above post ad local

ഇരട്ടവോട്ടിനാൽ അടി, തിരിച്ചടി; പ്രചാരണം വഴിമാറ്റുന്നു

കോഴിക്കോട്:ഇരട്ടവോട്ടിന്റെയും വ്യാജവോട്ടിന്റെയും പേരിലുള്ള പരാതികൾ കോടതി കയറുമ്പോൾ അതിനെച്ചൊല്ലിയുള്ള രാഷ്ട്രീയപോരും കനക്കുകയാണ്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള അട്ടിമറിയാണിതെന്ന് പ്രതിപക്ഷ ആരോപണത്തെ അതേ രീതിയിൽ നേരിടുകയാണ് ഇടതുമുന്നണി. നാലര ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള രണ്ട് വോട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം.

കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർഥി എസ്.എസ്. ലാൽ, എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദ് എന്നിവർക്കും ഇരട്ടവോട്ടുകൾ ഉള്ളതായി സി.പി.എം. കണ്ടെത്തി. ഇതോടെ ഇരട്ടവോട്ടിന്റെ പേരിലുള്ള അടിയും തിരിച്ചടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം പോലും മാറ്റുകയാണ്.

വോട്ടർ പട്ടികയിലുണ്ടായത് സ്വാഭാവികമായ ചില പോരായ്മകൾ മാത്രമാണെന്നും മുൻകാലത്തും ഇത്തരം അപാകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷൻ പറയുന്നുണ്ട്. എന്നാൽ എ.ഐ.സി.സി. നേതൃത്വം ഇടപെട്ടതോടെ ഗൗരവതരമായ നടപടികൾക്ക് അധികൃതരും നിർബന്ധിതരാവുകയാണ്. ബി.ജെ.പിയും ഈ യുദ്ധത്തിൽ അണിനിരന്നിട്ടുണ്ട്.പ്രചാരണരംഗത്തെ മുഖ്യ വിഷയമായി ഇടതുമുന്നണി ഉയർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പിന്നിലേക്ക് തള്ളുന്നതാണ് വോട്ടർ പട്ടിക വിവാദം. ഇടതുനേതാക്കളെ പ്രകോപിപ്പിക്കുന്നത് ഇതാണ്. ഇരട്ട വോട്ട് പ്രശ്നം സജീവമാക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കേണ്ട ദൗത്യം കൂടി ഇടതുമുന്നണി പ്രവർത്തകർക്കുണ്ട്. ഇതോടെയാണ് പ്രാദേശിക തലത്തിൽതന്നെ പരിശോധന നടത്തി ചില ഇരട്ടവോട്ടുകൾ കണ്ടെത്തിയത്.

ഇരട്ടവോട്ട് വിവാദം യു.ഡി.എഫ്. സ്ഥാനാർഥികൾ നേരത്തേ ഏറ്റെടുത്തിരുന്നു. ഓരോ മണ്ഡലത്തിലും വലിയ തോതിൽ ഇരട്ടവോട്ടുകളുണ്ടെന്ന് അവർ എടുത്തുകാട്ടുന്നു. ഇതേ വിഷയം ഉയർത്തി ബി.ജെ.പിയും കോടതിയിലെത്തിയിട്ടുണ്ട്. തങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ ഇരട്ടവോട്ടുകൾ വ്യാപകമാണെന്നാണ് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ ആക്ഷേപം.

ഇരട്ടവോട്ടിൽ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്ന് ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിശദീകരിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുക്കാൻ പ്രതിപക്ഷവും തയ്യാറാവുന്നില്ല.

പ്രതിപക്ഷ നേതാവിനെതിരേ സി.പി.ഐ. മുഖപത്രം

പ്രതിപക്ഷ നേതാവ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കുള്ള അന്നമായിട്ടേ കരുതാനാകൂ എന്നാണ് സി.പി.ഐ. മുഖപത്രം വെള്ളിയാഴ്ച മുഖപ്രസംഗത്തിലൂടെ ആരോപിച്ചത്. തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമായി കൂടിയാലോചനകളിലൂടെ പിഴവുകൾ തിരുത്തുന്നതിനുള്ള ഇടപെടൽ നടത്തുന്നതാണ് മാന്യത. പ്രതിപക്ഷ നേതാവ് വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാകും വിധമാണെന്നും മുഖപ്രസംഗം പറയുന്നു.

കോവിഡ് പശ്ചാത്തലത്തിൽ പേര് ചേർക്കലിനും പിഴവുകൾ കണ്ടെത്തുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർക്ക് പരിമിതികളുണ്ടായിരുന്നു. ആക്ഷേപം ഉന്നയിക്കാൻ സമയം അനുവദിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കിൽ പോലും പാടില്ലാത്തതാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.