above post ad local

അതിഥിതൊഴിലാളികളെ പിടിച്ചുനിർത്താൻ കേരളത്തിന്റെ തീവ്രശ്രമം

കണ്ണൂർ:സൗജന്യ വാക്സിനേഷനും ചികിത്സാസൗകര്യങ്ങളും ഒരുക്കി അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണെങ്കിലും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കേരളം വിട്ടവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവന്നിട്ടില്ല. ഇത് നിർമാണം അടക്കം പല മേഖലകളെയും സാരമായി ബാധിച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ഈ നീക്കം. ഹിന്ദി, അസമീസ്, ഒഡിഷ, ബംഗാളി ഭാഷകൾ അറിയാവുന്നവരെ നിയോഗിച്ച് എല്ലാ ജില്ലകളിലും കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. അതിഥിതൊഴിലാളികൾക്ക് രോഗംവന്നാൽ ആശുപത്രി, ആംബുലൻസ് സേവനങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ ലേബർ ഓഫീസർമാർക്ക് ലേബർ കമ്മിഷണറേറ്റിൽനിന്ന് നിർദേശംപോയി. വിവിധ ഭാഷകളിൽ കോവിഡ് ബോധവത്കരണ ലഘുലേഖകളും തയ്യാറാക്കുന്നുണ്ട്. കോൾ സെന്ററിൽ പക്ഷേ, ഇതുവരെ ചുരുക്കം അന്വേഷണങ്ങളേ വന്നുള്ളൂ. ഇതിനിടെ രണ്ടാം ലോക്ഡൗൺ ഭയന്ന് അടുത്തദിവസങ്ങളിൽ ഒട്ടേറെപ്പേർ വീണ്ടും കേരളം വിട്ടു. പല ദീർഘദൂര തീവണ്ടികളിൽ തത്കാൽ ടിക്കറ്റുപോലും കിട്ടാനില്ല. ഈ സാഹചര്യത്തിൽ പല മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമായേക്കും.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 3,07,138 അതിഥിതൊഴിലാളികളാണ് സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം തൊഴിൽവകുപ്പെടുത്ത കണക്കുപ്രകാരം 49,270 പേർമാത്രമാണ് മടങ്ങിവന്നത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് കണ്ണൂരായിരുന്നു -15,303 പേർ. 50,315 പേർ വിട്ട എറണാകുളം ജില്ലയിൽ 8275 േപർ മാത്രമാണ് തിരികെവന്നത്. ഇത് അന്തിമകണക്കല്ലെന്നും കൂടുതൽപ്പേർ വന്നിട്ടുണ്ടാകുമെന്നും തൊഴിൽവകുപ്പ് വിശദീകരിക്കുന്നു.

2013-ൽ സംസ്ഥാന ആസൂത്രണ കമ്മിഷൻ തയ്യാറാക്കിയ കണക്കുപ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നും വർഷംതോറും ഇത് എട്ടുശതമാനം കൂടുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞകൊല്ലം കോവിഡ് കാലത്ത് തൊഴിൽവകുപ്പ് കണക്കെടുത്തപ്പോൾ 4,34,280 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 3,07,138 പേർ മടങ്ങി. സെപ്റ്റംബർ അവസാനംവരെ ആകെ 8196 പേർ മാത്രമാണ് തിരികെയെത്തിയത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പോകാതെനിന്നവരെയും മടങ്ങിവന്നവരെയും ചേർത്താൽ 1,76,412 അതിഥിതൊഴിലാളികൾ മാത്രമാണ് കേരളത്തിൽ അവശേഷിക്കുന്നത്. ഇതിൽനിന്ന് കുറെപ്പേർ കഴിഞ്ഞ ദിവസം മടങ്ങി.

തൊഴിൽവകുപ്പിന്റെ കണക്കനുസരിച്ച് കോവിഡ് കാലത്ത് കേരളംവിട്ട അതിഥിതൊഴിലാളികളും തിരികെവന്നവരും ജില്ലതിരിച്ച്

 

ജില്ല പോയവർ വന്നവർ

തിരുവനന്തപുരം 20493 3820

കൊല്ലം 10945 1725

 

പത്തനംതിട്ട 12144 1775

ആലപ്പുഴ 10867 1966

കോട്ടയം 4626 3164

 

ഇടുക്കി 22070 1399

എറണാകുളം 50315 8275

തൃശ്ശൂർ 25439 1588

 

പാലക്കാട് 16260 3659

മലപ്പുറം 42719 2780

കോഴിക്കോട് 43180 1313

 

വയനാട് 3669 1226

കണ്ണൂർ 33491 15303

കാസർകോട് 10915 1277

ആകെ 307138 49270

- Advertisement -

- Advertisement -

- Advertisement -

Comments are closed.