above post ad local

കേന്ദ്രം നൽകിയതിൽ ചിലവാക്കിയത് വെറും ഒരു ശതമാനം, സംസ്ഥാനം നൽകിയതാകട്ടെ തൊട്ടുനോക്കിയില്ല: പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാർഷിക പദ്ധതി ചെലവിൽ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നിൽ. വാർഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചിട്ടും സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ കോർപ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്.

കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നൽകിയ തുകയിൽ ചെലവഴിച്ചത് ഒരു ശതമാനവും.

 

സംസ്ഥാന സർക്കാർ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് എൻജിനീയറിംഗ് വിഭാഗത്തിന്റെ കണക്ക്. 75.31 കോടി കൈവശമുണ്ടായിട്ടും തനത് ഫണ്ടിൽ നിന്ന് ചെലവാക്കിയത് 6.85 കോടി (9%). കൊവിഡിനെയും മഴയെയും പഴിചാരി പത്ത് മാസം വെറുതെയിരുന്ന ഭരണസമിതി, മുൻ വർഷങ്ങളെ അപേക്ഷിച്ച് പദ്ധതി ചെലവിൽ ഏറെ പിന്നോട്ടു പോകുമെന്ന ഭയത്തിലാണ്.

 

രണ്ടു മാസത്തിനുള്ളിൽ പദ്ധതി ചെലവ് പകുതിയെങ്കിലും പൂർത്തിയാക്കിയിരിക്കണമെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന് നൽകിയിരിക്കുന്ന കർശന നിർദേശം.

ബഡ്ജറ്റ് വിഹിതമായി 228 കോടി രൂപയും സ്പിൽ ഓവർ ഇനത്തിൽ 83 കോടി രൂപയും ഉൾപ്പെടെ 312 കോടി രൂപയുടെ പദ്ധതികൾക്കാണ് കോർപ്പറേഷന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഡിപ്പോസിറ്റ് പദ്ധതികൾക്കുള്ള ചെലവുകൾ ഉൾപ്പെടെ ഇതുവരെ ആകെ ചെലവ് 62 കോടി. അതായത് അടങ്കലിന്റെ 20 ശതമാനം മാത്രമാണ് ഈ ഇനത്തിലെ ചെലവ്.

ധനകാര്യ കമ്മിഷൻ വിഹിതമായി 22.02 കോടി ലഭിച്ചപ്പോൾ ചെലവഴിച്ചത് 1.69 കോടി (8%) മാത്രം. പട്ടിക വർഗ പദ്ധതിയിൽ 28ശതമാനം, പ്ലാൻ ഫണ്ട് 23 ശതമാനം എന്നിങ്ങനെയാണ് മറ്റു ചെലവുകൾ.

 

കഴിഞ്ഞ ജനുവരിയിൽ അധിക ഫണ്ടായി സർക്കാർ 67 കോടി കൂടി നൽകി. കുടിവെള്ളം, ശുചിത്വ മേഖലകളിലെ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് ധനകാര്യ കമ്മീഷൻ ഇനത്തിൽ 35 കോടി രൂപയും, മെയിന്റനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 9 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം നൽകി ഏപ്രിൽ മുതൽ പണം ചെലവഴിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും പദ്ധതി ചെലവ് കുറഞ്ഞത് ഭരണസമിതിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചതും രണ്ടു മാസത്തെ തുടർച്ചയായ മഴയുമാണ് ചെലവ് കുറയാൻ കാരണമെന്നാണ് വിശദീകരണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.