above post ad local

ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ല; ജോസിനോട് തന്നെ ചോദിക്കണം- മുഖ്യമന്ത്രി

0

കണ്ണൂർ: ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമർശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ പറഞ്ഞത് താൻ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കേന്ദ്ര ഏജൻസി പ്രവർത്തിക്കേണ്ടത് നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കാൻ ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ഇവിടെ പ്രവർത്തിച്ചിരിക്കുന്നു. നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നതിന് തെളിവുകൾ അടക്കം വരികയാണ്. ഈ തെളിവുകളോട കാര്യങ്ങൾ വന്നിട്ടും ഒരു നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് അതിനെതിരെ ഒരു പ്രതികരണവും ഉണ്ടാകുന്നില്ല എന്നു വന്നാൽ എത്ര മാത്രം അപഹാസ്യം ആകുമത്-മുഖ്യമന്ത്രി ആരാഞ്ഞു.

 

സ്വാഭാവികമായി ഇതിന്റെ ഉള്ളറകളിലേക്ക് പോകേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. അങ്ങനെ പുറത്തുവരുന്നത് എന്താണ് നല്ലത്? ഒരു ഭാഗം നിയമപരമായ നടപടികൾ അതിന് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അതിന് ഇടയാക്കിയ മറ്റുവശങ്ങൾ പുറത്തു വരേണ്ടതുണ്ട്. ആ കാര്യങ്ങൾ പുറത്തുവരാൻ ഏറ്റവും നല്ലത് ജുഡീഷ്യൽ അന്വേഷണം ആണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അതിന് തയ്യാറായത്. ഒരു നിയമവിരുദ്ധ നടപടിയും അതിലില്ല. ഒരു ഫെഡറൽ തത്വത്തിന്റെ ലംഘനവുമില്ല- അദ്ദേഹം പറഞ്ഞു.

 

സ്പീക്കറെ പോലെ ഒരാളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഒരു ഇടപെടൽ അന്വേഷണ ഏജൻസിയിൽനിന്ന് ലൈഫ് മിഷനെതിരെ വന്നു. അതുമായി ബന്ധപ്പെട്ട് നിയമസഭയുടെ അവകാശമാണ് ലംഘിക്കുന്നതെന്ന് എന്ന നിലപാട് എടുത്തുകൊണ്ട് ചില നിയമസഭാംഗങ്ങൾ അതിന്റെ പ്രിവിലേജ് പ്രശ്നം ഉന്നയിച്ചു. പ്രിവിലേജ് കമ്മിറ്റി ആ പ്രശ്നം എടുത്തു. പ്രിവിലേജ് കമ്മിറ്റിക്ക് അതിന് അവകാശമുണ്ട്. പക്ഷെ ഇവര് കണ്ടത് ഇതിന്റെയെല്ലാം മൂലകാരണക്കാരൻ സ്പീക്കർ ആണെന്നാണ്. എന്നാൽ നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ മറ്റു കാര്യം എന്ന തരത്തിൽ ഇല്ലാക്കഥകൾ അങ്ങ് തുടങ്ങുകയാണ്. എന്തെല്ലാമായിരുന്നു പ്രചരിപ്പിച്ചത്. ഗോസിപ്പുകളല്ലേ പുറത്തുവിട്ടിരുന്നത്. ഇപ്പോൾ എവിടെ എത്തി. ഇങ്ങനെയൊന്നും ഞങ്ങളുടെ പൊതുജീവിതത്തെ അങ്ങ് തകർത്തുകളയാമെന്ന് കരുതേണ്ടെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞിട്ടുണ്ട്. യഥാർഥ കാരണം ഇതാണ്: അന്വേഷണ ഏജൻസികൾക്കെതിരെ പ്രിവിലേജ് പ്രശ്നം നിയമസഭ എടുത്തു എന്ന് വന്നപ്പോൾ, നിയമസഭയുടെ സ്പീക്കർ ആയാൽപോലും നിങ്ങളെ വിടില്ല എന്ന നിലപാടിലേക്ക് ഏജൻസിയും അതിലെ ചില ഉദ്യോഗസ്ഥരും എത്തി എന്നാണ് കാണാൻ കഴിയുക. അതിന് ആവശ്യമായ രാഷ്ട്രീയ പരിരക്ഷ ബി.ജെ.പിയുടെ ചില കേന്ദ്രങ്ങൾ നൽകിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ശബരിമലയിൽനിന്ന് വോട്ട് അടർന്നുവീഴില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അത് ഫലിച്ചില്ല. വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.