above post ad local

കോവിഡ് അതിവ്യാപനം; എറണാകുളത്ത് വീണ്ടും വ്യാപക പരിശോധനാ ക്യാമ്പയിന്‍, വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ. പരിശോധന ശക്തമാക്കി കൂടുതൽ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ലഭ്യമായിട്ടുള്ള സാധാരണ കിടക്കകൾ, വെന്റിലേറ്റർ, ഓക്സിജൻ, ഐ.സി.യു എന്നീ വിഭാഗങ്ങളിലെ 20 ശതമാനം വീതം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കുന്നതിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിൻ ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി വീണ്ടും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, മറ്റ് ആൾക്കൂട്ടങ്ങളുമായി ഇടപെട്ടവർ, കൂടുതൽ രോഗബാധിതരാകാൻ സാധ്യതയുള്ളവർ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാമ്പയിൻ നടത്തുക. കൂടാതെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഫസ്റ്റ് ലൈൻ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കും. ജില്ലയിൽ നിലവിൽ ആവശ്യത്തിന് ഐ.സി.യു കിടക്കകൾ, വെന്റിലേറ്റർ സംവിധാനം, ഓക്സിജൻ കിടക്കകൾ എന്നിവ ലഭ്യമാണ്. പൊതു – സ്വകാര്യ ആശുപത്രികളിലായി ജില്ലയിൽ നിലവിൽ 3000 ഓക്സിജൻ കിടക്കകൾ, 1076 ഐ.സി.യു കിടക്കകൾ, 359 വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വാക്സിൻ ലഭിക്കുന്ന മുറക്ക് വാക്സിൻ വിതരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. യോഗത്തിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ സമഗ്രമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കും. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നിർണ്ണായകമായ പ്രവർത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയത്. ഈ മാതൃക പിന്തുടർന്നായിരിക്കും ജില്ലയിലെ പ്രവർത്തനം. ഇതിനായി ഓരോ പ്രാദേശിക ഭരണ സമിതികളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡോമിസൈൽ കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ ഉടൻ ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നൽകും. ഇത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയും പൂർത്തിയാക്കും. വാർഡ് തല സമിതികൾ ഓരോ വീടുകളും സന്ദർശിച്ച് ബോധവത്കരണവും ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തണം.അതേസമയം ആശുപത്രികൾ എത്രമാത്രം സജ്ജമാക്കിയാലും രോഗവ്യാപനത്തിനും പ്രതിരോധത്തിനും പൊതുജനങ്ങളും സർക്കാർ സംവിധാനത്തോടൊപ്പം നിൽക്കണം. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയുക, കൂട്ടം കൂടാതിരിക്കുക, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.