വാഷിങ്ടൻ: ടെക്സസിലെ സ്കൂളിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് യുഎസിൽ വീണ്ടും വെടിവയ്പ് . ഓക്ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. അക്രമി സ്വയം വെടിയുതിർത്തതാണോ അതോ പൊലീസ് വധിച്ചതാണോ എന്നു വ്യക്തമല്ല. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ.
- Advertisement -
Comments are closed.