above post ad local

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മേയ് മൂന്നു മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ മേയ് മൂന്നു മുതൽ പുനഃരാരംഭിക്കും. നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തെ തുടർന്ന് ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

 

 

കോവിഡ് പശ്ചാത്തലത്തിൽ ഗവർണറുടെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പരീക്ഷകൾ മാറ്റിവെച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, ആരോഗ്യസർവകലാശാല പരീക്ഷകൾ മാറ്റിവെക്കുന്നതിന് എതിരെ സർവകലാശാല അധികൃതർ തന്നെ ഗവർണർക്ക് കത്തെഴുതുകയായിരുന്നു.

 

പുതിയ സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടവരാണ് ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ. പുതിയ ഹൗസ് സർജന്മാരെ പെട്ടെന്ന് തന്നെ സംസ്ഥാനത്തിന് ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് അയച്ചത്.

 

മാത്രമല്ല, ആരോഗ്യസർവകലാശാലയിലെ കുട്ടികളിൽ മിക്കവരും കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞവരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ഇപ്പോൾ പരീക്ഷ നടത്തുന്നതിൽ പ്രയാസസമില്ലെന്നും സർവകലാശാല അധികൃതർ അറിയിച്ചിരുന്നു.

 

 

ഇതിനു പിന്നാലെയാണ് സർവകലാശാല അധികൃതരുടെ ആവശ്യത്തിന് ഗവർണർ വഴങ്ങിയത്. ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ച നടപടി പിൻവലിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ച എല്ലാ പരീക്ഷകളും മേയ് മൂന്നുമുതൽ നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്. നേരത്തെ മാറ്റിവെച്ച പരീക്ഷകൾ പിന്നീട് തീയതി പ്രഖ്യാപിച്ച് ആ ദിവസങ്ങളിൽ നടത്തും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.