above post ad local

ചേരിപ്പോര് മുറുകുന്നു; തച്ചങ്കരിയോ, സുധേഷ് കുമാറോ? ആരാകും അടുത്ത പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാൻ സേനയ്ക്കുള്ളിൽ ചേരിപ്പോര്. ഡി.ജി.പി. സ്ഥാനത്തേക്ക് സാധ്യത കൽപിക്കപ്പെടുന്ന ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ നടക്കുന്നത്. എതിർഭാഗത്തിന്റെ സാധ്യതകൾ പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളും അതിനെ തടയാനുള്ള മറുതന്ത്രങ്ങളുമൊക്കെയായി ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. രണ്ടുപേർക്കുമെതിരെയുള്ള വിവാദങ്ങളും കേസുകളുമാണ് പരസ്പരം ആയുധമാക്കുന്നത്.

ജൂൺ 30-ന് ലോക്നാഥ് ബെഹ്റ ഡി.ജി.പി. സ്ഥാനത്തുനിന്ന് വിരമിക്കും. അദ്ദേഹത്തെ സംസ്ഥാന സർക്കാർ മറ്റ് സ്ഥാനങ്ങളിലേക്ക് നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് ബെഹ്റയെ പരിഗണിക്കുന്നുമുണ്ട്. സി.ബി.ഐ. മേധാവിയായി തീരുമാനിക്കപ്പെട്ടാൽ ജൂൺ മാസത്തിൽ തന്നെ ബെഹ്റ സംസ്ഥാനത്തുനിന്ന് പോയേക്കും. അങ്ങനെ വന്നാൽ പുതിയ പോലീസ് മേധാവിയെ ഉടൻ കണ്ടെത്തേണ്ടി വരും.

ഡി.ജി.പിമാരായി പരിഗണിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം. ഇതിൽനിന്ന് കേന്ദ്രം നിർദ്ദേശിക്കുന്ന ആളുകളിൽനിന്ന് മാത്രമേ സംസ്ഥാന സർക്കാരിന് ഡി.ജി.പിയെ തിരഞ്ഞെടുക്കാനാകു. ഇതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ട 1989 ബാച്ചുവരെയുള്ള ഐ.പി.എസ്. ഉന്നതരുടെ പട്ടിക സംസ്ഥാനം തയ്യാറാക്കി നൽകിയിട്ടുണ്ട്.

ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവരാണ്. പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുകയുമാണ്. ഈ സാഹചര്യത്തിൽ പരസ്പരം സാധ്യതകൾ തടയാനുള്ള നീക്കങ്ങൾ ഇരുഭാഗത്തുനിന്നും നടക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനത്തിൽ നടക്കുന്ന വിജിലൻസ് പുനരന്വേഷണത്തിൽ ആദ്യ അന്വേഷണം തെറ്റെന്നാണ് കണ്ടെത്തലെങ്കിലും ഈ റിപ്പോർട്ട് കോടതിയിൽ എത്തുന്നത് വൈകിപ്പിച്ച് തച്ചങ്കരിയെ വെട്ടാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലൂടെയാണ് പോലീസിലെ ദാസ്യപ്പണി വിവാദം തലപൊക്കിയത്. പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണ് സുധേഷ് കുമാറിന് പാരയാകുന്നത്.

ഇരുവരുടെയും ചേരിപ്പോര് നിലയ്ക്ക് നിർത്താൻ ബി. സന്ധ്യയെ സമവായമെന്ന നിലയിൽ സർക്കാർ പരിഗണിച്ചേക്കും. ഇത് മുന്നിൽ കണ്ട് അവർക്കെതിരെയും നീക്കം നടക്കുന്നുണ്ട്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ബി. സന്ധ്യക്ക് എതിരെ ആരോപണമുയർന്നിരുന്നു. ഈ കേസ് കുത്തിപ്പൊക്കി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് അയച്ച പട്ടികയിൽ ഉൾപ്പെട്ട അനിൽകാന്തിന് എതിരേയും വയനാട്ടിലുള്ള പഴയ കേസ് എടുത്തുയർത്തിക്കൊണ്ട് വരാനുള്ള നീക്കവും നടക്കുന്നുണ്ട്.

ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങൾ സംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് രഹസ്യമായി വിശദാംശങ്ങൾ ഓരോ ഉദ്യോഗസ്ഥരെയും പിന്തുണയ്ക്കുന്ന വിഭാഗം എത്തിച്ചുനൽകിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്ന് നാലുപേരെ ഡി.ജി.പി. സ്ഥാനത്തേക്ക് കേന്ദ്രം നിർദേശിക്കും. ഇവരിൽ താൽപര്യമുള്ളയാളെ സർക്കാരിന് പോലീസ് മേധാവിയായി നിയമിക്കാം. ഇത്തവണ പോലീസ് മേധാവിയെ തീരുമാനിക്കുക എന്നത് സർക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്.

പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ വരാൻ പോകുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളം സേനയിലെ അച്ചടക്കം സൂക്ഷിക്കുക എന്നത് നിർണായകമായി മാറും. ചേരിപ്പോര് നടക്കുന്നതിനാൽ കേന്ദ്രം നിർദ്ദേശിക്കുന്ന നാലുപേർ ആരൊക്കെയാകും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.