above post ad local

അവള്‍ക്കും സ്വപ്നങ്ങളുണ്ടായിരുന്നു, സ്ത്രീധനഭീഷണി എല്ലാം തകര്‍ത്തു; പ്രതികരിക്കാതെ കിരണിന്റെ കുടുംബം

കൊല്ലം: കിരണിന് ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷനെ ഏറെ സഹായിച്ചത് ഡിജിറ്റല്‍ തെളിവുകള്‍. വിസ്മയ, സഹോദരന്‍ വിജിത്തിന് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ ക്രൂരപീഡനങ്ങള്‍ വിവരിക്കുന്നതായിരുന്നു. കിരണ്‍ അറിയാതെതന്നെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട കോളുകളും അന്വേഷണത്തില്‍ നിര്‍ണായകമായി.

വിജിത്ത്, ഭാര്യ ഡോ. രേവതി, കിരണിന്റെ സഹോദരി കീര്‍ത്തി, പന്മന സ്വദേശിയായ സഹപാഠി തുടങ്ങിയവര്‍ക്ക് വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും മര്‍ദനത്തിനും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിനും തെളിവായി. ഒട്ടേറെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ച് രേഖകള്‍ വീണ്ടെടുത്തു. കിരണ്‍ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി ഇട്ടിവ സ്വദേശികളായ സുഹൃത്തുക്കളോടും കൈതോട്ടെ ബന്ധുക്കളോടും ഫോണിലൂടെയും പറഞ്ഞിരുന്നു.

കിരണിന്റെയും വിസ്മയയുടെയും ഫോണുകളില്‍നിന്നും ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. വിസ്മയയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് കിരണ്‍ ബ്ലോക്ക് ചെയ്യിക്കുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഫോണുകളും ലാപ്‌ടോപ്പും പരിശോധിക്കാനുള്ള പോലീസിന്റെ നീക്കം തടയാനും കിരണ്‍ ശ്രമിച്ചു. പിന്നീടാണ് പാസ്വേഡുകള്‍ കിരണ്‍ പോലീസിന് കൈമാറിയത്.

വിവാഹമോചനത്തിനായി ത്രിവിക്രമന്‍ നായര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടിരുന്നു. ഇതും തെളിവായി. കോളേജ് ഹോസ്റ്റലിലെ മേട്രനോടും കിരണിന്റെ പീഡനങ്ങളെപ്പറ്റി വിസ്മയ ഫോണിലൂടെ സൂചിപ്പിച്ചിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി നടന്ന ഫോണ്‍സംഭാഷണങ്ങളും ഏറെയായിരുന്നു.

പരീക്ഷാഫീസ് അടയ്ക്കാന്‍ വിസ്മയയുടെ അമ്മ സജിത കൊടുത്തയച്ച പണം അയല്‍വാസിയാണ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. ഈ രേഖകളും തെളിവായി. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകള്‍ കൃത്യതയോടെ പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചതോടെ ശിക്ഷ ഉറപ്പാകുകയായിരുന്നു.

വെളിപ്പെട്ടത് സ്ത്രീധനപീഡനത്തിന്റെ ക്രൂരമുഖം

കൊല്ലം: വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായെന്ന് സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതി കോടതിയില്‍ മൊഴിനല്‍കി. സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതായും മാനസികമായി കുത്തിനോവിക്കുന്നതായും പറഞ്ഞിരുന്നു. കിരണ്‍ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നുവെന്നും വിസ്മയ പറഞ്ഞിരുന്നു.

കിരണിനു കൊടുക്കാമെന്ന് പറഞ്ഞതെല്ലാം കൊടുത്താല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി. നായര്‍ സാക്ഷിമൊഴി നല്‍കി.

സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവമാരംഭിച്ചത്. വിജിത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂര്‍ണരൂപം വിസ്മയ പറഞ്ഞത്. തുടര്‍ന്ന് സമുദായസംഘടനയെ വിവരമറിയിച്ചു. മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.

സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വര്‍ണത്തിന്റെയും കാര്യംപറഞ്ഞ് പീഡിപ്പിക്കുന്നതായി വിസ്മയ പറഞ്ഞുവെന്ന് സഹപാഠി വിദ്യ മൊഴിനല്‍കി. വിജിത്തിന്റെ വിവാഹത്തിന് കണ്ടപ്പോള്‍ ബാക്കി സ്ത്രീധനം ലഭിച്ചശേഷം മാത്രമെ കിരണ്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു. പിന്നീട് തിരികെ കിരണിന്റെ വീട്ടില്‍ പോയശേഷം വാട്സാപ്പിലും ഫെയ്സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. ജീവിതം മടുത്തുവെന്നും തന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും മൊഴിനല്‍കി.

2020 ഓണത്തിനുമുമ്പ് ഒരുദിവസം വിസ്മയ കരഞ്ഞുകൊണ്ട് തന്റെ വീട്ടുമുറ്റത്തേക്ക് കയറിവന്നുവെന്ന് കിഴക്കേ കല്ലട സ്വദേശി ഷൈല മൊഴിനല്‍കി. കൊല്ലത്തുനിന്ന് തിരികെവരുന്നവഴി കാറിന്റെ കാര്യംപറഞ്ഞ് വഴക്കിട്ട് ഉപദ്രവിച്ചുവെന്ന് വിസ്മയ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ മോട്ടിവേഷണല്‍ സ്പീക്കറായ നിപിന്‍ നിരാവത്ത് 2021 ഫെബ്രുവരി 27-ന് വിസ്മയ ഗൂഗിള്‍ മീറ്റ് വഴി സംസാരിച്ചുവെന്ന് മൊഴിനല്‍കി. പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ലെന്നാണ് ആദ്യംപറഞ്ഞതെങ്കിലും കാരണമന്വേഷിച്ചപ്പോള്‍ സ്ത്രീധനത്തിനുവേണ്ടിയുള്ള ഭര്‍ത്താവിന്റെ പീഡനമാണെന്ന് മനസ്സിലാക്കി.

മുഖത്ത് കിരണ്‍ ബൂട്ട് കൊണ്ട് ചവിട്ടിപ്പിടിക്കുന്നതായി പറഞ്ഞപ്പോള്‍ ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹമോചനത്തെകുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍, കിരണിനെ വലിയ ഇഷ്ടമാണെന്നാണ് മറുപടിപറഞ്ഞത്.

വേണ്ടത്ര തെളിവുകള്‍

കൊല്ലം: സ്ത്രീധനപീഡനം കാരണമാണ് വിസ്മയയുടെ ആത്മഹത്യയെന്നു സ്ഥാപിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. സ്ത്രീധനം കുറഞ്ഞതുകൊണ്ട് വിസ്മയയോട് പ്രതി ചെയ്ത ക്രൂരതകളെക്കുറിച്ച് ഒട്ടേറെ തെളിവുകള്‍ ലഭിച്ചു.

വിസ്മയ അവനെ ശരിക്കും ഭയന്നിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ വരന്റെ വീട്ടിലാണ് ആത്മഹത്യ സംഭവിച്ചത്. പിണങ്ങിനിന്നശേഷം വിസ്മയ വിവാഹബന്ധം പുനരാരംഭിച്ചത് തന്നെ കരുതിയാണെന്ന് പ്രതിക്ക് അറിയാമായിരുന്നു. എന്നിട്ടും പ്രതിയുടെ പ്രവൃത്തികള്‍ വിസ്മയയെ ആത്മഹത്യയിലേക്കു നയിക്കാന്‍ തക്കവണ്ണം മനപ്പൂര്‍വമുള്ളതായിരുന്നു.

പ്രതി സ്ത്രീധനം ആവശ്യപ്പെട്ടതിന് ഒട്ടേറെ തെളിവുകളുണ്ട്. മരിച്ചയാളോടുള്ള ക്രൂരതയും പീഡനവും തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശമുണ്ട്. ഇവിടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണവുമില്ല. തന്റെ നിയമവിരുദ്ധ ആവശ്യങ്ങള്‍ നേടാന്‍വേണ്ടിയാണ് അവളെ ഉപദ്രവിച്ചത്. മാനസികവും ശാരീരികവും വൈകാരികവുമായി അവള്‍ പീഡിപ്പിക്കപ്പെട്ടു. അങ്ങനെ ആത്മഹത്യയിലേക്കു നയിച്ചു -വിധിന്യായത്തില്‍ പറയുന്നു.

കൃത്യസമയത്തെ ഇടപെടല്‍; പഴുതടച്ച അന്വേഷണം

കൊല്ലം: തുടക്കത്തിലേ തോന്നിയ സംശയങ്ങള്‍, പരാതി ഗൗരവപൂര്‍വം കണക്കിലെടുത്തുള്ള പോലീസ് ഇടപെടല്‍, തെളിവ് നശിപ്പിക്കാന്‍ സമയം കൊടുക്കാതെയുള്ള അന്വേഷണം… വിസ്മയ കേസിന്റെ വിജയം കേരള പോലീസിന് അഭിമാനമായി.

2020 ജൂണ്‍ 21-ന് പുലര്‍ച്ചെ 3.30-നാണ് വിസ്മയയെ കിരണ്‍കുമാറിന്റെ ശാസ്താംനടയിലെ വീട്ടില്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലേക്ക് വിസ്മയയെ എത്തിച്ച കിരണ്‍കുമാര്‍ ഫോണ്‍ മുറിയില്‍ വെച്ച് മറന്നിരുന്നു.

22-ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ മകളുടെ മരണത്തില്‍ പരാതി നല്‍കി. മഹസ്സര്‍ തയ്യാറാക്കാനെത്തിയ പോലീസിനും മരണത്തിനുപിന്നില്‍ സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയുമുള്ളതായി സംശയം തോന്നിയിരുന്നു.

മുറി സീല്‍ ചെയ്തതോടെ കിരണ്‍കുമാറിന്റെ ഫോണ്‍ തെളിവ് നശിപ്പിക്കാന്‍ പറ്റാത്തവിധം പോലീസ് വലയിലായത് കേസിന്റെ വിജയത്തിന് പ്രധാന കാരണമായി. ഫോണിലെ പ്രധാനതെളിവുകള്‍ കോടതി മുമ്പാകെയുമെത്തി. കിരണിന്റെ ഫോണില്‍നിന്ന് മായ്ച്ചുകളഞ്ഞതും അല്ലാത്തതുമായ അഞ്ചുലക്ഷത്തിലേറെ ഡേറ്റയാണ് കണ്ടെത്തിയത്.

പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകള്‍, ശബ്ദരേഖകള്‍ എന്നിവയും നിര്‍ണായകമായി. ശബ്ദരേഖകള്‍ കേട്ട് തെറ്റാതെ പകര്‍ത്തിയെഴുതുന്നതുമുതല്‍ അന്വേഷണസംഘത്തിനുമുന്നില്‍ വെല്ലുവിളികള്‍ പലതുമുണ്ടായിരുന്നു. വിശദമായ മഹസ്സറുകളും റിപ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളുമടക്കം രേഖകളെല്ലാം അന്വേഷണസംഘം ഹാജരാക്കി. ഇത് വിശദമായി പഠിച്ച് അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ചു.

സംഭവദിവസം വിസ്മയ സന്തോഷത്തിലായിരുന്നെന്നു കിരണിന്റെ മൊഴിയുണ്ടായിരുന്നു. ഫോണ്‍ തരാത്തതുകൊണ്ട് പിണങ്ങിക്കിടക്കുകയാണോ എന്ന് വിസ്മയ വാട്സാപ്പ് സന്ദേശമയച്ചു. അല്ലെന്ന് മറുപടി കൊടുത്തു. എന്നാല്‍, ഇതിന് തൊട്ടുപിറകെ രണ്ടുതവണ വിസ്മയയെ വിളിച്ചത് കിരണ്‍ മറച്ചുവെച്ചു. പ്രോസിക്യൂഷന്‍ ഇത് കോടതിയില്‍ തെളിയിച്ചു.

വിസ്മയയുടെ അച്ഛന്‍ ഇന്‍സ്റ്റഗ്രാമില്‍ വിളിച്ച് കുട്ടികള്‍ ഉണ്ടാകാത്തതിന് ശപിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദവും പൊളിഞ്ഞു. സൈബര്‍ പരിശോധനയില്‍ വിസ്മയയുടെ അച്ഛന് ഇന്‍സ്റ്റഗ്രാം ഇല്ലെന്നു തെളിഞ്ഞു.

കിരണിന്റെ അച്ഛന്‍ ആത്മഹത്യക്കുറിപ്പ് ഇല്ലെന്ന് ആദ്യം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നീട് മാധ്യമങ്ങളോട് താന്‍ കള്ളം പറഞ്ഞതായിരുന്നെന്ന് അറിയിച്ചു. മരണക്കുറിപ്പ് പോലീസില്‍ ഏല്‍പ്പിച്ചെന്നും പിന്നെ അതേപ്പറ്റി ഒരുവിവരവും ഇല്ലാതായെന്നും പ്രതിഭാഗം വാദിച്ചിരുന്നു. മൊഴികളിലും പ്രതികരണങ്ങളിലുമുള്ള പൊരുത്തക്കേടുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

കുടുക്കിയത് ഡിവൈ.എസ്.പി. പി.രാജ്കുമാറും സംഘവും

കോട്ടയം: വിസ്മയ കേസില്‍ കിരണിന് തടവ് ശിക്ഷ വാങ്ങിക്കൊടുത്തതിനു പിന്നില്‍ അന്വേഷണോദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി.യുടെ ജാഗ്രതയും നിര്‍ണായകമായി. തലയോലപ്പറമ്പ് സ്വദേശി പി.രാജ്കുമാറാണ് ഈ ഡിവൈ.എസ്.പി.

കിരണ്‍കുമാറിന്റെ ഫോണില്‍നിന്ന് പോലീസ് കണ്ടെത്തിയ 121 ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും മറ്റ് പ്രാഥമിക തെളിവുകളും പരസ്പരം ബന്ധിപ്പിച്ച് സംശയാതീതമായി കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായി.

മുമ്പ് പൊന്‍കുന്നം സി.ഐ. ആയിരുന്നപ്പോള്‍ സൂര്യനെല്ലിക്കേസിലെ മുഖ്യ പ്രതി ധര്‍മ്മരാജനെ കുടുക്കിയത് രാജ്കുമാറിന്റെ കൗശലമായിരുന്നു. അന്ന് നമ്പര്‍ പ്ലേറ്റ് വരെ മാറ്റി വെള്ള നിറത്തിലുള്ള പോലീസ് ജീപ്പില്‍ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാരുമായി കര്‍ണ്ണാടകത്തില്‍ ധര്‍മ്മരാജനെ പിടിക്കാന്‍ പോയപ്പോള്‍ പിന്നാലെ മാതൃഭൂമി ചാനലുമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച വിപിന്‍ ചന്ദാണ് ആ വാര്‍ത്ത മാതൃഭൂമി ന്യൂസിനായി ആദ്യം ബ്രേക്ക് ചെയ്തതും.

വിസ്മയയുടെ ആത്മഹത്യയ്ക്ക് കാറിനെ ചെല്ലിയുള്ള തര്‍ക്കം പ്രധാന കാരണമായിരുന്നു. എന്നാല്‍ വിവാഹത്തിന് വിസ്മയക്ക് അച്ഛന്‍ നല്‍കിയ സമ്മാനം മാത്രമാണതെന്നും കിരണ്‍ ആവശ്യപ്പെട്ട് നല്‍കിയതല്ലെന്നും അതിനാല്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തെ തെളിവുകള്‍ നിരത്തി പൊളിക്കാന്‍ അന്വേഷണ സംഘത്തിനായി.

കേസ് ഏറ്റെടുത്ത് എണ്‍പതാം ദിവസം കുറ്റപത്രം നല്‍കാനായതും തുടക്കത്തില്‍തന്നെ സ്വാഭാവിക ജാമ്യം കിട്ടാനുള്ള കിരണിന്റെ അവസരം ഇല്ലാതാക്കി. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചെങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച സന്ദേശങ്ങള്‍ കണ്ടെത്തി കിരണ്‍ എങ്ങനെ ഭാര്യയെ മരണത്തിലേക്കു നയിച്ചു എന്ന് തെളിയിക്കാനായതും പ്രതിയെ തുറുങ്കിലാക്കാന്‍ സഹായിച്ചു.

ആത്മഹത്യയല്ല, ആത്മാവിനെ കൊന്നതാണ് -പ്രോസിക്യൂഷന്‍

കൊല്ലം: വിസ്മയക്കേസിലെ ശിക്ഷാവിധിക്കുമുമ്പ് കോടതിയില്‍ പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും രൂക്ഷ വാദപ്രതിവാദം നടത്തി. ഇതൊരു വ്യക്തിക്കെതിരേയുള്ള കേസല്ല, സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

സമൂഹത്തിനുള്ള സന്ദേശമാകണം കോടതിവിധി. പ്രതി ദയ അര്‍ഹിക്കുന്നില്ല. വിസ്മയയുടെ ആത്മാവിനെ കൊന്നതാണ്. ഇത് ആത്മഹത്യയല്ല, കൊലയ്ക്കുതുല്യമാണ്. മാനസികമായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. നിരന്തരപീഡനത്തിലൂടെ ഭാര്യയുടെ ആത്മാവിനെ കൊന്നു. അതിനാല്‍, ജീവപര്യന്തംവരെ തടവ് നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കല്യാണക്കമ്പോളത്തില്‍ താന്‍ വിലപിടിപ്പുള്ള ആളാണെന്ന ധാരണയിലായിരുന്നു സര്‍ക്കാരുദ്യോഗസ്ഥനായ പ്രതി. ‘നിന്നെ കൊന്നിട്ട് അവന്‍മാത്രം ജീവിക്കുമോ’ എന്ന് അമ്മ സജിത ഫോണ്‍ സംഭാഷണത്തില്‍ വിസ്മയയോട് ചോദിക്കുന്നുണ്ട്. ‘അവന്‍ ജീവിക്കും അമ്മേ, അവന്‍ ജീവിക്കും’ -എന്നായിരുന്നു വിസ്മയയുടെ മറുപടി. ഈ സംഭാഷണത്തില്‍നിന്ന് എല്ലാം വ്യക്തമാണ്. വിദ്യാസമ്പന്നനായിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിഷ്‌കൃതസമൂഹത്തില്‍ ലോകത്തെവിടെയും ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പ്രതിക്ക് പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന് എങ്ങനെ പറയാനാകും. പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന്‍ അളന്നുനോക്കിയോ എന്നും പ്രതിഭാഗം ചോദിച്ചു. പശ്ചാത്തപിച്ചിട്ടുണ്ടോയെന്ന് അളക്കാനുള്ള മാപിനി സാമാന്യബുദ്ധിയാണെന്ന് പ്രോസിക്യൂട്ടര്‍ തിരിച്ചടിച്ചു.

‘അവള്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു’

കൊല്ലം: വിസ്മയയ്ക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രതീക്ഷയോടെയും സങ്കല്പങ്ങളോടെയുമാണ് അവള്‍ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ സ്ത്രീധനത്തിന്റെ ഭീഷണി എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു- വിധിന്യായത്തില്‍ പറയുന്നു.

ഭര്‍ത്താവിന്റെ കൈവശമുള്ള ജംഗമസ്വത്തല്ല ഭാര്യ. അവള്‍ക്ക് വ്യക്തിത്വവും അന്തസ്സും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവുംവലിയ സുഗന്ധം അവരുടെ യശസ്സാണ്. എപ്പോള്‍ അന്തസ്സ് നഷ്ടപ്പെടുന്നുവോ അപ്പോള്‍ ജീവിതത്തിന്റെ ശ്വാസംതന്നെയാണ് നിലയ്ക്കുന്നത്.

ദുരിതങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ വിസ്മയ സംശയിച്ചു, താന്‍ വിലയില്ലാത്ത ഒരു വസ്തുവാണോ എന്ന്. അവളുടെ ജീവിതദുരിതങ്ങള്‍ ശരിയായി വെളിപ്പെടുത്തുകയാണ് ആ വാക്കുകള്‍. ഈ വിവാഹബന്ധത്തില്‍ തനിക്ക് ശോഭനമായ ഭാവി ഉണ്ടാകില്ലെന്ന് അവള്‍ മനസ്സിലാക്കി. അവള്‍ക്കു കയ്പുകുടിക്കേണ്ടിവന്നു. ഒടുവില്‍ സ്വന്തംജീവന്‍ എടുക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടിവന്നു- വിധിന്യായത്തില്‍ പറയുന്നു.

അരമണിക്കൂറോളം വാദപ്രതിവാദം

ചൊവ്വാഴ്ച 11.05-ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍, എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി കിരണ്‍കുമാറിനോട് ചോദിച്ചു. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്. അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ പറഞ്ഞു.

പിന്നീട് അരമണിക്കൂറോളം പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ വാദപ്രതിവാദം നടന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍കൂടിയായ പ്രതി സ്ത്രീധനത്തിനുവേണ്ടിമാത്രമാണ് ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടില്ലെന്നും 304 (ബി) പ്രകാരം ജീവപര്യന്തം ശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗവും പറഞ്ഞു. 11.45-ന് ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയാണ് വിധി പ്രസ്താവിച്ചത്.

പ്രതികരിക്കാതെ കിരണിന്റെ കുടുംബം

ശാസ്താംകോട്ട: വിസ്മയ കേസിലെ പ്രതി കിരണിന്റെ പോരുവഴി ശാസ്താംനടയിലെ വീട് അടഞ്ഞുതന്നെ. കിരണിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയെന്നറിഞ്ഞിട്ടും പ്രതികരണത്തിന് കുടുംബം തയാറായില്ല.

രണ്ടുദിവസമായി മാധ്യമപ്രവര്‍ത്തകര്‍ വീട്ടുപടിക്കലെത്തി തിരിച്ചുപോകുകയാണ്. ഗേറ്റുപൂട്ടി പ്രവേശനം വിലക്കിയിരിക്കുകയാണ്. അച്ഛന്‍ സദാശിവന്‍ നായരും അമ്മ ചന്ദ്രിക അമ്മയും അടുത്തബന്ധുക്കളും വീട്ടിലുണ്ട്. തിങ്കളാഴ്ച വിധി കേള്‍ക്കാന്‍ അച്ഛന്‍ മാത്രമാണ് കൊല്ലത്തേക്ക് പോയത്. ഇവരുടെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളൊന്നും വിസ്മയയുടെ മരണംവരെ പുറത്താരും അറിഞ്ഞിരുന്നില്ല.

ജോലി ലഭിച്ചതിനുശേഷം കിരണ്‍ വീടിനുപുറത്ത് ആരുമായും സൗഹൃദത്തിലായിരുന്നില്ല. വീട്ടില്‍ ഒതുങ്ങികഴിഞ്ഞിരുന്നു. അയല്‍പ്പക്കത്തുള്ളവര്‍ അപൂര്‍വമായേ ചന്ദ്രാലയത്തില്‍ എത്താറുള്ളു. അതിനാല്‍ വിസ്മയ മരിച്ച വിവരംപോലും അറിയാന്‍ അവര്‍ വൈകി. കിരണ്‍ ജയിലിലായതുമുതല്‍ വീടിന്റെ ഗേറ്റ് അപൂര്‍മായേ തുറക്കാറുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു.

സര്‍ക്കാരിനും മന്ത്രിക്കും നന്ദിയറിയിച്ച് വിസ്മയയുടെ കുടുംബം

ചടയമംഗലം: വിസ്മയ കേസില്‍ വിധി അറിഞ്ഞശേഷം നിലമേലിലെ വീട്ടിലെത്തിയ മന്ത്രിയെയും സര്‍ക്കാരിനെയും കുടുംബം നന്ദിയറിയിച്ചു. ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണിയാണ് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ വിസ്മയയുടെ വീട്ടിലെത്തിയത്.

കേസില്‍ പഴുതടച്ച അന്വേഷണവും സര്‍ക്കാരിന്റെ സഹായങ്ങളും ഉണ്ടായെന്നും വിധിയില്‍ സംതൃപ്തിയുണ്ടെന്നും കുടുംബം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ വിധി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മകള്‍ക്ക് നീതിലഭിച്ചെന്ന് ത്രിവിക്രമന്‍ നായര്‍

കൊല്ലം: വിധിയില്‍ തൃപ്തിയുണ്ടെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മകള്‍ക്ക് ഇപ്പോഴാണ് നീതികിട്ടിയത്. മകളുടെ മരണത്തില്‍ കിരണിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും ആരോപിച്ചു.

കിരണ്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കുന്നതുകണ്ടിട്ടും അവര്‍ പ്രതികരിച്ചില്ല. ഫോണിലൂടെയെങ്കിലും വിവരമറിയിച്ചിരുന്നെങ്കില്‍ മകളെ രക്ഷിക്കാനാകുമായിരുന്നു. വിസ്മയ താന്‍ അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയെല്ലാം തുറന്നുപറഞ്ഞിരുന്നത് അമ്മയോടാണ്. അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഇപ്പോഴുള്ള ശിക്ഷാവിധിയില്‍ തൃപ്തിയുണ്ടാകില്ലെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

സ്ത്രീധന പീഡനക്കേസില്‍ സമീപകാല വിധികള്‍

2019 ഫെബ്രുവരി 20, പാലക്കാട്: സ്ത്രീധനം കുറഞ്ഞെന്നപേരില്‍ ഭര്‍ത്താവും ഭര്‍ത്തൃസഹോദരിയും ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ ജയാനന്ദന്‍, തങ്കമണി എന്നിവര്‍ക്ക് എട്ടുവര്‍ഷം തടവുശിക്ഷ.

2019 മാര്‍ച്ച് 31, പാലക്കാട്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ. ഭര്‍ത്താവ് മുരുകാനന്ദന് എട്ടുവര്‍ഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയും.

2020 ഓഗസ്റ്റ് 15, പാലക്കാട്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവിന്റെ സഹോദരഭാര്യ കുമാരിക്ക് എട്ടുവര്‍ഷം കഠിനതടവ്.

2020 ഫെബ്രുവരി 7, കോഴിക്കോട്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ (അനുഷ) ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് എരഞ്ഞിക്കല്‍ സ്വദേശി പ്രജിത്തിന് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും.

2021 ഓഗസ്റ്റ് 28, കോഴിക്കോട്: സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്തൃ മാതാവിനും ഭര്‍ത്തൃസഹോദരന്മാര്‍ക്കും കഠിന തടവും 10,000 രൂപവീതം പിഴയും.

2019 ജൂണ്‍ 14, കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് എല്‍ദോസിനു കഠിനതടവ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.