above post ad local

റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്: റെയിൽവേ മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധം തീർക്കാൻ സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ റെയിൽവേ സിഗ്നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാർ അറസ്റ്റിൽ. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി ആറാട്ട്പൊയിൽ പ്രവീൺരാജ്(34), സുൽത്താൻബത്തേരി നെൻമേനി കോട്ടൂർ ജിനേഷ്(33) എന്നിവരാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായത്.ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേട്രാക്കിൽ അഞ്ചിടത്തായി സിഗ്നൽബോക്സിലെ വയറുകളാണ് മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രി 11.30-നാണ് സംഭവം.

ഇരുവരോടും 23-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിധിയിലെത്തി ജോലിചെയ്യാൻ കോഴിക്കോട് സീനിയർ സെക്ഷൻ എൻജിനിയർ(എസ്.എസ്.ഇ.) ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്ട് ആളില്ലാത്തതിനാലാണ് ഇരുവരെയും വിളിപ്പിച്ചത്. ഇതിലുള്ള വിരോധം തീർക്കാനാണ് സിഗ്നൽ മുറിച്ചതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സിഗ്നൽ കമ്പികൾ മുറിച്ചുമാറ്റി പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കി വെക്കുകയായിരുന്നു. എസ്.എസ്.ഇ. പരുഷമായി പെരുമാറിയതിലുള്ള വിരോധം തീർക്കാനാണിതെന്നും ഇരുവരും അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

ബുധനാഴ്ച രാത്രി കല്ലായിയിൽ അഞ്ച് സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചിടങ്ങളിൽ സിഗ്നൽ കമ്പികൾ മുറിച്ചുമാറ്റിയതായി കണ്ടെത്തി. സിഗ്നൽ തകരാറിലായതോടെ, കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ റെയിൽവേസ്റ്റേഷൻ പരിധികളിലായി വ്യത്യസ്ത സമയങ്ങളിലായെത്തിയ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. രണ്ട് മണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കിയത്.പിന്നീട്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിൽ വിദഗ്ധപരിശീലനം നേടിയവർക്ക് മാത്രമേ സിഗ്നൽ കമ്പികൾ ഇത്തരത്തിൽ മുറിച്ചുമാറ്റാൻ കഴിയൂവെന്ന് വ്യക്തമായി. രാത്രി സ്കൂട്ടറിൽ രണ്ടുപേർ എത്തിയതായി വീടിന് മുകളിൽ ടെറസിൽ കിടന്നുറങ്ങുകയായിരുന്ന ഒരാൾ മൊഴി നൽകിയതാണ് കേസിലെ നിർണായക വഴിത്തിരിവ്. ഇതോടെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി.

റെയിൽവേ ജീവനക്കാർക്കോ വയറിങ് ജോലി ചെയ്ത കരാർ ജീവനക്കാർക്കോ മാത്രമേ വയറുകൾ ഈ രീതിയിൽ മുറിച്ചുമാറ്റാൻ സാധിക്കൂവെന്ന് അന്വേഷണസംഘം പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സിഗ്നൽ ആൻഡ് ടെലിക്കമ്യൂണിക്കേഷൻ ജീവനക്കാർ തന്നെയാണ് ഇവ മുറിച്ചുമാറ്റിയതെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് ഇരുവരും പിടിയിലായത്.

സാധാരണഗതിയിൽ ഇത്തരത്തിൽ വയറുകൾ മുറിച്ചാൽ സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന സിഗ്നലാണ് കാണുക. എന്നാൽ, മനഃപൂർവം മുറിച്ച് മാറ്റി നിലവിലെ സിഗ്നൽ തെറ്റായി ക്രമീകരിച്ച് വെച്ചതിനാൽ സ്റ്റേഷൻ മാസ്റ്റർക്ക് ഇത് മനസ്സിലാകില്ല. പച്ച സിഗ്നൽ കൊടുത്താലും സിഗ്നൽ മഞ്ഞയിൽത്തന്നെ തുടരും. മഞ്ഞ സിഗ്നൽ വരുന്നതോടെ തീവണ്ടികൾ നിർത്തിയിടുകയും ചെയ്യും.കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശനിയാഴ്ച ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇരുവരും ചെയ്തതെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയിൽവേ ആക്ട് 174, 153 വകുപ്പുകളിലായിട്ടാണ് കേസ്. യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചതിനും തീവണ്ടികൾ വൈകിയതിനും മനഃപൂർവം സിഗ്നൽ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ് യാദവ്, എസ്.ഐ.കെ.എം. സുനിൽകുമാർ, ഹെഡ്കോൺസ്റ്റബിൾ എം. ദിലീപ്കുമാർ, കോൺസ്റ്റബിൾ എസ്. സജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.