
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ഭരിക്കാൻ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയാം. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും.
രാവിലെ എട്ടരേയാടെ സൂചനകൾ ലഭ്യമാകും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. തപാൽവോട്ടുകൾ എട്ടിനും വോട്ടിങ് യന്ത്രത്തിലേത് എട്ടരയ്ക്കും എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ സംവിധാനത്തിൽ ചേർക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 30 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,56,771 ആണ്. ഞായറാഴ്ച രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാൽബാലറ്റുകൾ വരണാധികാരിക്ക് നൽകാം. ഒരു ഇ.വി.എം. എണ്ണാൻ സാധാരണനിലയിൽ പത്തുമുതൽ 15 മിനിറ്റും ഒരുതപാൽവോട്ടിന് 40 സെക്കൻഡുമാണ് വേണ്ടത്.
ആഹ്ലാദപ്രകടനത്തിനായി നിരത്തിലിറങ്ങണ്ട; പിടിവീഴും
വോട്ടെണ്ണലിനെ തുടർന്നുള്ള ആഹ്ലാദപ്രകടനങ്ങൾക്കായി നിരത്തിലിറങ്ങിയാൽ പിടിവീഴും. തിരഞ്ഞെടുപ്പ് കമ്മിഷൻ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നതിനാലുമാണിത്. പൊതുനിരത്തുകളിൽ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആളുകൂടാൻ അനുവദിക്കുകയുമില്ല.
കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൂടുതൽ സേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മുന്നോടിയായി ശനിയാഴ്ച വൈകീട്ടുമുതൽതന്നെ വിവിധയിടങ്ങളിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. എല്ലായിടത്തും ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്രമസമാധാനപാലനത്തിനായി ഡിവൈ.എസ്.പി.മാർമുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരുണ്ടാകും.
വോട്ടെണ്ണൽ ഇങ്ങനെ
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു വരെ ഹാളുകൾ ഉപയോഗിക്കാനാണ് നിർദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 140 ഹാളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
എണ്ണക്കൂടുതലുള്ള തപാൽ വോട്ടുകൾ ആദ്യമെണ്ണും. അതിനാൽ ആദ്യ ഫലസൂചനകൾ വൈകും. വോട്ടെണ്ണലിന് ഒരു മണിക്കൂർ മുമ്പുവരെയാണ് തപാൽ ബാലറ്റ് സ്വീകരിക്കുക.
ഏഴ് മേശകൾ
ഓരോ ഹാളിലും ഇക്കുറി ഏഴ് മേശകൾ. ഓരോ മേശയിലും കൗണ്ടിങ് സൂപ്പർ വൈസറും അസിസ്റ്റന്റും കൗണ്ടിംങ് ഏജന്റുമാരും ഉണ്ടാകും. തപാൽ വോട്ട് എണ്ണുന്ന മേശകളുടെ എണ്ണം ആവശ്യമെങ്കിൽ രണ്ടാക്കാനും നിർദേശമുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 മേശകളാണുണ്ടായിരുന്നത്. ഇത്തവണ കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനാണ് ഒരു ഹാളിൽ ഏഴു മേശകളാക്കിയത്. പോളിങ് ബൂത്തുകൾ ഇത്തവണ 89 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വർധനയുണ്ടായി.
മേശകളിൽ സംഭവിക്കുന്നത്
1 വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം രാവിലെ ഏഴരയോടെ വരണാധികാരി സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറക്കുന്നു. ചാർജ് ഓഫീസർ വോട്ടിങ് യന്ത്രങ്ങൾ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണൽ ഹാളിലേക്ക്.
2 വോട്ടെണ്ണൽ ഹാളിൽ ഓരോമേശയ്ക്കും സൂപ്പർ വൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. പ്രധാനഹാളിൽ വരണാധികാരിയും മറ്റുഹാളുകളിൽ എ.ആർ.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരുകൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാർഥിയുടെയും കൗണ്ടിങ് ഏജന്റുമാർക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം.
3 കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രത്തിന്റെ സീൽപൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഡിസ്പേ്ള നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങൾ രേഖപ്പെടുത്തും. എഴുതിയും വോട്ടിങ് വിവരങ്ങൾ സൂക്ഷിക്കുന്നുണ്ട്.
4 വോട്ടെണ്ണൽ പൂർത്തിയായാൽ നിരീക്ഷകനും വരണാധികാരിയും അതംംഗീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ എന്ന സൈറ്റിലേക്ക് വിശദാംശങ്ങൾ നൽകും.
21 കൂടുതൽ ബൂത്തുകൾ
മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി ഓരോ റൗണ്ടിലും 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നത്.
50496 വോട്ടിങ് മെഷീനുകൾ
റിസർവ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ ഉപയോഗിച്ചത്.
തപാൽ ബാലറ്റ് എണ്ണൽ
തപാൽ ബാലറ്റുകൾ എണ്ണുന്നതിന് ഓരോ മേശയിലും എ.ആർ.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഇ.വി.എം. എണ്ണുന്നതുപോലെ ഉദ്യോഗസ്ഥരും ഏജന്റുമാരും ഇവിടേയുമുണ്ട്. ഒരുമേശയിൽ 500 വോട്ടുകളാണ് എണ്ണുന്നത്.അസാധുവായ ബാലറ്റ് തള്ളും. സർവീസ് വോട്ടുകൾ ക്യു.ആർ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാൽ ബാലറ്റുകൾ പൂർണമായും എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു.
- Advertisement -
Comments are closed.