above post ad local

തൃശ്ശൂര്‍ പൂരം ചടങ്ങുമാത്രമായി നടത്താന്‍ ആലോചന

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലെത്തിച്ചേർന്നിരിക്കുകയാണ് ദേവസ്വങ്ങൾ.

ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെവ്വേറെ യോഗം ചേർന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ഉൾക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം.

ഇതിന്റെ പശ്ചാത്തലത്തിൽ കാണികളെ ഒഴിവാക്കിക്കൊണ്ട് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന നടക്കുന്നത്. പൂരം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികളെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. പൂരം നടത്തിപ്പിന് സർക്കാർ നിശ്ചയിച്ചിട്ടുളള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന തീരുമാനത്തിലേക്കും ദേവസ്വം ഭാരവാഹികൾ എത്തിച്ചേർന്നു.

പൂരം നടത്തിപ്പിന് ആരോഗ്യ സർവകലാശാല വിസി ചെയർമാനായി പ്രത്യേക മെഡിക്കൽ സമിതി രൂപവത്കരിച്ചു. വൈകീട്ട് നാലുമണിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമധാരണയാകും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.