above post ad local

പകൽ മുഴുവൻ ബസിലും ട്രെയിനിലുമായി യാത്രകൾ, രാത്രി അടിവസ്ത്രം മാത്രം ധരിച്ച് മോഷണം; പക്കി സുബൈർ പിടിയിലായത് ഇങ്ങനെ

ആലപ്പുഴ: വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീടുകൾ കുത്തിത്തുറന്നും, ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് തെക്കുംമുറി കുഴിവിള വടക്കേതിൽ സുബൈർ (പക്കി സുബൈർ, 49) പിടിയിലായി.

ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി വൈ എസ് പി ഡോ.ആർ ജോസിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2018ൽ ശൂരനാട് മോഷണക്കേസിൽ ജയിലിലായ സുബൈർ 2020ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ സ്ത്രീപീഡന പരാതി വന്നതോടെ നാട്ടിൽ നിന്ന് മുങ്ങി.

അക്ഷരാഭ്യാസമില്ലാത്ത ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായതിനാൽ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. 14ാം വയസിൽ സൈക്കിൾ മോഷണത്തിനാണ് ആദ്യം പിടിയിലായത്. 1995 നു ശേഷം തുടർച്ചയായി മോഷണങ്ങൾ നടത്തി. വിവിധ കേസുകളിൽ ദീർഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി.

പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ച് ദൂരെ പ്രദേശങ്ങളിലെത്തും. യാത്രയ്‌ക്കിടെയാണ് ഉറക്കം. യാത്ര അവസാനിക്കുന്നിടത്ത് ആ രാത്രി മോഷണം നടത്തുന്നതായിരുന്നു ശൈലി. കൈയ്യിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണം. വീടുകളിൽ നിന്നും മുണ്ടും ഷർട്ടുമെടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും. മാവേലിക്കരയിലെ ഒരു വീട്ടിൽ കയറി വസ്ത്രം മാറി, ഭക്ഷണവും കഴിച്ചാണ് മോഷണം നടത്തിയത്.

ഇതിനിടെ ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസുകൾ ഇറക്കിയിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന വിവരത്തെ തുടർന്ന് മോഷണം നടക്കാത്ത സ്ഥലങ്ങൾ കേന്ദ്രികരിച്ചു ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത്, എസ്.ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഒ മാരായ അരുൺ ഭാസ്‌ക്കർ, ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്.റിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

- Advertisement -

- Advertisement -

- Advertisement -

Comments are closed.