above post ad local

എം.വി. ഗോവിന്ദനും ബാലഗോപാലും രാജീവും ഉറപ്പ്; മന്ത്രിമാരാകാന്‍ യുവമുഖങ്ങളും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ സി.പി.എമ്മിൽനിന്ന് എത്തുക പുതുമുഖനിര. നിലവിലെ മന്ത്രിമാരിൽ മേഴ്സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയിൽ തുടരണമെന്നില്ല. എം.എം. മണിക്കും ടി.പി. രാമകൃഷ്ണനും ആരോഗ്യപ്രശ്നങ്ങളുണ്ട്.

മുഖ്യമന്ത്രിയുൾപ്പെടെ 13 അംഗങ്ങളാകും സി.പി.എമ്മിൽനിന്ന് മന്ത്രിസഭയിലെത്തുക. ക്യാപ്റ്റനായി ഇടതു മുന്നണിയെ നയിച്ച പിണറായി വിജയൻ തന്നെയാണ് സി.പി.എമ്മിൽനിന്ന് മത്സരിച്ച ഏക പൊളിറ്റ്ബ്യൂറോ അംഗവും. കെ.കെ. ശൈലജയാണ് കേന്ദ്ര കമ്മിറ്റിയിലെ സീനിയർ. മറ്റ് രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ ഉറപ്പായും മന്ത്രിസഭയിലെത്തും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, സജി ചെറിയാൻ, വി.എൻ. വാസവൻ, എം.ബി. രാജേഷ് എന്നിവർക്കും സാധ്യത കൂടുതലാണ്. തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവൻകുട്ടി മന്ത്രിസഭയിലെത്തിയേക്കും.

വനിതകളിൽ നിന്ന് ശൈലജ ടീച്ചർക്ക് പുറമെ മികച്ച വിജയം നേടിയ വീണ ജോർജ്, കാനത്തിൽ ജമീല എന്നിവരിൽ ഒരാൾക്ക് സാധ്യത കൂടുതലാണ്. കെ.ടി. ജലീലിന്റെ പേര് സ്പീക്കർ സ്ഥാനത്തേക്കും ഉയരുന്നുണ്ട്. വനിതാ സ്പീക്കറെ പരീക്ഷിച്ചാൽ വീണ ജോർജിന്റെ പേരിനാകും മുൻതൂക്കം. അങ്ങനെയെങ്കിൽ വനിതകളിൽ ശൈലജ ടീച്ചർക്ക് പുറമെ കാനത്തിൽ ജമീലയോ ആർ. ബിന്ദുവോ മന്ത്രിസഭയിലെത്തും.

സി.ഐ.ടി.യു പ്രാതിനിധ്യം പരിഗണിച്ച് മലപ്പുറത്തുനിന്ന് പി. നന്ദകുമാറിന് സാധ്യതയുണ്ട്. മുതിർന്ന നേതാക്കളിൽ പി. മമ്മിക്കുട്ടിയുടെ പേരും പരിഗണനയിൽ വന്നേക്കും. മലപ്പുറം പ്രാതിനിധ്യമായി വി.അബ്ദുറഹ്മാന്റെ പേരും ഉയരുന്നുണ്ട്.

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവർ:

1. കെ.കെ. ശൈലജ
2. എം.വി. ഗോവിന്ദൻ
3. കെ. രാധാകൃഷ്ണൻ
4. കെ.എൻ. ബാലഗോപാൽ
5. പി. രാജീവ്
6. വി.എൻ. വാസവൻ
7. സജി ചെറിയാൻ
8. വി. ശിവൻകുട്ടി
9. എം.ബി. രാജേഷ്
10. എ.സി മൊയ്തീൻ
11. സി.എച്ച്. കുഞ്ഞമ്പു
12. വീണ ജോർജ്
13. കാനത്തിൽ ജമീല
14. പി.പി. ചിത്തരഞ്ജൻ
15. മുഹമ്മദ് റിയാസ് അല്ലെങ്കിൽ എ.എൻ. ഷംസീർ

- Advertisement -

- Advertisement -

- Advertisement -

Comments are closed.