above post ad local

സ്പീക്കര്‍ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്‌ന; മൊഴി പുറത്ത്

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിനൊപ്പം സമർപ്പിച്ച മൊഴിപകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പീക്കർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഈ മൊഴികളിലുള്ളത്. ഡിസംബർ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലിൽവെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർക്ക് മുമ്പാകെ സ്വപ്ന നൽകിയ മൊഴിയാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കർ പറഞ്ഞത്. സരിത്തിനൊപ്പമാണ് താൻ സ്പീക്കറെ കാണാൻ ഫ്ളാറ്റിലേക്ക് പോയത്. എന്നാൽ അദ്ദേഹത്തിന്റെ താത്പര്യങ്ങൾക്ക് വിസമ്മതിച്ചപ്പോൾ മിഡിൽ ഈസ്റ്റ് കോളേജിൽ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാർഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് കോളേജിൽ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും, പേട്ടയിലെ ഫ്ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും അദ്ദേഹത്തിന്റേതാണെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എല്ലായ്പ്പോഴും തന്നോട് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നു. സരിത്തിന് സ്പീക്കർ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താൻ സാക്ഷിയാണ്. ഇതിന് മുമ്പാണ് സരിത്തും സന്ദീപും അവരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം താനാണ് സ്പീക്കറെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്.താൻ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. തുടർന്ന് സരിത്തിനോടും സന്ദീപിനോടും സ്പീക്കറെ നേരിട്ടുപോയി ക്ഷണിക്കാൻ ആവശ്യപ്പെട്ടു. വിലകൂടിയ ഒരു വാച്ചുമായാണ് സരിത്തും സന്ദീപും സ്പീക്കറുടെ ഓഫീസിൽ പോയത്. സ്പീക്കർ അവരുടെ ക്ഷണം സ്വീകരിച്ച് ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചു. ഇതിലൂടെയാണ് സ്പീക്കർ സന്ദീപും സരിത്തുമായി കൂടുതൽ അടുത്തത്.

സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം കേരള സ്റ്റാർട്ട് അപ്പ് മിഷൻ വഴി പ്രമോട്ട് ചെയ്യാൻ സ്പീക്കർ എം.ശിവശങ്കറോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ മേഖലയിലേക്ക് പ്രവേശിക്കണമെങ്കിൽ ആദ്യം കുറച്ച് കെ.എസ്.ആർ.ടി.സി. ബസുകൾ സൗജന്യമായി ഡീകാർബണൈസ് ചെയ്തുനൽകാൻ അവർ ആവശ്യപ്പെട്ടു. ഇതിനുശേഷം സംസ്ഥാനമാകെ ഇത്തരം പ്രവൃത്തികൾക്കുള്ള കരാർ നൽകാമെന്നും പറഞ്ഞു.

യുഎഇ കോൺസുലേറ്റിന്റെ ഒരു പരിപാടിയിൽവെച്ചാണ് സ്പീക്കറെ താൻ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ മൊബൈൽ നമ്പർ വാങ്ങി. പിന്നീട് പതിവായി വിളിക്കാനും വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കാനും തുടങ്ങി. നിരവധി തവണ അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. തന്റെ കാലാവധി കുറച്ചുനാളത്തേക്കാണെന്നും ഇതിനുള്ളിൽ കുറച്ച് സമ്പാദ്യം ഉണ്ടാക്കണമെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യം കോൺസുൽ ജനറലിനോട് പറയാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇതേകാര്യം താൻ കോൺസുൽ ജനറലിനോട് പറയുകയും അവർ തമ്മിൽ ബന്ധപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ സംഘത്തിന് യുഎഇ കോൺസുലേറ്റിൽ നടന്ന എല്ലാ അനധികൃത സംഭവങ്ങളെക്കുറിച്ചും അറിയാമായിരുന്നു.താൻ എന്ത് ചെയ്താലും അതെല്ലാം മുഖ്യമന്ത്രിയുടെയും രവീന്ദ്രന്റെയും അറിവോടെയും പിന്തുണയോടെയുമാണെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ഊരാളുങ്കലിന് ടെൻഡറില്ലാതെ പ്രധാന പദ്ധതികൾ നൽകുന്നതിന് അവർക്ക് ബിനാമികളിലൂടെ പ്രതിഫലം ലഭിച്ചിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.