above post ad local

ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിധ്യം; പ്രതിരോധം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തിൽ രോഗവ്യാപന വേഗത ഇവ കൂടുതൽ തീവ്രമാക്കുന്നുവെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്ക് അസെസ്മെന്റ് പഠനത്തിൽ രോഗവ്യാപന വേഗത, മരണ സാധ്യത, വാക്സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീമൂന്നു കാര്യങ്ങളാണ് വിലയിരുത്തിയത്.

രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായി മരണസംഖ്യയും ഉയരും. ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കിൽ കൃത്യമായ ചികിത്സയും പരിചരണവും നൽകാൻ സാധിക്കാതെ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനിതക വ്യതിയാനം ബാധിച്ച വൈറസുകൾ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ നമ്മൾ ഇതുവരെ പിന്തുടർന്ന രോഗപ്രതിരോധമാർഗങ്ങൾ ശക്തമാക്കണം. സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്കുകൾ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കിൽ എൻ 95 മാസ്കുകൾ തന്നെ ധരിക്കുക. അല്ലെങ്കിൽ ഇന്നലെ പറഞ്ഞതു പോലെ ഡബിൾ മാസ്കിങ്ങ് ശീലമാക്കുക. മാസ്കുകൾ ധരിക്കുന്നതിൽ കർശനമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പർക്കം ഒഴിവാക്കുക എന്നതും ആൾക്കൂട്ടമൊഴിവാക്കുക എന്നതും നിർബന്ധമാണ്.

വാക്സിനുകൾ ഈ വൈറസുകളിൽ ഫലപ്രദമാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ജനിതകവ്യതിയാനം വന്ന വൈറസുകൾക്കെതിരേ പ്രതിരോധശക്തി നൽകാൻ വാക്സിനുകൾക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാൻ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകൾ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.