഥാനാർഥി പിസി ജോർജ്. പരാജയത്തിന്റെ യഥാർഥ കാരണമെന്താണെന്ന് വിശദമായി പഠിക്കാതെ പറയാൻ കഴിയില്ല. പരാജയത്തിൽ നിരാശയില്ലെന്നും പിസി ജോർജ് പറഞ്ഞു.

ബൂത്ത് കമ്മിറ്റിയിൽ വിളിച്ചപ്പോഴൊക്കെ അറിയാൻ കഴിഞ്ഞത് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ്. ബൂത്ത് പ്രസിഡന്റുമാർ തന്നെ ലിസ്റ്റിലും അങ്ങനെ തന്നെയാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. പൂഞ്ഞാറിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു. എട്ടായിരത്തോളം വോട്ടുകൾ കുറയുമെന്നായിരുന്നു കണക്കുകൂട്ടൽ. അത് കൃത്യമായിരുന്നു. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കിൽ മാത്രമാണെന്ന് പിസി വിശദീകരിച്ചു.

‘എൽഡിഎഫിന് 70 സീറ്റ് കിട്ടുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അത് കൂടി. യുഡിഎഫിന് 68 കിട്ടുമെന്ന് വിചാരിച്ചു. എന്നാൽ യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല. മുന്നണി പിരിച്ചുവിടണം. യുഡിഎഫിന് രക്ഷപ്പെടാനാവില്ല. ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേൾക്കാനാളില്ല. അതാണ് പ്രശ്നം. ലീഗിന്റേയും ഗതി അധോഗതിയാവാൻ പോവുകയാണ്.’

പാലായിൽ തോറ്റ ജോസ് കെ മാണിക്ക് പക്വതമില്ലായ്മയാണെന്നും പിസി പറഞ്ഞു. ജോസ് കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കണമായിരുന്നു, റോഷി അഗസ്റ്റിനെ പാലായിലും നിർത്തണം. അത് ചെയ്തില്ല. പാലാ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിൽ ഇറങ്ങി. ദൈവം അഹങ്കാരം സമ്മതിക്കില്ല. നിരാശനാണ് അയാൾ. തർക്കമില്ലാത്ത ഒരു മന്ത്രിയാണ് ഇപ്പോൾ വെറുതെയിരിക്കുന്നത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.