above post ad local

കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് കൊലപാതകം; പ്രതികൾ സി പി എമ്മുകാർ, കൊലപാതക തലേന്ന് ബോംബേറിൽ  പരീശീലനം നടത്തിയെന്നും മേയർ

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് യുവാവിനെ ബോംബെറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ബോംബുണ്ടാക്കിയ ആളടക്കം നാലുപേർ പിടിയിൽ. ബോംബെറിഞ്ഞ ആൾക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയാണ്. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ ചേർത്ത് ബോംബാക്കി മാറ്റുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ജിഷ്ണുവിനും ബോംബ് നിർമ്മാണത്തെപ്പറ്റി അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

 

അതിനിടെ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടി ഒ മോഹനൻ രംഗത്തെത്തി. ബോംബേറിലെ പ്രതികൾ സി പി എമ്മിന്റെ സജീവ പ്രവർത്തകരെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്ലപ്പെട്ട ജിഷ്ണുവും പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ തലേദിവസം സംഘം ബോംബേറിൽ പരീശീലനം നടത്തിയെന്നും ചോലോറ മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്ത് അർദ്ധരാത്രി ഉഗ്ര സ്ഫോടനം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ണൂർ തോട്ടട ചാല പന്ത്രണ്ടുകണ്ടി റോഡിൽ ബോംബേറുണ്ടായത്. വരന്റെ വിവാഹവീടിനു തൊട്ടടുത്ത് നടന്ന ബോംബേറിൽ അക്രമി സംഘത്തിൽ ഉൾപ്പെട്ട ഏച്ചൂർ സ്വദേശിയായ ജിഷ്ണു (23) മരിച്ചത്, മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടട സ്വദേശികളായ റിജിലേഷ്, അനുരാഗ്, ഹേമന്ദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരന്റെ സുഹൃദ് സംഘത്തിൽപ്പെട്ടയാളാണ് മരിച്ചത്.

 

കണ്ണൂർ പടന്നപ്പാലത്തെ വധുവിന്റെ വീട്ടിൽ നടന്ന വിവാഹശേഷം വധുവിനെയും കൂട്ടി വരൻ ഷമലും സംഘവും വീട്ടിലേക്ക് എത്തിയ ഉടനായിരുന്നു സംഭവം.വരന്റെ വീട്ടിൽ ശനിയാഴ്ച രാത്രി പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഇന്നലെ എതിർസംഘത്തിനുനേരെ എറിഞ്ഞ ബോംബാണ് ലക്ഷ്യം തെറ്റി സ്വന്തം സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. ജിഷ്ണുവിന്റെ തലച്ചോറ് ചിതറിത്തെറിച്ചു.

 

ഏച്ചൂർ സ്വദേശിയായ ഷമലും കുടുംബവും ഇപ്പോൾ തോട്ടടയിലാണ് താമസം. അവിടെയാണ് വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. ശനിയാഴ്ച രാത്രി ഷമലിന്റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ പത്തിലധികംപേർ പാട്ടുവച്ചത് അവിടെയുണ്ടായിരുന്ന തോട്ടട സ്വദേശികളായ കുറച്ചുപേർ എതിർത്തത് തർക്കത്തിനും കൈയാങ്കളിക്കും ഇടയാക്കി. നാട്ടുകാരാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചുവിട്ടത്.

 

ഇന്നലെ സുഹൃത്തിന്റെ വിവാഹത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ഏച്ചൂർ സംഘം ബാന്റു മേളവും മറ്റുമായാണ് വധൂവരൻമാർക്കൊപ്പം നടന്ന് അനുഗമിച്ചത്. ഇവർ വീട്ടിൽ എത്തിയപ്പോൾ തലേദിവസം ഏറ്റുമുട്ടിയ തോട്ടടയിലെ സംഘം കുറച്ച് അകലെയായി നിൽക്കുന്നത് കണ്ടു. ഉടൻ ട്രാവലറിൽ നിന്ന് എടുത്ത് എറിഞ്ഞ ബോംബാണ് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടത്. മറ്റുള്ളവർ ട്രാവലറിൽ കയറി രക്ഷപ്പെട്ടു. രണ്ട് ബോംബാണ് എറിഞ്ഞത്. രണ്ടാമത്തെ ബോംബാണ് പൊട്ടിയത്. പൊട്ടാത്ത ബോംബും എട്ടു ഏറുപടക്കവും സമീപത്തുനിന്ന് കണ്ടെത്തി. പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഏതാനുംപേർ കസ്റ്റഡിയിലാണ്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.

 

മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏച്ചൂർ സ്വദേശി ബാലക്കണ്ടി മോഹനന്റെയും ശ്യാമളയുടെയും മകനാണ് കെട്ടിട നിർമ്മാണത്തൊഴിലാളിയായ ജിഷ്ണു. സഹോദരൻ: മേഖുൽ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.