above post ad local

സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പിണറായി വിജയൻ;യു പി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സിദ്ദിഖ് കാപ്പൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദിഖ് കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. ജനങ്ങൾക്കും മാധ്യമ സമൂഹത്തിനും ആശങ്കയുണ്ടെന്നും പിണറായി വിജയൻ കത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.