above post ad local

ശുദ്ധവായു ഇല്ലാതെ, ആവശ്യത്തിന് ഭക്ഷണമില്ലാതെ ആ മെട്രോ സ്റ്റേഷനില്‍ ഇവര്‍ 3-ാം മാസം

യുദ്ധം തകര്‍ക്കുന്നത് ഒരു ജനതയുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെയാണ്. ഇതിന്റെ നേര്‍ക്കാഴ്ചകളാണ് യുക്രൈനില്‍നിന്ന് പുറത്തെത്തുന്നത്. മൂന്ന് മാസത്തോളമായി യുക്രൈനിലെ മെട്രോ സ്റ്റേഷനില്‍,പ്രാണഭയത്തില്‍ മുങ്ങിക്കഴിയുകയാണ് ഒരു കൂട്ടം ജനങ്ങള്‍.യുക്രൈന്‍ നഗരമായ ഖാര്‍ക്കീവിലെ മെട്രോ സ്റ്റേഷനിലാണ് ആയിരക്കണക്കിന് പേര്‍ തങ്ങുന്നത്. ഭക്ഷണം, മരുന്ന് എന്തിന് ശുദ്ധവായു പോലും കിട്ടാന്‍ ഇവര്‍ ബുദ്ധിമുട്ടുകയാണ്. ചിലര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെയും ഒപ്പം കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇവരുടെ ദൈന്യതയെ കുറിച്ച് പറയുന്നത്.

ഞങ്ങള്‍ എന്തിനാണ് ഇതൊക്കെ അനുഭവിക്കുന്നത്- പൊട്ടിക്കരഞ്ഞുകൊണ്ട് സിനിയ എന്ന യുക്രൈന്‍ വനിത ചോദിക്കുന്നു. റഷ്യ നടത്തിയ ബോംബാംക്രമണത്തില്‍ സിനീയയുടെ വീട് തകര്‍ന്നുപോയിരുന്നു. ഫെബ്രുവരി മുതല്‍ സിനിയ ധരിക്കുന്നത് ഒരേ വസ്ത്രമാണ്. എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി, ആരുമില്ലാതെയായിരിക്കുകയാണ് ഇവര്‍ക്ക്. ശുദ്ധവായു ലഭിക്കാതെ, കുളിക്കാനോ കഴുകാനോ പറ്റാതെ ഇവിടെയുള്ളവര്‍ക്ക് രോഗങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കരള്‍രോഗം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരും ഇവിടെയുണ്ട്. ഇവര്‍ക്ക് ആവശ്യമായ ആരോഗ്യപരിചരണം നല്‍കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.

ഷെല്‍ ആക്രമണത്തില്‍ വീട് തകര്‍ന്നതോടെയാണ് നതാലിയയും മകള്‍ അലിയോണയും ഇവിടെയെത്തിയത്. പാതി തകര്‍ന്ന വീട്ടിലേക്ക് പോവേണ്ടതിനെ കുറിച്ച് ചോദിക്കുമ്പോള്‍ കുഞ്ഞുഅലിയോണയ്ക്ക് ഭീതി മാത്രമാണുള്ളത്.കുറച്ച് നാളുകള്‍ക്ക് മുന്നേ ഖാര്‍കീവിലെ ഈ മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളെ ഇവിടെനിന്നും പുറത്താക്കുമേയെന്ന ഭയത്തിലാണ് ഇവിടെ തങ്ങിയിരിക്കുന്നവരുള്ളത്. പുറത്തെ അരക്ഷിതാവസ്ഥയിലേക്ക് പോവാന്‍ ഇവര്‍ക്കെല്ലാം ഭയമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.