above post ad local

അടിവച്ചടി വച്ച് മലമുകളിലേക്ക് ബാബു; തുണയായി ഒപ്പം സൈനികൻ

പാലക്കാട് : 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയാണ്.

 

ഇടയ്ക്ക് വിശ്രമിച്ചാണ് മലകയറുന്നത്. മലമുകളിലെത്തിച്ചശേഷം തീരസംരക്ഷണസേനയുടെ ഹെലികേ‍ാപ്റ്ററിൽ കഞ്ചിക്കേ‍ാട് ഹെലിപ്പാഡിൽ ഇറക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതും പരിഗണിക്കുന്നു. യുവാവിന്റെ ആരേ‍ാഗ്യനില സംബന്ധിച്ച് സേനയിൽനിന്ന് സന്ദേശം ലഭിച്ച ശേഷമായിരിക്കും ഏതു രീതിയിൽ എത്തിക്കണമെന്നതു സംബന്ധിച്ച അന്തിമ തീരുമാനം.

 

ഒൻപതരയോടെയാണ് സമീപമെത്തി ധൈര്യം പകർന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാൻ തുടങ്ങിയത്. റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങൾ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മലമുകളിൽ എത്തിയ ശേഷം ബാബുവിന്റെ ആരോഗ്യസ്ഥിതി കൂടി വിലയിരുത്തും. ഇതിനു ശേഷമാകും സേനാംഗങ്ങൾക്കൊപ്പമോ ഹെലികോപ്റ്റർ മാർഗമോ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടത് എന്നതിൽ തീരുമാനമെടുക്കുക.

കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.

മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘവും രംഗത്തുണ്ട്. ഇവര്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കി വരുന്നു. മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘവും മലമുകളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘവും ബാബുവിന് അടുത്തേക്ക് എത്താനുള്ള നീക്കത്തിലാണ്.

‘ഞങ്ങള്‍ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോള്‍ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാനടപടിക്രമങ്ങള്‍. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തല്‍, ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്.

കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് നിലവില്‍ മലമുകളിലുള്ളത്. ഏതാനും പ്രദേശവാസികളും പര്‍വതാരോഹണ വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ട്. യുവാവിന് ഭക്ഷണവും വെള്ളവും മെഡിക്കല്‍ സൗകര്യവും എത്തിക്കാനാണ് ആദ്യ ശ്രമം.

ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഇന്നു രാവിലെ നടക്കും. സഹായിക്കാന്‍ പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീമിലെ അംഗങ്ങളും മലപ്പുറത്തുനിന്ന് രാത്രി എത്തി.

തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഡ്രോണില്‍ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അപകടം ഇങ്ങനെ

ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങി. വീഴ്ചയില്‍ കാലിനു പരുക്കേറ്റു.

അപകടശേഷം

കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. അഗ്‌നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രി മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ് തെളിച്ചും രാവിലെ ഷര്‍ട്ടുയര്‍ത്തിയും രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാന്‍ ശ്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.