above post ad local

വിജയതരംഗം..; ഭരണത്തുടർച്ച ചരിത്രം

തിരുവനന്തപുരം:യു.ഡി.എഫിനെ തകർത്തെറിഞ്ഞ്, ബി.ജെ.പി.യെ നിലംപരിശാക്കി കേരളത്തിൽ എൽ.ഡി.എഫ്. തരംഗം. 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തിൽ എൽ.ഡി.എഫ്. സർക്കാർ ഭരണത്തുടർച്ചയോടെ പുതുചരിത്രമെഴുതി. 2016-ലേതിനെക്കാൾ ദയനീയ തോൽവി നേരിട്ട യു.ഡി.എഫിന് കിട്ടിയത് 41 സീറ്റുമാത്രം. ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ട് ബി.ജെ.പി. പൂജ്യത്തിലേക്ക് വീണു.

വയനാട്, മലപ്പുറം, എറണാകുളം ഒഴികെ 11 ജില്ലകളിലും ഭൂരിപക്ഷം സീറ്റുകൾ എൽ.ഡി.എഫ്. നേടി. പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും തിരുവനന്തപുരത്ത് 14-ൽ 13-ഉം ആലപ്പുഴയിൽ ഒമ്പതിൽ എട്ടും തൃശ്ശൂരിൽ 13-ൽ 12-ഉം ഇടുക്കിയിൽ അഞ്ചിൽ നാലും എൽ.ഡി.എഫ്. നേടി.

ഭരണകാലാവധി തികഞ്ഞശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അതേ സർക്കാർ തിരിച്ചെത്തുന്നത് കേരളചരിത്രത്തിൽ ആദ്യമാണ്. ഇടതുതരംഗ പ്രകമ്പനത്തിൽ യു.ഡി.എഫിന്റെ ഉറച്ചകോട്ടകളും പ്രതീക്ഷകളും നിലംപൊത്തി. പ്രതിപക്ഷമുയർത്തിയ വിവാദങ്ങളൊന്നും ഏശിയില്ല. പ്രളയദുരിതാശ്വാസത്തിലും കോവിഡ് പ്രതിരോധത്തിലും ജനക്ഷേമപ്രവർത്തനങ്ങളിലും സർക്കാർ കാട്ടിയ മികവാണ് ഈ വിജയത്തിലേക്ക് നയിച്ച പ്രധാനകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

2016-ൽ 91 സീറ്റാണ് എൽ.ഡി.എഫ്. നേടിയത്. സി.പി.എം. 63 സീറ്റും. ഇത്തവണ മുന്നണി എട്ടുസീറ്റ് അധികം നേടി. സി.പി.എം. 67 സീറ്റുകൾ നേടി. സി.പി.ഐ.യുടെ സീറ്റുകൾ 19-ൽ നിന്ന് 17 ആയി കുറഞ്ഞു. ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് 12 സീറ്റിൽ മത്സരിച്ചെങ്കിലും അഞ്ചിടത്തേ ജയിക്കാനായുള്ളൂ. ജോസ് കെ. മാണി പാലായിൽ മാണി സി. കാപ്പനോട് പരാജയപ്പെട്ടു.

യു.ഡി.എഫിന്റെ കക്ഷിനില 47-ൽ നിന്നാണ് 41 ആയി കുറഞ്ഞത്. കോൺഗ്രസിന് കഴിഞ്ഞതവണയുണ്ടായിരുന്ന 22-ൽ ഒന്നുകുറഞ്ഞു. മുസ്ലിംലീഗിന്റെ സീറ്റ് 18-ൽനിന്ന് 15 ആയി.

2016-ൽ ഏഴിടത്ത് രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ ഒമ്പതിടത്ത് രണ്ടാമതായി. എന്നാൽ, നേമത്ത് ബി.ജെ.പി. 2016-ൽ തുറന്ന അക്കൗണ്ട് പിണറായി വിജയൻ പ്രഖ്യാപിച്ചപോലെ സി.പി.എമ്മിലെ വി. ശിവൻകുട്ടി ക്ലോസ് ചെയ്തു. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച കെ. മുരളീധരന് മൂന്നാംസ്ഥാനമേയുള്ളൂ.

ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും ശബരിമല ഉൾപ്പെടുന്ന കോന്നി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുമായി. മെട്രോമാൻ ഇ. ശ്രീധരന് പാലക്കാട്ട് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ ആർ.എം.പി.യിലെ കെ.കെ. രമ യു.ഡി.എഫ്. പിന്തുണയോടെ വടകരയിൽ ജയിച്ചു.

2016-ൽ സ്വതന്ത്രനായി ജയിച്ച പി.സി. ജോർജും പരാജയപ്പെട്ടതോടെ എൽ.ഡി.എഫും യു.ഡി.എഫും മാത്രമായിരിക്കും 15-ാം കേരളനിയമസഭയിൽ.

മുഖ്യമന്ത്രി പിണറായി വിജയനും ജയിച്ച മന്ത്രിമാരും ഭൂരിപക്ഷം മെച്ചപ്പെടുത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മത്സരിച്ച 12 മന്ത്രിമാരിൽ ജെ. മേഴ്സിക്കുട്ടിയമ്മ മാത്രമാണ് തോറ്റത്. മന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവുംകൂടുതൽ ഭൂരിപക്ഷം- 61,035 വോട്ടുകൾ. ഇത് റെക്കോഡാണ്.

2006-ലാണ് എൽ.ഡി.എഫ്. ഇതിന് സമാനമായ വിജയം നേടിയത്. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അന്ന് 98 സീറ്റിൽ വിജയിച്ചു.

യു.ഡി.എഫ് 42-ലും.

ദുരന്തകാലത്ത് നാടിനെ നേരായവഴിയിൽ നയിച്ചതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം. വിനയപുരസ്സരം അത് ജനങ്ങൾക്ക് സമർപ്പിക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയൻ

പരാജയം അപ്രതീക്ഷിതമാണ്. വീഴ്ചകൾ പരിശോധിച്ച് മുന്നേറും-പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ബി.ജെ.പി.ക്കെതിരേ വർഗീയ ധ്രുവീകരണം നടന്നതിനാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.- ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ

- Advertisement -

- Advertisement -

- Advertisement -

Comments are closed.