above post ad local

കമ്പനികളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം: നേരത്തെ നിലപാട് വ്യക്തമാക്കിയതു പോലെ വാക്സിൻ എല്ലാവർക്കും സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില അന്താരാഷ്ട്ര വിലയേക്കാൾ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന്റെ കാര്യത്തിൽ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57,58,000 പേർക്ക് ആദ്യ ഡോസും 10,39,000 പേർക്ക് രണ്ടാം ഡോസും നൽകി. വാക്സിന്റെ ദൗർലഭ്യമാണ് നേരിടുന്ന പ്രശ്നമെന്നും 50 ലക്ഷം ഡോസ് അധികമായി നൽകണമെന്ന് കേന്ദ്രത്തോട് നാം ആവശ്യപ്പെട്ടെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾ വാക്സിൻ ഉത്പാദകരിൽ നിന്ന് നേരിട്ട് സംഭരിക്കാമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികൾ സംസ്ഥാനം ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി കേന്ദ്രങ്ങളിലുള്ളവർക്ക് വാക്സിൻ അവിടെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 80 വയസിന് മുകളിലുള്ളവർക്ക് വീടുകളിൽ ചെന്ന് വാക്സിൻ നൽകണമെന്ന നിർദേശത്തിന്റെ പ്രായോഗികത പരിശോധിക്കും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോധികർക്ക് ഇപ്പോൾ തന്നെ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.